ChuttuvattomThodupuzha

കടുത്ത വരള്‍ച്ച: കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പ്രൊഫ. എം.ജെ ജേക്കബ്

തൊടുപുഴ : ജില്ലയില്‍ കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് വ്യാപകമായ കൃഷിനാശം സംഭവിക്കുകയാണെന്നും കര്‍ഷകര്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ് ആവശ്യപ്പെട്ടു. നാണ്യവിളകളായ ഏലം, ജാതി, ഗ്രാമ്പൂ, കൊക്കോ തുടങ്ങിയ കൃഷികള്‍ ആവശ്യത്തിനു വെള്ളം ലഭിക്കാതെ നശിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ ഏതാണ്ട് 60 ശതമാനത്തോളം കൃഷികള്‍ ഉണങ്ങി നശിച്ചിട്ടുണ്ട്. അമ്പതു ശതമാനത്തിലധികം കൃഷിനാശം സംഭവിച്ചാല്‍ ദുരിത ബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും അടിയന്തിര കേന്ദ്ര സഹായത്തിന് നിവേദനം നല്‍കുകയും ചെയ്യേണ്ടതാണ്.

ദുരന്തനിവാരണ നിയമപ്രകാരം സംസ്ഥാനങ്ങള്‍ക്ക് കൃഷിനാശത്തിന് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ രൂക്ഷമായ വരള്‍ച്ച ഉണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ കടമ നിര്‍വ്വഹിക്കാന്‍ തയ്യാറായിട്ടില്ല. സ്ഥിതിഗതികളുടെ ഗൗരവാവസ്ഥക്കനുസരിച്ച് അടിയന്തിരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇടുക്കി ജില്ലയിലെ പലപ്രദേശങ്ങളിലും രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്നുണ്ട്. അടിയന്തിരമായി കുടിവെള്ളം ലഭ്യമാക്കാന്‍ അധികൃതര്‍ തയ്യാറാകണം. ജില്ലയിലെ ഹൈറേഞ്ചിലെ പഞ്ചായത്തുകളില്‍ ബൃഹത്തായ ശുദ്ധജല വിതരണ പദ്ധതികള്‍ നടപ്പിലാക്കി കുടിവെള്ള ക്ഷാമത്തിന് ദീര്‍ഘകാല പരിഹാരം കാണാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!