ChuttuvattomThodupuzha

തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജില്‍ വീണ്ടും സസ്‌പെന്‍ഷന്‍

തൊടുപുഴ : കോ-ഓപ്പറേറ്റീവ് സ്‌കൂള്‍ ഓഫ് ലോയിലെ ഏഴു വിദ്യാര്‍ത്ഥികളെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കെതിരേയാണ് വീണ്ടും നടപടി. എല്‍എല്‍ബി ഒന്നാം സെമസ്റ്റര്‍ പരീക്ഷയുടെ ഫലം പുറത്ത് വന്നതിനു പിന്നാലെ ഒരു വിദ്യാര്‍ത്ഥിക്ക് അനര്‍ഹമായി മാര്‍ക്ക് നല്‍കിയെന്ന് ആരോപിച്ച് മാനേജ്‌മെന്റിനെതിരേ സമര രംഗത്ത് വന്നതിന്റെ പേരില്‍ ഏഴു പേരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതെ തുടര്‍ന്ന് കഴിഞ്ഞ 20ന് കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി മുപ്പതോളം വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി അറിയിച്ചിരുന്നു.

അന്ന് ഡീന്‍ കുര്യാക്കോസ് എംപിയും ഇടുക്കി സബ് കളക്ടറും അടക്കമുളളവര്‍ കോളേജ് അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. ഇതേത്തുടര്‍ന്ന് രാത്രി 12 ഓടെ അന്ന് സമരം അവസാനിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇവരെ വീണ്ടും സസ്‌പെന്‍ഡ് ചെയ്തതെന്നു കാട്ടി വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് കോളേജില്‍ നിന്ന് സന്ദേശം അയക്കുകയും സസ്‌പെന്‍ഷന്‍ സംബന്ധിച്ച് ഇന്നലെ കോളേജ് നോട്ടീസ് ബോര്‍ഡില്‍ ഇടുകയും ചെയ്തു. വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് അടച്ചിരുന്ന കോളേജ് വെള്ളിയാഴ്ച തുറക്കുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെയാണ് ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ഏഴു വിദ്യാര്‍ത്ഥികളെ റാഗിംഗിന്റെ പേരില്‍ വീണ്ടും സസ്‌പെന്‍ഡ് ചെയ്തതായി നോട്ടീസ് ഇട്ടത്. 50 ശതമാനത്തില്‍ കുറവ് ഹാജരുള്ള വിദ്യാര്‍ത്ഥിക്ക് ഇന്റേണല്‍ മാര്‍ക്ക് പൂര്‍ണമായും നല്‍കി റാങ്ക് നേടാന്‍ സഹായിച്ചുവെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രധാന ആരോപണം. എന്നാല്‍ വിദ്യാര്‍ത്ഥികളെ വീണ്ടും സസ്‌പെന്‍ഡ് ചെയ്ത നടപടി നീതിനിഷേധമാണെന്നും ഇത് ചര്‍ച്ചയില്‍ എടുത്ത തീരുമാനത്തിനു വിരുദ്ധമാണെന്നും ഡീന്‍ കുര്യാക്കോസ് എംപി പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!