AccidentChuttuvattomThodupuzha

സ്കൂൾ വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തില്‍പെട്ടു; 18 പേര്‍ക്ക് പരിക്ക്

തൊടുപുഴ: വിനോദയാത്രാ സംഘത്തിന്റെ ബസ് അപകടത്തില്‍പെട്ടു.വിമലാ പബ്ലിക് സ്‌കൂളില്‍ നിന്നും മൈസൂരുവിലേക്ക് വിനോദ യാത്ര പുറപ്പെട്ട ബസ് മഞ്ചേരിയില്‍ വൈദ്യുതി പോസ്റ്റിലും വീടിന്റെ മതിലിലും ഇടിച്ചുമാണ് അപകടമുണ്ടായത്. വിദ്യാർത്ഥികള്‍ ഉള്‍പ്പടെ 18 പേര്‍ക്ക് പരിക്കേറ്റു. തൊടുപുഴ വിമല പബ്ലിക്ക് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിന് കാവനൂര്‍ ചെങ്ങര മാടാരക്കുണ്ട് തടത്തില്‍ വളവിലാണ് അപകടം ഉണ്ടായത്. 14 വിദ്യാർത്ഥികള്‍ക്കും പ്രിന്‍സിപ്പലിനും രണ്ട് ബസ് ജീവനക്കാര്‍ക്കുമാണ് പരുക്കേറ്റത്.
സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ആയിഷ സുബൈര്‍, മീനു .വി നായര്‍, അന്‍സ മറിയം, ഐറിന്‍, അന്റിയ, പാര്‍വതി, സേറ എലിസബത്ത്, ആന്‍മരിയ ബിനു, നേഹ, അല്‍ഫോന്‍സ, മൈഥിലി, അനോള്‍, റീമ, ഹന, പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ എലൈസ് (55), അധ്യാപിക ഷീന, ബസ് ജീവനക്കാരായ ജൈമോന്‍ (52), സോജന്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.ചൊവ്വാഴ്ച രാത്രി എട്ടരയ്ക്കാണ് 114 വിദ്യാര്‍ഥികള്‍ അടങ്ങിയ സംഘം തൊടുപുഴയില്‍ നിന്ന് യാത്ര പുറപ്പെട്ടത്. മൂന്ന് ടൂറിസ്റ്റ് ബസുകളിലായിരുന്നു വിദ്യാർത്ഥികളുടെ യാത്ര. മൂന്ന് ബസുകളും ഒരുമിച്ചായിരുന്നു സഞ്ചരിച്ചിരുന്നത്. മഞ്ചേരിക്ക് സമീപം തടത്തില്‍ വളവ് തിരിഞ്ഞ ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മാടാരക്കുണ്ട് പാറപ്പുറത്ത് കരീമിന്റെ വീടിന്റെ മതിലില്‍ ഇടിക്കുകയായിരുന്നു. മതിലും വീടിന്റെ മുറ്റത്തെ ഷെഡും തകര്‍ന്നു. ഉറങ്ങുകയായിരുന്ന കരീമും കുടുംബവും ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ് ഉണര്‍ന്നത്. കുട്ടികളുടെ നിലവിളികേട്ട് ഓടിക്കൂടിയ പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബസ് അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് സംഘം യാത്ര റദ്ദാക്കി തൊടുപുഴയ്ക്ക് മടങ്ങി. വിദ്യാര്‍ഥികളുടെ പരിക്ക് ഗുരുതരമല്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!