ChuttuvattomThodupuzha

സഹപാഠിക്ക് സ്‌നേഹ വീടൊരുക്കി സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റംഗങ്ങള്‍

മുരിക്കാശേരി : സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സഹപാഠിക്കൊരു സ്‌നേഹവീട് പദ്ധതി പൂര്‍ത്തിയായി.വീടിന്റെ വെഞ്ചരിപ്പ് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികള്‍ സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളരാന്‍ വിദ്യാലയങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോര്‍ജ് തകിടിയില്‍ താക്കോല്‍ കൈമാറി.

നാലു കുട്ടികളുള്ള വീടിന്റെ ശോചനീയാവസ്ഥ മനസിലാക്കിയ എന്‍എസ്എസ് യൂണിറ്റംഗങ്ങള്‍ സഹപാഠിക്ക് ഒരു സ്‌നേഹവീട് എന്ന പേരില്‍ ഭവനം നിര്‍മിച്ചു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടികള്‍ക്ക് എന്‍എസ്എസ് വോളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ വ്യാപാരം നടത്തിയാണ് സംരംഭത്തിനായി ആദ്യം ധനസമാഹരണം നടത്തിയത്. മജീഷ്യന്‍ അമ്പാടിയുടെ നേതൃത്വത്തില്‍ വിവിധ സ്‌കൂളുകളില്‍ മാജിക് ഷോ അവതരിപ്പിക്കുകയും അതിലൂടെ ഭവന നിര്‍മാണത്തിലേക്ക് തുക സമാഹരിക്കുകയും ചെയ്തു.

കൂടാതെ കട്ടപ്പന,മൂവാറ്റുപുഴ കോതമംഗലം, അടിമാലി, ചെറുതോണി ടൗണുകളില്‍ കൂപ്പണുകള്‍ വിറ്റും ഫണ്ട് സമാഹരിച്ചു. 10 ലക്ഷം രൂപ മുടക്കിയാണ് നാലു മാസംകൊണ്ട് ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് നരിതൂക്കില്‍, പ്രിന്‍സിപ്പല്‍ ജോസഫ് മാത്യു, ഹെഡ്മാസ്റ്റര്‍ കെ.എസ്.സിബി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ സി. അനീറ്റ് എസ്എബിഎസ് , ട്രസ്റ്റിമാര്‍, പിടിഎ, അധ്യാപകര്‍, അനധ്യാപകര്‍ എന്‍എസ്എസ് വോളന്റിയേഴ്‌സ് എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!