ChuttuvattomThodupuzha

വേനല്‍മഴ ; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍

തൊടുപുഴ : വരും ദിസങ്ങളില്‍ കനത്ത വേനല്‍മഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വിവിധ വകുപ്പ് മേധാവികള്‍ക്ക് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലയില്‍ അതിശക്തമായ മഴ സാധ്യത കണക്കിലെടുത്ത് ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഇടിയോടു കൂടിയ ശക്തമായ മഴയാണ് ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചത്. ഇതെ തുടര്‍ന്നാണ് കാല വര്‍ഷ മുന്നൊരുക്കത്തിന്റെ ഭാഗമായി അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയത്.

ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കണം. ഇത്തരം സ്ഥലങ്ങളില്‍ നിന്നും മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങളെ മാറ്റിപാര്‍പ്പിക്കണം. ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ കണ്ടെത്തിയിരിക്കുന്ന കെട്ടിടങ്ങളുടെ നിയന്ത്രണം ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാര്‍ മുഖേന തഹസില്‍ദാര്‍ ഏറ്റെടുക്കണം. ദുരന്ത സാധ്യതാ മേഖലകള്‍ മൈനിംഗ് ആന്‍ഡ് ജിയോളജി, സോയില്‍ സര്‍വേ വകുപ്പുകള്‍ വിലയിരുത്തി തഹസില്‍ദാര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. നദീതീരങ്ങളില്‍ താമസിക്കുന്നവരെയും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും മുന്‍കുട്ടി ക്യാമ്പുകള്‍ സജ്ജമാക്കി മാറ്റിതാമസിപ്പിക്കണം. നിലവില്‍ പുറത്തേക്കൊഴുക്കുന്ന അണക്കെട്ടുകളുടെ കീഴില്‍ അധിവസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നദികളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിനുമായി ഡാം സേഫ്റ്റി പാംബ്ല, വാഴത്തോപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍മാരെയും മൈനര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനിയറെയും ചുമതലപ്പെടുത്തി.

നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാനോ പാടില്ല. ഇത് തടയാന്‍ പോലീസ്, വനം, ടൂറിസം വകുപ്പുകള്‍ നടപടികള്‍ സ്വീകരിക്കണം. അത്യാവശ്യ പ്രവര്‍ത്തനങ്ങള്‍ക്കും ഫീല്‍ഡ് തലത്തിലുള്ള ദുരന്ത നിവാരണത്തിനും ഡോക്ടര്‍മാരും, പാരാമെഡിക്കല്‍ സ്റ്റാഫും, ഫീല്‍ഡ് സ്റ്റാഫും ഫോണില്‍ ലഭ്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പുവരുത്തണം. ജില്ലയിലെ ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും വിന്യസിക്കാന്‍ സജ്ജമാണെന്ന് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസറും ഉറപ്പാക്കണം. കെഎസ്ഇബിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും തൊഴിലാളികള്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സജ്ജരാകണം. ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും ജീവനക്കാര്‍ അലര്‍ട്ടുകള്‍ പിന്‍വലിക്കുന്നതുവരെ ആസ്ഥാനം വിട്ടുപോകാന്‍ പാടില്ലെന്നും കളക്ടര്‍ നിര്‍ദേശിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിയ്ക്കാന്‍ ദേവികുളം സബ് കളക്ടര്‍ -ദേവികുളം, ഇടുക്കി സബ് കലക്ടര്‍-ഇടുക്കി, കുമളി അസി.കാര്‍ഡമം സെറ്റില്‍മെന്റ് ഓഫീസര്‍-പീരുമേട്, ഇടുക്കി ഡപ്യൂട്ടി കലക്ടര്‍ (ആര്‍ആര്‍) -തൊടുപുഴ, ഡപ്യൂട്ടി കളക്ടര്‍ (എല്‍ആര്‍) – ഇടുക്കി എന്നിവരെ താലൂക്ക് തല നോഡല്‍ ഓഫീസര്‍മാരായി നിയോഗിച്ചു.

Related Articles

Back to top button
error: Content is protected !!