ChuttuvattomThodupuzha

കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തിലെ നവീകരിക്കപ്പെട്ട ശ്രീകോവിലില്‍ പുനഃപ്രതിഷ്ഠ ഇന്ന്

കാഞ്ഞിരമറ്റം: മഹാദേവക്ഷേത്രത്തിലെ നവീകരിക്കപ്പെട്ട ശ്രീകോവിലില്‍ ഇന്ന് പുനഃപ്രതിഷ്ഠ നടക്കും. രാവിലെ 8.15 മുതല്‍ 9.43 വരെയുള്ള കുംഭം രാശി ശുഭമുഹൂര്‍ത്തത്തിലാണ് പുനഃപ്രതിഷ്ഠ നിശ്ചയിച്ചിട്ടുള്ളത്. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട മണക്കാട്ട് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. പുലര്‍ച്ചെ 5 മുതല്‍ രക്ഷവിടര്‍ത്തി പൂജ, പ്രസാദ പ്രതിഷ്ഠ, വലിയപാണി തുടങ്ങി അതിവിശിഷ്ടമായ ചടങ്ങുകള്‍ നടന്നു. തുടര്‍ന്ന് ജീവകലശവും മറ്റു കലശങ്ങളും യജ്ഞശാലയില്‍ നിന്ന് ശ്രീകോവിലിലേയ്ക്ക് ആചാരപൂര്‍വ്വം എഴുന്നള്ളിക്കും. പ്രതിഷ്ഠാകര്‍മ്മത്തെ തുടര്‍ന്ന് കുംഭേശ നിദ്ര, ജീവകലശാഭിഷേകങ്ങള്‍, പ്രതിഷ്ഠാബലി, പ്രതിഷ്ഠാദക്ഷിണ തുടങ്ങിയ വൈദിക കര്‍മ്മങ്ങളും നടക്കും. തുടര്‍ന്ന് ക്ഷേത്രത്തില്‍ ചോറ്റാനിക്കര സത്യന്‍ നാരായണ മാരാരുടെ പ്രമാണത്തില്‍ സ്പെഷ്യല്‍ പഞ്ചവാദ്യവും നടക്കും. വൈകിട്ട് ദീപസ്ഥാനവും നിയമം നിശ്ചയിച്ച് നടയടക്കല്‍ ചടങ്ങും നടക്കും. ഇനിയുള്ള രണ്ടു നാളുകള്‍ മണ്ഡപത്തിലാണ് പൂജകള്‍ നടക്കുന്നത്. 25ന് പുലര്‍ച്ചെ 5 നാണ് ദേവനെ കണി കാണിച്ച് നടതുറക്കല്‍ നടക്കുന്നത്. ഉച്ചയ്ക്ക് 12 മുതല്‍ അയോധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകളുടെ ലൈവ് ബിഗ്സ്‌ക്രീന്‍ പ്രദര്‍ശനവും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രത്യേക ശ്രീരാമമണ്ഡപം ഒരുക്കി നാമജപവും പ്രസാദവിതരണവും പ്രാണപ്രതിഷ്ഠയ്ക്കു ശേഷം നടക്കും.

വൈകിട്ട് 5 ന് അരങ്ങില്‍ പ്രബന്ധചൂഢാമണി പൊതിയില്‍ നാരായണചാക്യാരുടെ ചാക്യാര്‍കൂത്തും തുടര്‍ന്ന് പദ്മരാഗം ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനമേള, കൊല്ലം കൃഷ്ണശ്രീ അവതരിപ്പിക്കുന്ന സ്റ്റേജ് സിനിമ ഭീമപര്‍വം എന്നിവയും അരങ്ങേറും. പ്രതിഷ്ഠാ മഹോത്സവം നടക്കുന്ന എല്ലാ ദിവസവും എത്തിച്ചേരുന്ന എല്ലാ ഭക്തര്‍ക്കും ഉച്ചയ്ക്ക് മഹാപ്രസാദമൂട്ടും വൈകിട്ട് അത്താഴവും ക്ഷേത്രത്തിന്റെ ഊട്ടുപുരയില്‍ നടത്തിവരുന്നുണ്ട്. 23ന് ചൊവ്വാഴ്ച രാവിലെ 5 മുതല്‍ മണ്ഡപത്തില്‍ വിവിധ പൂജകളും പരിവാര പ്രതിഷ്ഠകള്‍, മാതൃക്കല്ല് പ്രതിഷ്ഠ, വലിയ ബലിക്കല്ല് പ്രതിഷ്ഠ, ഉപദേവതകള്‍ക്ക് കലശം തുടങ്ങിയ ചടങ്ങുകളും നടക്കും. വൈകിട്ട് വേദിയില്‍ തിരുവാതിര, വിളക്ക് ഡാന്‍സ്, കുച്ചിപ്പുടി എന്നീ നൃത്തപപരിപാടികളും കൊച്ചിന്‍ തരംഗിണിയുടെ ഗാനമേളയും നടക്കും.

 

Related Articles

Back to top button
error: Content is protected !!