ChuttuvattomThodupuzha

ഉടുമ്പന്നൂര്‍, ചീനിക്കുഴി പ്രദേശങ്ങളില്‍ സ്വകാര്യബസുകള്‍ രാത്രി സര്‍വീസുകള്‍ മുടക്കുന്നു

തൊടുപുഴ : ഉടുമ്പന്നൂര്‍, ചീനിക്കുഴി പ്രദേശങ്ങളിലേക്കുള്ള സ്വകാര്യബസുകള്‍ രാത്രിസമയങ്ങളില്‍ സര്‍വീസ് മുടക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു.രാത്രി 7.45 കഴിഞ്ഞാല്‍ ചീനിക്കുഴി ഭാഗത്തേക്ക് ഒരു സ്വകാര്യബസുപോലും സര്‍വീസ് നടത്താത്ത സാഹചര്യമാണ്. നേരത്തേ രാത്രി 8.30നും 9.15നും സ്വകാര്യബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. രാത്രി സമയങ്ങളില്‍ ബസുകള്‍ ഇല്ലാത്തതിനാല്‍ നിരവധി യാത്രക്കാരാണ് വലയുന്നത്. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും ജോലി കഴിഞ്ഞ് മടങ്ങുന്നവര്‍ രാത്രി സമയങ്ങളില്‍ ബസ് ലഭിക്കാതെ നഗരത്തില്‍ കുടുങ്ങുന്ന സ്ഥിതിയാണ്. സ്ത്രീ യാത്രക്കാരാണ് കൂടുതല്‍ വലയുന്നത്. എറണാകുളം, കോട്ടയം പ്രദേശങ്ങളില്‍ നിന്നു വീട്ടിലേക്ക് മടങ്ങുന്നതിനായി തൊടുപുഴയിലെത്തുന്നവരും സമാന ദുരിതമാണ് അനുഭവിക്കുന്നത്.

500 രൂപ മുതല്‍ 700 രൂപവരെ മുടക്കി ഓട്ടോറിക്ഷ വിളിച്ച് വീട്ടില്‍ പോകേണ്ട സാഹചര്യവും ഉണ്ടാകുന്നതായി യാത്രക്കാര്‍ പറയുന്നു. സര്‍വീസ് മുടക്കുന്ന സ്വകാര്യബസുകള്‍ക്കെതിരേ അധികൃതര്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതുമൂലമാണ് മാസങ്ങളായി സര്‍വീസ് ഇല്ലാതാകാന്‍ കാരണമെന്നും ആക്ഷേപമുണ്ട്. നിലവില്‍ പെര്‍മിറ്റുള്ളവര്‍ സര്‍വീസ് നടത്താന്‍ തയാറായില്ലെങ്കില്‍ പെര്‍മിറ്റ് റദ്ദ് ചെയ്യുകയും രാത്രി യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ കെഎസ്ആര്‍ടിസി ഉടുമ്പന്നൂര്‍- ചീനിക്കുഴി റൂട്ടില്‍ സര്‍വീസ് നടത്തണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിനിടെ സര്‍വീസ് നടത്താത്ത ചില സ്വകാര്യബസുകള്‍ക്കെതിരേ മോട്ടോര്‍വാഹന വകുപ്പ് നടപടി സ്വീകരിക്കുമ്പോഴും ചീനിക്കുഴി റൂട്ടിലെ ബസുകള്‍ക്കെതിരേ നടപടി സ്വീകരിക്കാറില്ല. രാത്രി സര്‍വീസുകള്‍ മുടക്കി യാത്രക്കാരെ പെരുവഴിയിലാക്കുന്ന സ്വകാര്യബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗതാഗതമന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്ന് യാത്രക്കാര്‍ അറിയിച്ചു.

കര്‍ശന നടപടി വേണം : പിഎസ്എസ്

തൊടുപുഴ: സര്‍വീസുകള്‍ മുടക്കുന്ന സ്വകാര്യബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പൗരാവകാശ സംരക്ഷണ സമിതി നേതൃയോഗം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ-തൊടുപുഴ-പാലാ-കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യബസ് സര്‍വീസ് മുടക്കുന്നതുമൂലം യാത്രക്കാര്‍ വലയുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

ട്രിപ്പുകള്‍ മുടക്കുന്ന ബസുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് നിലവിലുള്ളപ്പോഴാണ് നിയമലംഘനം നടത്തുന്നതെന്നും സമിതി ചൂണ്ടിക്കാട്ടി. ചെയര്‍മാന്‍ ചാക്കോ ആറ്റുപിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജയകുമാര്‍ വിജയന്‍,എ. മധുസൂദനന്‍നായര്‍, വേണുഗോപാല്‍,അഡ്വ.എം.കെ.മുനീര്‍, ബെന്നി പുളിയനാല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!