ChuttuvattomThodupuzha

സെര്‍വര്‍ തകരാര്‍ : ജില്ലയിലും റേഷന്‍ മസ്റ്ററിംഗ് മുടങ്ങി

തൊടുപുഴ: സെര്‍വര്‍ തകരാറിനെ തുടര്‍ന്ന് റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഇന്നലെയും തടസം നേരിട്ടതോടെ പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ വലഞ്ഞു. ബയോമെട്രിക് കാര്‍ഡ് ഓതന്റിഫിക്കേഷന്‍ കൃത്യമായി നടക്കാത്തതാണ് കാരണം. മഞ്ഞ, പിങ്ക് കാര്‍ഡിലെ അംഗങ്ങള്‍ക്കാണ് കേന്ദ്രനിര്‍ദേശമനുസരിച്ച് റേഷന്‍ കടകളിലെ ഭക്ഷ്യവിതരണം നിറുത്തി വച്ച് ഇന്നലെ മുതല്‍ മൂന്ന് ദിവസത്തേക്ക് മസ്റ്ററിംഗ് തീരുമാനിച്ചത്. റേഷന്‍ കടകള്‍ക്ക് സമീപത്തുള്ള ക്ലബ്ലുകള്‍, ഗ്രന്ഥശാലകള്‍, അംഗനവാടികള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിലായിരുന്നു മസ്റ്ററിംഗ് ക്യാമ്പുകള്‍ സജ്ജമാക്കിയിരുന്നത്. കിടപ്പുരോഗികളെ ഉള്‍പ്പടെ മസ്റ്ററിംഗിന് എത്തിച്ചിരുന്നു. എന്നാല്‍, രാവിലെ ഒമ്പതരയോടെ തന്നെ സെര്‍വര്‍ പണിമുടക്കി. സര്‍വര്‍ തകരാറിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി തന്നെ മസ്റ്ററിംഗ് നിറുത്തിവയ്ക്കുകയായിരുന്നു.

ഇതോടെ മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് പിങ്ക് കാര്‍ഡുകാരുടെ ആധാര്‍ മസ്റ്ററിംഗ് തല്‍ക്കാലം മാറ്റിവച്ചു. തുടര്‍ന്ന് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രമായി മസ്റ്ററിംഗ് പുനരാംഭിച്ചെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. ചിലര്‍ക്ക് മാത്രമാണ് മസ്റ്ററിംഗ് നടത്താനായത്. സ്ത്രീകളും വൃദ്ധരുമടക്കം നൂറുകണക്കിനാളുകള്‍ വിവിധ കേന്ദ്രങ്ങളില്‍ മസ്റ്ററിംഗ് നടത്താനായി രാവിലെ മുതല്‍ എത്തിയിരുന്നു. മൂന്ന് ദിവസം മാത്രമാണ് മസ്റ്ററിംഗിനായി സമയം അനുവദിച്ചിരുന്നത് എന്നതിനാല്‍ പലരും ഒരു ദിവസത്തെ ജോലി കളഞ്ഞാണ് കാര്‍ഡിലെ അംഗങ്ങളുമായി ക്യാമ്പുകളില്‍ എത്തിയിരുന്നത്. ഏറെനേരം കാത്തുനിന്നിട്ടും മസ്റ്ററിംഗ് നടത്താനാവാതെ നിരവധിപേര്‍ നിരാശരായി മടങ്ങി.

പല സ്ഥലങ്ങളിലും കാര്‍ഡ് ഉടമകള്‍ പ്രതിഷേധവുമായി രംഗത്തുവന്നു. സെര്‍വര്‍ തകരാര്‍ പൂര്‍ണമായും പരിഹരിക്കാതെ ഇന്നലെ വീണ്ടും മസ്റ്ററിംഗ് ആരംഭിച്ചതാണ് പ്രശ്നത്തിനു കാരണമെന്ന് റേഷന്‍വ്യാപാരികള്‍ ആരോപിച്ചു. പലപ്പോഴും ഉപഭോക്താക്കളുടെ ശകാരവും തങ്ങള്‍ കേള്‍ക്കേണ്ടി വരുന്നുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഇ-പോസ് മെഷീനുകളുടെ ശേഷി വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇത്തരം നടപടികളുമായി മുന്നോട്ടു പോകാനാവു എന്നാണ് കടയുടമകള്‍ ചൂണ്ടിക്കാട്ടുന്നത്.മാര്‍ച്ച് 31ന് മുമ്പ് മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്നാണ് കേന്ദ്രനിര്‍ദ്ദേശം.

Related Articles

Back to top button
error: Content is protected !!