Local LiveMoolammattam

മൂലമറ്റത്തും പുലിയെ കണ്ടതായി അഭ്യൂഹം

മൂലമറ്റം : മുട്ടത്തും കരിങ്കുന്നത്തിനും പുറമേ മൂലമറ്റത്തും പുലിയെ കണ്ടതായി അഭ്യൂഹം. ഇന്റര്‍മീഡിയറ്റ് ആഡിറ്റ് റോഡരുകില്‍ കുളത്തിനാല്‍ ഔസേപ്പച്ചന്റെ പുരയിടത്തിലെ തോട്ടത്തിലെ വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോള്‍ പുരയിടത്തിലൂടെ പുലി ഇറങ്ങി വരുന്നതു കണ്ടെന്നാണ് ഇവര്‍ പറയുന്നത്. മറ്റത്തില്‍ ശശിയും ഭാര്യ തങ്കമ്മയുമാണ് ഇതിനെ കണ്ടത്. തോട്ടം തെളിച്ചിരുന്നതുകൊണ്ട് മൃഗത്തെ വ്യക്തമായി കണ്ടെന്നും ഇത് പുലി തന്നെയാണെന്നും ഇരുവരും ഉറപ്പിച്ചു പറയുന്നു. ശശിയും തങ്കമ്മയും പിന്നീട് വീട്ടിലെത്തിയ ശേഷം വാര്‍ഡ് മെമ്പര്‍ സിനി തോമസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇവരുടെ പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം നല്‍കി ഉദ്യോഗസ്ഥര്‍ മടങ്ങി.

തിങ്കളാഴ്ച രാത്രി ആശാരിപറമ്പില്‍ നാരായണന്റെ വീട്ടില്‍ നായുടെ കുര കേട്ട് വീട്ടുകാര്‍ ഇറങ്ങി നോക്കിയപ്പോള്‍ അജ്ഞാത ജീവി ഓടിപ്പോകുന്നതു കണ്ടു. വനംവകുപ്പധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാല്‍പ്പാടുകള്‍ കണ്ടെത്താനായില്ല.
മാസങ്ങള്‍ക്കു മുമ്പ് ഇതിന് സമീപത്തുള്ള അഞ്ചാനിക്കല്‍ റെന്നിയുടെ മുറ്റത്ത് പൂച്ചയെ പിടിക്കാന്‍ വന്ന പുലിയെ കണ്ടതായി റെന്നി പറഞ്ഞെങ്കിലും ഇതാരും മുഖവിലയ്‌ക്കെടുത്തിരുന്നില്ല. ഇപ്പോള്‍ കൂടുതല്‍ പേര്‍ പുലിയെ കണ്ടതായി വിവരം നല്‍കിയതോടെ പ്രദേശവാസികള്‍ ഭീതിയിലായി. പുലിയെ കണ്ടതായി പറയപ്പെടുന്ന സ്ഥലങ്ങളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.റബര്‍ ടാപ്പിംഗ് തൊഴിലാളികളാണ് പുലിയെന്നു സംശയിക്കുന്ന ജീവിയെ ആദ്യം കാണുന്നത്.

 

 

Related Articles

Back to top button
error: Content is protected !!