ChuttuvattomThodupuzha

ജില്ലയില്‍ പകര്‍ച്ചവ്യാധികളുടെ വ്യാപനം കൂടി ; താളം തെറ്റി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍

തൊടുപുഴ : ജില്ലയില്‍ പകര്‍ച്ചവ്യാധികളുടെ വ്യാപനം കൂടുന്നതായി കണക്കുകള്‍. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും പകര്‍ച്ചവ്യാധികളുടെ എണ്ണത്തില്‍ വര്‍ധന ഉള്ളതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജില്ലയില്‍ പകര്‍ച്ച വ്യാധികള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ചെന്നൈ സോണല്‍ ഡയറക്ടര്‍ ഡോ.രുചി ജെയിന്‍ കഴിഞ്ഞ ദിവസം ജില്ലയിലെത്തിയിരുന്നു. ആരോഗ്യവകുപ്പ് അധികൃതരും ജില്ലാ ഭരണകൂടവുമായി ചെന്നൈ സോണല്‍ ഡയറക്ടര്‍ ചര്‍ച്ച നടത്തി. കഴിഞ്ഞ ജനുവരി മുതല്‍ മാര്‍ച്ച് വരെ 87 ഡെങ്കിപ്പനി കേസുകളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഏപ്രില്‍, മെയ് മാസങ്ങളില്‍ ജില്ലയില്‍ ഡെങ്കിപ്പനി കേസുകളുടെ എണ്ണം കൂടിയതായാണ് ആരോഗ്യ വകുപ്പും സൂചിപ്പിക്കുന്നത്. വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍, വാത്തിക്കുടി, വണ്ണപ്പുറം, കോടിക്കുളം, കുമളി, നെടുങ്കണ്ടം, ഉടുമ്പന്‍ചോല, തൊടുപുഴ, ശാന്തന്‍പാറ, കഞ്ഞിക്കുഴി, കരുണാപുരം, ദേവികുളം, പീരുമേട്, ചക്കുപള്ളം എന്നിവിടങ്ങള്‍ ഹോട്ട് സ്പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ എലിപ്പനിയും മലമ്പനിയും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. വണ്ണപ്പുറം, പെരുവന്താനം, കല്ലാര്‍ വട്ടയാര്‍ എന്നിവിടങ്ങളില്‍ എലിപ്പനിയെന്ന സംശയത്തില്‍ മരണങ്ങളും ഉണ്ടായി. മൂന്നാര്‍, കരുണാപുരം, സന്യാസിയോട എന്നിവിടങ്ങളില്‍ മലമ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതിനു പുറമേ ചിക്കന്‍ പോക്സ്, വയറിളക്കരോഗങ്ങള്‍ എന്നിവയില്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ മൂന്നു മുതല്‍ നാലിരട്ടി വരെ വര്‍ധനയുണ്ടായി.

പ്രതിരോധം താളം തെറ്റുന്നു

പകര്‍ച്ചവ്യാധി നിയന്ത്രണ ചുമതല ഏകാരോഗ്യ പദ്ധതിയുടെ കീഴിലാക്കിയതോടെയാണ് നിയന്ത്രണം താളം തെറ്റിയതെന്ന് ആരോഗ്യവകുപ്പ് ജീവനക്കാര്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്ഥമായി പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചെങ്കിലും ഫലം കണ്ടില്ല. രോഗത്തിന്റെ തീവ്രത മുന്‍വര്‍ഷങ്ങളെക്കാള്‍ കൂടുകയാണ് ചെയ്തത്.

നിര്‍ജീവമായി ശുചിത്വ സമിതികള്‍

ഏകാരോഗ്യ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് സജീവമായിരുന്ന വാര്‍ഡ് തല ശുചിത്വ സമിതികള്‍ നിര്‍ജീവമായതും ആരോഗ്യ വകുപ്പ് ജീവനക്കാരെ വിശ്വാസത്തില്‍ എടുക്കാതെ ഏകാരോഗ്യത്തില്‍ വിരമിച്ച ജീവനക്കാരെ നിയമിച്ച് അവരെ ഉപയോഗിച്ച് വാര്‍ഡുകള്‍ തോറും ഏഴു കമ്മ്യൂണിറ്റി മെന്റര്‍മാരെയും 48 കമ്മ്യൂണിറ്റി വോളന്റിയര്‍മാരെയും നിയമിച്ചു. ഇവരുടെ നേതൃത്വത്തില്‍ പകര്‍ച്ചവ്യാധികള്‍ കണ്ടെത്താനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും തുടങ്ങി. പകര്‍ച്ചവ്യാധി നിയന്ത്രണ ജോലികള്‍ ചെയ്യാന്‍ ജീവനക്കാരെയും കമ്മ്യൂണിറ്റി വോളന്റിയര്‍മാരെയും കമ്മ്യൂണിറ്റി മെന്റര്‍മാരെയും പരിശിലിപ്പിക്കാന്‍ അരക്കോടിയോളം രൂപയാണ് ആരോഗ്യവകുപ്പ് കഴിഞ്ഞ മാര്‍ച്ചിനുള്ളില്‍ ചെലവഴിച്ചത്. എന്നിട്ടും പദ്ധതി പ്രയോജനപ്പെട്ടില്ലെന്നാണ് നിലവിലെ പകര്‍ച്ചവ്യാധികളുടെ വ്യാപനം സൂചിപ്പിക്കുന്നത്.

ഡെങ്കിപ്പനി : ജാഗ്രത വേണം

ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനിക്കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം. കൊതുക് വളരുന്നതിനുള്ള സാഹചര്യം വീടുകളിലോ, പരിസര പ്രദേശങ്ങളിലോ ഇല്ലെന്ന് ഉറപ്പ് വരുത്തണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടി നില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കണം. ജലക്ഷാമമുള്ള മേഖലയില്‍ വെള്ളം ശേഖരിച്ചുവയ്ക്കുന്ന പാത്രങ്ങളില്‍ കൊതുക് വളരാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളം മൂടി വച്ച് ഉപയോഗിക്കണം. ആഴ്ചയില്‍ ഒരു ദിവസം ഡ്രൈഡേ ആചരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍.മനോജ് , ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.ജോബിന്‍ ജി.ജോസഫ് എന്നിവര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!