ChuttuvattomKarimannorThodupuzha

തൊമ്മന്‍കുത്ത് റൂട്ടില്‍ ഇന്ന് സ്വകാര്യബസ് പണിമുടക്ക്

കരിമണ്ണൂര്‍ : നെയ്യശേരി-തോക്കുമ്പന്‍സാഡില്‍ റോഡിന്റെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നതായും വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലായ്മ മൂലം ജനങ്ങളും ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരും അനുഭവിക്കുന്ന ദുരിതത്തിനു പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് സ്വകാര്യബസുകള്‍ ഇന്നു സൂചനാ പണിമുടക്ക് നടത്തുമെന്ന് ബഹുജന സമരസമിതി ചെയര്‍മാന്‍ മനോജ് കോക്കാട്ട്, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ അറിയിച്ചു. കരാര്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനി വിവിധ ജോലികള്‍ പരിചയസമ്പന്നരല്ലാത്തവര്‍ക്ക് ഉപകരാര്‍ നല്‍കി നിര്‍മാണ പ്രവൃത്തിയില്‍ ഉദാസീനത കാണിക്കുകയാണ്.

മുളപ്പുറം പാലം ഇതുവരെ കരകവിഞ്ഞിട്ടില്ല. എന്നാല്‍ മുമ്പുണ്ടായിരുന്ന പാലത്തിന്റെ ഉയരം ഇരട്ടിയാക്കിയതുമൂലം ഇരുവശവും ഏറെ ദൂരം മണ്ണിട്ടുനികത്തേണ്ട സാഹചര്യമാണ്. പാലത്തി ന്റെ അസ്തിവാരം താഴ്ത്തി നിര്‍മിക്കാത്തതുമൂലം അടിഭാഗത്ത് അഞ്ചടി താഴ്ചയില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. സ്വാഭാവിക നീരൊഴുക്ക് തടസപ്പെടുത്താന്‍ അനുമതിയില്ലാത്ത സാഹചര്യത്തില്‍ ഇപ്രകാരം നിര്‍മാണം നടത്തുന്നത് എന്തടിസ്ഥാനത്തിലാണെന്നു പരിശോധിക്കണം. റോഡ് ടെന്‍ഡര്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ പാലം പൊളിക്കുന്ന ജോലിയാണ് ആദ്യം ചെയ്തത്. ഇതുമൂലം മൂന്നു കിലോമീറ്ററോളം അധികം ചുറ്റിസഞ്ചരിച്ചാണ് സ്വകാര്യബസുകള്‍ സര്‍വീസ് നടത്തുന്നത്. ഈ റോഡില്‍ ടാറിംഗ് അല്‍പം പോലും ഇല്ലാതെ പൂര്‍ണമായി തകര്‍ന്നിരിക്കുകയാണ്. പ്രദേശത്ത് പൊടിശല്യം രൂക്ഷമായതോടെ നാട്ടുകാര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.

താത്കാലികമായി ഉപയോഗിക്കുന്ന റോഡ് ഗതാഗതയോഗ്യമാക്കി നല്‍കണമെന്ന വ്യവസ്ഥ പാലിക്കുന്നില്ല. റോഡ് തകര്‍ന്നതുമൂലം സ്വകാര്യബസ് ജീവനക്കാര്‍ക്ക് സമയത്ത് ഓടിയെത്താന്‍ കഴിയാതെ കനത്ത നഷ്ടമാണ് പലപ്പോഴും ഉണ്ടാകുന്നത്. വാഹനത്തിനു കേടുപാടുകള്‍ സംഭവിക്കുന്നതും പതിവാണ്. കെഎസ്ടിപി, വൈദ്യുതിവകുപ്പ്, ജലവിഭവ വകുപ്പ്, വനംവകുപ്പ് എന്നിവര്‍ തമ്മിലുള്ള ഏകോപനമില്ലായ്മ മൂലം നാളുകളായി ജനങ്ങള്‍ ദുരിതം അനുഭവിക്കേണ്ട ഗതികേടിലാണ്.

ഒരു വര്‍ഷം മുന്‍പ് പൊളിച്ച മുളപ്പുറം പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് തുറന്നുനല്‍കാത്തത് ആരെ സഹായിക്കാനാണെന്നു വ്യക്തമാക്കണം. പാലംവരെയുണ്ടായിരുന്ന ടാറിംഗ് ജെസിബിക്ക് ഇളക്കി ഒരുവാഹനത്തിനും സഞ്ചരിക്കാന്‍ കഴിയാത്ത വിധം നശിപ്പിച്ചതും ദുരൂഹമാണ്. റോഡ് നിര്‍മാണം നീട്ടിക്കൊണ്ടുപോയി നിലവിലുള്ള കരാര്‍തുക ഉയര്‍ത്താനുള്ള ശ്രമം നടക്കുന്നതായും സംശയമുയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാനും കോട്ട-മിഷന്‍കുന്ന് റോഡ് ഗതാഗത യോഗ്യമാക്കാനും അടിയന്തര നടപടി ഉണ്ടാകണം. ഇക്കാര്യത്തില്‍ അലംഭാവം തുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തുവരുമെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!