ChuttuvattomThodupuzha

ശാന്തുകാട് സംരക്ഷിത കാവ്; ദേശീയ പരിസ്ഥിതി സെമിനാര്‍ 16ന്

തൊടുപുഴ: ശാന്തുകാട് സംരക്ഷിത കാവില്‍ ദേശീയ പരിസ്ഥിതി സെമിനാര്‍ 2024 സംഘടിപ്പിക്കുന്നു. 16ന് രാവിലെ 9.30ന് കാവ് അങ്കണത്തില്‍ അഖിലേന്ത്യ ഭിഷക് പ്രതിഭാ അവാര്‍ഡ് ജേതാവ് ഡോ. മാത്യൂസ് വെമ്പിള്ളില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് എം.പി തമ്പിക്കുട്ടന്‍ അധ്യക്ഷത വഹിക്കും. സെക്രട്ടറി പി.ബി ബിബിന്‍, എറണാകുളം ഫോറസ്റ്റ്‌സ് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ എ. ജയമാധവന്‍, സുജിത് ബേബി, ജാന്‍സി ജോമി തുടങ്ങിയവര്‍ പങ്കെടുക്കും.
2010ല്‍ സംസ്ഥാന വനം വകുപ്പ് സംരക്ഷിത വനമായി പ്രഖ്യാപിച്ച ശാന്തുകാട് കാവ് പരിസ്ഥിതി പഠിതാക്കളുടെ ശ്രദ്ധാകേന്ദ്രമാണ്. രണ്ട് സെഷനുകളായാണ് സെമിനാര്‍ ക്രമീകരണം. രാവിലെ 10.45ന് പരിസ്ഥിതി ബോധത്തിന്റെ അനിവാര്യതയെന്ന വിഷയത്തില്‍ മുവാറ്റുപുഴ നിര്‍മല കോളജ് ജന്തു ശാസ്ത്ര വിഭാഗം അസി. പ്രഫ. ജിജി ജോസഫ് പ്രബന്ധം അവതരിപ്പിക്കും. പരിസ്ഥിതി പ്രവര്‍ത്തകന്‍ ബിനോയ് പണ്ടപ്പിള്ളി മോഡറേറ്ററാകും. 12ന് പ്രകൃതിയും സസ്യജാലങ്ങളും എന്ന വിഷയം തേവര എസ്.എച്ച് കോളേജ് സസ്യശാസ്ത്ര വിഭാഗം അസി. പ്രഫ. ജിബി കുര്യാക്കോസ് അവതരിപ്പിക്കും. പരിസ്ഥിതി പ്രവര്‍ത്തകന്‍ തോമസ് തോമ്പ്രയില്‍ മോഡറേറ്ററാകും. 1.30ന് എരുമേലി ഗവ. ആയുര്‍വേദ ആശുപത്രിയിലെ ഡോ. എം. ഹരി പരിസ്ഥിതി ദര്‍ശനം ആധുനിക കാലത്ത് എന്ന വിഷയം അവതരിപ്പിക്കും. തൃപ്രയാര്‍ എന്‍.ഇ.എസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ. വി.എസ് റെജി മോഡറേറ്ററാകും. 2.30ന് തൊടുപുഴ ന്യൂമാന്‍ കോളജ് ജന്തുശാസ്ത്ര വിഭാഗം അസി. പ്രഫ. ജിഷ ജേക്കബ്, മൂവാറ്റുപുഴ നിര്‍മല കോളജ് ജന്തു ശാസ്ത്ര വിഭാഗം അസി. പ്രഫ. കെ.വി വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ കാവ് പര്യടനം. വൈകിട്ട് 3.30ന് സമാപന സമ്മേളനവും സര്‍ട്ടിഫിക്കറ്റ് വിതരണവും മന്ത്രി കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. മാത്യു കുഴല്‍നാടന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് എം.പി തമ്പിക്കുട്ടന്‍, കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. വി.എസ് റെജി, ഉപദേശക സമിതിയംഗം സജി കൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!