ChuttuvattomThodupuzha

വണ്ടിപ്പെരിയാറില്‍ കുറ്റാരോപിതന്‍ രക്ഷപ്പെട്ടത് അട്ടിമറിയുടെ ഭാഗം: മാത്യു കുഴല്‍നാടന്‍ എംഎല്‍എ

തൊടുപുഴ: വണ്ടിപ്പെരിയാറില്‍ കുറ്റാരോപിതന്‍ രക്ഷപ്പെട്ടത് അട്ടിമറിയുടെ ഭാഗമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ . കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഒഴിവാക്കാന്‍ പീരുമേട് എംഎല്‍എ ശ്രമിച്ചു. പ്രതിയാണ് പോസ്റ്റ് മോര്‍ട്ടം ഒഴിവാക്കാന്‍ ആദ്യം പരിശ്രമിച്ചത്. അതിന്റെ തുടര്‍ച്ചയായിരുന്നു എംഎല്‍എയുടെ ഇടപെടല്‍. ആര്‍ക്ക് വേണ്ടിയാണ് എം.എല്‍എ ഇത്തരമൊരു ശ്രമം നടത്തിയെന്നതിനെ കുറിച്ച് അന്വേഷണം നടത്തണം. കുറ്റകൃത്യം നടന്നശേഷമുള്ള നിര്‍ണായകമായ ആദ്യ മണിക്കൂറുകളില്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിനുണ്ടായ വീഴ്ചയും അട്ടിമറിയെയാണ് സൂചിപ്പിക്കുന്നത്. ഇതിന് പുറമേ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിലും അട്ടിമറി നടന്നു. ഇടുക്കിയില്‍ നിന്നും കൊടുത്ത മൂന്ന് പേരുകള്‍ പരിഗണിച്ചില്ല. പകരം നിയമിച്ചത് ആലപ്പുഴയില്‍ നിന്നുള്ള ഇടത് അഭിഭാഷകസംഘടനാ നേതാവിനെയാണ്. പ്രതിയായിരുന്ന അര്‍ജുന്‍ ഡി.വൈ.എഫ്.ഐക്കാരനാണ്. കൂടാതെ പ്രതിക്കെതിരായ തെളിവുകള്‍ കോടതിയെ ബോധിപ്പിക്കുന്നതിലും പ്രോസിക്യൂഷന് വീഴ്ചയുണ്ടായി. ഇത്തരത്തില്‍ പല സംഭവങ്ങളിലും സംശയങ്ങള്‍ നിഴലിച്ച് നില്‍ക്കുന്ന സാഹചര്യമാണ് വണ്ടിപ്പെരിയാര്‍ കേസിലുള്ളത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം. കട്ടപ്പന അതിവേഗ കോടതിയുടെ വിധിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന അപ്പീല്‍ ഡി.വൈ.എഫ്.ഐ.ക്കാരനായ പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ്. അതുകൊണ്ട് കേസില്‍ പുനരന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. പ്രഗല്‍ഭനായ പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് കേസില്‍ പുനരന്വേഷണം നടത്തി പഴുതടച്ച പുതിയ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള നടപടിയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. നിലവിലെ കുറ്റപത്രവും തെളിവുകളുമായി അപ്പീല്‍ പോകുന്നത് പ്രതിക്കാണ് ഗുണകരമാവുകയെന്നും എംഎല്‍എ പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവിനെ കുത്തിപരിക്കേല്‍പിച്ച പ്രതിയെ സിപിഎം സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കുട്ടിയെ കൊല്ലപ്പെടുത്തിയ പ്രതിയെ രക്ഷപ്പെടുത്തിയതും സിപിഎമ്മാണെന്ന് മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നും മാത്യു കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ഇടുക്കി ഡി.സി.സി.പ്രസിഡന്റ് സി.പി.മാത്യുവും പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!