ChuttuvattomThodupuzha

പട്ടികവര്‍ഗ്ഗ യുവാവിനെ കള്ളക്കേസില്‍ കുടുക്കിയത് : അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ തെളിവെടുപ്പ് നടത്തി

തൊടുപുഴ : പട്ടികവര്‍ഗ്ഗ യുവാവിനെ കഞ്ചാവ്-ഹാഷിഷ് ഓയില്‍ കേസില്‍ കുടുക്കി വീടുകയറി മര്‍ദ്ദിച്ചതില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ തെളിവെടുപ്പ് നടത്തി.മുട്ടം, എള്ളുംപുറം സെറ്റില്‍മെന്റിലെ പട്ടികവര്‍ഗ്ഗ യുവാവ് സിറില്‍ ജോണ്‍സണെ കളവായി കഞ്ചാവ്-ഹാഷിഷ് ഓയില്‍ കേസില്‍ കുടുക്കി വീടുകയറി മര്‍ദ്ദിച്ച മൂലമറ്റം റേയിഞ്ച് എക്‌സൈസ് ഇന്‍പെക്ടര്‍ കെ. അഭിലാഷിനും പ്രിവന്റീവ് ഓഫീസര്‍ കുഞ്ഞുമുഹമ്മദിനും സംഘത്തിനുമെതിരെ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ എക്‌സൈസ് ഇന്റലിജന്റ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സെന്‍ട്രല്‍ സോണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ബെഞ്ചമിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി.

തന്നോട് വിരോധമുള്ള അരിപ്ലാവന്‍ ഫൈനാന്‍സ് ഉടമ സിബി തോമസിന്റെ അന്യായ സ്വാധീനത്തിനുവഴങ്ങി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ അതിക്രമിച്ചുകയറി മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയുമായിരുന്നുവെന്നും, കഞ്ചാവ്
കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിക്കുകയോ ഓട്ടോറിക്ഷാ കടത്തിക്കൊണ്ടുപോയി നശിപ്പിക്കുകയോ ചെയ്യുന്നതിന് രണ്ട് ആളുകളെ ഏര്‍പ്പാടാക്കി കൊടുക്കണമെന്ന് അരിപ്ലാവന്‍ ഫൈനാന്‍സ് ഉടമ സിബി തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.കെ. ബിജുവിനോട് ആവശ്യപ്പെട്ടിരുന്നതായും സിറില്‍ ജോണ്‍സണ്‍ അസി. എക്‌സൈസ് കമ്മീഷണര്‍ മുമ്പാകെ മൊഴി നല്‍കി. കേസിനാസ്പദമായ സംഭവം നടന്നത് 2023 ഒക്ടോബര്‍ 13-ാം തീയതിയാണ്. യുവാവിനെ 62 ദിവസം ജില്ലാജയിലില്‍ റിമാന്റ് ചെയ്തിരുന്നു.

സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് മുട്ടത്ത് പൗരപ്രതിഷേധം നടന്നിരുന്നു. വിവിധ കക്ഷി നേതാക്കള്‍, ദളിത് സംഘടനാ നേതാക്കള്‍, പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍, ചിന്തകനും എഴുത്തുകാരനുമായ സണ്ണി എം. കപിക്കാട്, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത പ്രതിഷേധത്തില്‍ സര്‍ക്കാരിനോട് സമഗ്രാന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസിന്റെ ഗൗരവസ്വഭാവം പരിഗണിച്ച് എത്രയുംവേഗം അന്വേഷണം പൂര്‍ത്തീകരിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ ബെഞ്ചമിന്‍ മാധ്യമപ്രവര്‍ത്തരെ അറിയിച്ചു.എള്ളുംപുറം ഊരുമൂപ്പന്‍ ടി.എ. ജേക്കബ്, മുന്‍പഞ്ചായത്ത് മെമ്പര്‍ പി.എസ്. സതീഷ്, ബ്ലേഡ് മാഫിയ വിരുദ്ധസമിതി ചെയര്‍മാന്‍ ജെയിംസ് കോലാനി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു തെളിവെടുപ്പ്.

Related Articles

Back to top button
error: Content is protected !!