IdukkiLocal Live

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി ഞായറാഴ്ച : ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

ഇടുക്കി : പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി മാര്‍ച്ച് 3ന് നടക്കും. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലയിലെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.മനോജ് എല്‍. അറിയിച്ചു. അഞ്ചു വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് പോളിയോ വാക്‌സിന്‍ നല്‍കുന്നതിന് 1021 വാക്‌സിനേഷന്‍ ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നവജാത ശിശുക്കള്‍ ഉള്‍പ്പെടെയുള്ള 5 വയസ്സില്‍ താഴെ പ്രായമുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ വാക്‌സിന്‍ ലഭിക്കുന്നു എന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തണം.

മാര്‍ച്ച് 3ന് തിരഞ്ഞെടുക്കപ്പെട്ട ബൂത്തുകളില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ കുഞ്ഞുങ്ങള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കും. അന്ന് ലഭിക്കാത്തവര്‍ക്ക് 4, 5 തീയതികളില്‍ ഭവനസന്ദര്‍ശനത്തിലൂടെ വാക്‌സിന്‍ നല്‍കും. 69092 കുഞ്ഞുങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കുകയാണ് പരിപാടിയുടെ പ്രധാനലക്ഷ്യം. വാക്‌സിനേഷന്റെ സുഗമമായ നടത്തിപ്പിനായി 21 ട്രാന്‍സിസ്റ്റ് ബൂത്തുകളും 27 മൊബൈല്‍ ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി 120 സൂപ്പര്‍ വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ജില്ലയിലെ അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ക്കും ആദിവാസി മേഖലകളിലുള്ള കുഞ്ഞുങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഇടുക്കി മെഡിക്കല്‍ കോളേജില്‍ മാര്‍ച്ച് 3 ന് നടക്കും.

 

 

Related Articles

Back to top button
error: Content is protected !!