ChuttuvattomThodupuzha

മുനിസിപ്പല്‍ ചെയര്‍മാന്റെ രാജി : സിപിഎം നേതൃത്വം അഴിമതിക്കാരുടെ തടവറയിലെന്ന് യുഡിഎഫ്

തൊടുപുഴ : ജില്ലയിലെ സിപിഎം നേതൃത്വം അഴിമതിക്കാരുടെ തടവറയില്‍ ആണെന്ന് യുഡിഎഫ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി നേതാക്കള്‍ ആരോപിച്ചു. കൈക്കൂലി കേസില്‍ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെയും അഴിമതി നടത്തിയ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ വി.വി മത്തായിയെയും രാജിയില്‍ നിന്നും ഇനിയും സംരക്ഷിച്ച് നിര്‍ത്തിയിട്ടുള്ളത് സിപിഎം ജില്ലാ കമ്മിറ്റിയാണ്. ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ടാല്‍ പാര്‍ട്ടിക്കെതിരെ കൂടി അഴിമതി ആരോപണങ്ങള്‍ നീളും എന്ന ഭീഷണിയാണ് പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഉയര്‍ത്തിയിട്ടുള്ളത്. രാജിക്കാര്യം ചര്‍ച്ചചെയ്യാന്‍ പോലും നേതൃത്വം തയ്യാറാകാത്തത് ഇതുകൊണ്ടാണ്. തൊടുപുഴ അര്‍ബന്‍ ബാങ്കില്‍ നിന്നും എട്ടു ലക്ഷം രൂപ വി.വി മത്തായിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് അനധികൃതമായി കൈമാറ്റം ചെയ്തുവെന്ന് റിസര്‍വ് ബാങ്ക് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുപോലും മത്തായിയെ പാര്‍ട്ടി ജില്ലാ നേതൃത്വം സംരക്ഷിച്ച് നിര്‍ത്തിയിരിക്കുകയാണ്. രാജിവെക്കാതെ നഗരസഭ ചെയര്‍മാനെ സംരക്ഷിക്കാനും അദ്ദേഹത്തെ ക്രിമിനല്‍ കേസില്‍ നിന്നും അന്വേഷണമധ്യേ ഒഴിവാക്കാനും ഉള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ പാര്‍ട്ടി നേതൃത്വം നടത്തുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.

Related Articles

Back to top button
error: Content is protected !!