KarimannorLocal Live

റോഡ് നിര്‍മ്മാണം അനന്തമായി നീളുന്നു ; പഴി പ്രദേശവാസികള്‍ക്ക്

കരിമണ്ണൂര്‍ : കാലാവധിക്കുള്ളില്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തതിന് പ്രദേശവാസികളുടെ മേല്‍ പഴിചാരി കെഎസ്ടിപിയും കരാര്‍ കമ്പനിയും. നെയ്യശേരി-തോക്കുമ്പന്‍ സാഡില്‍ റോഡ് നിര്‍മാണം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് പ്രദേശവാസികളുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും മേല്‍ പഴിചാരി രക്ഷപ്പെടാന്‍ നിര്‍മാണം ഏറ്റെടുത്ത കരാര്‍ കമ്പനിയും കെഎസ്ടിപിയും ശ്രമിക്കുന്നതായി പരാതിയുയര്‍ന്നത്. 137.8 കോടി രൂപയ്ക്കാണ് കരിമണ്ണൂര്‍ മുതല്‍ പട്ടയക്കുടി വരെയുള്ള 27കിലോമീറ്റര്‍ റോഡ് നിര്‍മ്മിക്കാന്‍ മൂവാറ്റുപുഴ ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയാണ് കരാറെടുത്തത്. രണ്ടു വര്‍ഷമായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള കാലാവധി.

എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും നാല്പത് ശതമാനം ജോലികള്‍പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇതേത്തുടര്‍ന്നാണ് കരാര്‍ കമ്പനി പ്രകോപനപരമായ നിലപാടിലേക്കു നീങ്ങിയത്. പ്രദേശവാസികളുടെ കുടിവെള്ളം മുടക്കുക, റോഡ് കുത്തിപ്പൊളിച്ച് പൊടിശല്യം രൂക്ഷമാക്കുക, ഗതാഗതതടസം സൃഷ്ടിക്കുക തുടങ്ങിയ നടപടികള്‍ പതിവായതോടെ പ്രദേശവാസികള്‍ പ്രതിഷേധിക്കാന്‍ തുടങ്ങി. പൊടിശല്യം രൂക്ഷമായതോടെ രണ്ടാഴ്ച മുമ്പ് പഞ്ചായത്തംഗം ബിബിന്‍ അഗസ്റ്റിന്റെ നേതൃത്വത്തില്‍ കമ്പനി ഓഫീസ് പടിക്കല്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചിരുന്നു.

പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് ഏഴു ദിവസം കുടിവെള്ളം മുടങ്ങിയതോടെ തകരാര്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട്  പ്രദേശവാസികള്‍ കമ്പനിയുടെ വാഹനം തടഞ്ഞു. ഇതോടെ കമ്പനി നിര്‍മ്മാണം തടസപ്പെടുത്തി എന്നുപറഞ്ഞ് കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കി. മനഃപൂര്‍വം കുടിവെള്ളം മുടക്കിയതിനും പ്രദേശവാസികളുടെ ഇടയിലേക്ക് അപകടകരമായ വിധം വാഹനം ഓടിച്ച് കയറ്റിയതിനുമെതിരെ പ്രദേശവാസികളും പോലീസില്‍ പരാതി നല്‍കി. സമയത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കരാര്‍ പ്രകാരം സര്‍ക്കാരിന് നഷ്ടം നല്‍കേണ്ടത് ഒഴിവാക്കാനും നിര്‍മ്മാണം വൈകിയത് തങ്ങളുടെ കുറ്റം കൊണ്ടല്ലെന്ന് സ്ഥാപിച്ച് ആര്‍ബിട്രേഷന്‍ വഴി കരാര്‍ തുക വര്‍ധിപ്പിക്കാനും കമ്പനി നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. റോഡ് നിര്‍മ്മാണത്തിന്റെ തുടക്കം മുതല്‍ പ്രദേശവാസികള്‍ കരാര്‍ കമ്പനിയുമായി നല്ല സഹകരണത്തിലായിരുന്നു. പിന്നീടാണ് കമ്പനിയുടെ ഭാഗത്തുനിന്നു പ്രകോപനപരമായ നടപടികള്‍ ഉണ്ടായതെന്നും ഇത് ഗൂഢലക്ഷ്യംവച്ചാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു.

 

Related Articles

Back to top button
error: Content is protected !!