Thodupuzha

പി.ടി എനിക്ക് പ്രചോദനവും വഴികാട്ടിയും: ഡീന്‍ കുര്യാക്കോസ് എം.പി

 

 

തൊടുപുഴ: തന്റെ ജീവിതത്തിലെ എല്ലാമെല്ലാമായിരുന്ന പി.ടി പ്രചോദനവും വഴികാട്ടിയുമായിരുന്നെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. അദ്ദേഹത്തിന്റെ മരണം ഞങ്ങളുടെ തലമുറയിലെ യുവനേതാക്കള്‍ക്കെല്ലാം ഊര്‍ജവും പ്രചോദനവും കര്‍മശേഷിയും വമിപ്പിക്കുന്ന സ്രോതസിനെ ആണ് ഇല്ലാതാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ ഒക്കെ ഏറെ പരിമിതമായ മലയോരത്തെ കൊച്ചു ഗ്രാമത്തില്‍ നിന്നും കേരള രാഷ്ര്ടീയത്തിലെ വ്യതിരക്തമായ മുഖമായി മാറിയ പി.ടി എന്നെപ്പോലെയുളള സാധാരണക്കാരായ സംഘടനാ പ്രവര്‍ത്തകര്‍ക്ക് എന്നും ആവേശമായിരുന്നു. നാട്ടിന്‍പുറത്തെ സാധാരണ മലയാളം മീഡിയം സ്‌ക്കൂളില്‍ നിന്നും അടിസ്ഥാന വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് കടന്നുവരുമ്പോഴേക്കും നേതൃനിരയില്‍ സ്വപ്ന തുല്യമായ സ്ഥാനത്ത് എത്തി പ്പെടാന്‍ എന്നെപ്പോലെയുളളവര്‍ക്ക് പ്രേരണ നല്‍കിയത് ഇദ്ദേഹം മാത്രമാണ്. കെ.എസ്.യു പ്രവര്‍ത്തകനായ നാള്‍ മുതല്‍ സംഘടനാ പ്രവര്‍ത്തനത്തിന്റെയും നേതൃത്വത്തിന്റെയും വേറിട്ട വഴികളിലൂടെ കൈപിടിച്ചുനടത്തിയത് പി.ടി. ആയിരുന്നു. കൃത്യതയും കണിശതയും സംഘടനാ രംഗത്തും ജീവിതത്തിലും പുലര്‍ത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. കഠിനാധ്വാനവും ആത്മാര്‍ത്ഥതയും നിറഞ്ഞ പ്രവര്‍ത്തനം നടത്തിയാല്‍ സ്ഥാനങ്ങള്‍ നമ്മെ തേടി വരുമെന്നും ഉത്തമ ബോധ്യവും സത്യമായ കാര്യങ്ങള്‍ക്കായി ഉറച്ച നിലപാടുകള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു. സ്ഥാനമാനങ്ങള്‍ക്കു പുറകേ പോകാതെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി അതു തേടിയെത്തുമെന്ന് സ്വന്തം അനുഭവത്തിലൂടെ പഠിപ്പിച്ചു. തോല്‍ക്കുമ്പോഴും ജയിക്കുമ്പോഴും ഉത്തമമായ ജനപക്ഷത്തു നില്‍ക്കണമെന്നും പൊതുപ്രവര്‍ത്തനം അവിരാമമായ പോരാട്ടമാണെന്നും അദ്ദേഹം പകര്‍ന്നു നല്‍കിയ പാഠമാണ്. ജീവിതവഴികളില്‍ ധാര്‍മ്മികത കൈവിടരുതെന്നു മാത്രമാണ് എന്നും ഉപദേശിച്ചത്. ഒരു പാട് ആളുകള്‍ ഒഴിവാക്കാന്‍ ശ്രമിച്ചപ്പോള്‍ അത് പറ്റില്ല എന്ന് എനിക്ക് വേണ്ടി പറഞ്ഞതും പ്രിയപ്പെട്ട പി.ടി.യാണ്. അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ പലപ്പോഴും അതേ പടി നടപ്പിലാക്കാന്‍ സാധിക്കാത്തത് നീറുന്ന വേദനയായി അവശേഷിക്കുന്നു. കേരളരാഷ്ര്ടീയത്തിലെ പോരാട്ട വഴികളില്‍ ഹൃദയഹാരിയായി നിലകൊണ്ട പി.ടിക്ക് അന്ത്യാഭിവാദനങ്ങള്‍.

Related Articles

Back to top button
error: Content is protected !!