IdukkiLocal Live

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടി : ജില്ലാ കളക്ടര്‍

ഇടുക്കി : ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. കളക്ടറേറ്റില്‍ നടന്ന ഭക്ഷ്യസുരക്ഷാ ജില്ലാതല ഉപദേശക സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. മികച്ച വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ മാത്രമല്ല രുചികരമായ ഭക്ഷണങ്ങളുടെ നാടുകൂടിയായാണ് നമ്മുടെ ജില്ല. ആ സല്‍പ്പേരിന് കളങ്കം വരുത്താന്‍ ആരെയും അനുവദിക്കില്ലെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.ഭക്ഷണം പാഴ്‌സലായി വില്‍പ്പന നടത്തുന്നവര്‍ , പാഴ്‌സല്‍ ലേബലില്‍ ഭക്ഷണം തയ്യാറാക്കിയ സമയം, ഉപയോഗിക്കേണ്ട സമയ പരിധി എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. ഫുഡ് സേഫ്റ്റി ലൈസന്‍സ്, തൊഴിലാളികള്‍ക്ക് ലേബര്‍ കാര്‍ഡ് എന്നിവ ഭക്ഷണശാലകളുടെ ഉടമകള്‍ ഉറപ്പാക്കണം. ജല ഗുണനിലവാരം ഇല്ലാത്ത ഹോട്ടലുകളുടെ ലൈസന്‍സ് മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്യും. ഗുണനിലവാരം പുലര്‍ത്തുന്ന ഹോട്ടലുകളുടെ വിവരങ്ങള്‍ സര്‍ക്കാറിന്റെ ഈറ്റ്-റൈറ്റ് മൊബൈല്‍ ആപ്പില്‍ ഉള്‍പ്പെടുത്തും. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മികച്ച ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവഴി അറിയാനാകും.

നിലവാരമുള്ള ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും ആപ്പില്‍ ലഭ്യമാണെന്നും വിവിധ പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷമാണ് ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള റേറ്റിംഗ് കടകള്‍ക്ക് നല്‍കിയിട്ടുള്ളതെന്നും പരാതി പരിഹാര സംവിധാനമായ വെബ് പോര്‍ട്ടലുമായി ആപ്പിനെ ലിങ്ക് ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. സ്‌കൂളുകള്‍ക്ക് സമീപം ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകളില്‍ പരിശോധന നടത്താന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും.

വിനോദസഞ്ചാരകേന്ദ്രങ്ങളിലടക്കം കുടിവെള്ള പരിശോധന കര്‍ശനമാക്കുവാനും, ഉത്സവ, പെരുന്നാള്‍ സ്ഥലങ്ങളില്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സ്റ്റോളുകളില്‍ മിന്നല്‍ പരിശോധന നടത്തുവാനും , വിനോദ സഞ്ചാര മേഖലകളില്‍ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ കടയുടമകള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തുവാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യസുരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ ജോസ് ലോറന്‍സ്, ഭക്ഷ്യ സുരക്ഷാ നോഡല്‍ ഓഫീസര്‍ ഡോ.രാകേന്ദു എം, ജില്ലാ സപ്ലൈ ഓഫീസര്‍ സജിമോന്‍ കെ. പി,വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!