ChuttuvattomThodupuzha

ഭൂനിയമ ഭേദഗതി ബില്‍ സംബന്ധിച്ച് പലതവണ വിശദീകരണം ചോദിച്ചിട്ടും സര്‍ക്കാരിന് മറുപടിയില്ല : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തൊടുപുഴ: ഭൂനിയമ ഭേദഗതി ബില്‍ സംബന്ധിച്ച് പലതവണ വിശദീകരണം ചോദിച്ചിട്ടും സര്‍ക്കാരിന് മറുപടിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലയില്‍ നടപ്പാക്കുന്ന കാരുണ്യം കുടുംബ സുരക്ഷാ പദ്ധതി തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂനിയമ ഭേദഗതി ബില്‍ താന്‍ ഒപ്പിടാത്തതാണ് ഹര്‍ത്താലിന് കാരണമെന്ന് കേട്ടു. നിയമസഭ പാസാക്കിയ ഈ ബില്ലിനെതിരെ നിരവധി പരാതികള്‍ തനിക്ക് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സെപ്തംബറിലോ ഒക്ടോബറിലോ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് കത്തയച്ചിരുന്നു. നിങ്ങള്‍ ഒരു കത്തയച്ചാല്‍ താന്‍ മറുപടി നല്‍കാന്‍ ബാധ്യസ്ഥനാണ്. സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തന്റെ മറുപടി. എന്നാല്‍ ആദ്യത്തെ കത്തിന് പിന്നാലെ മൂന്ന് തവണ ഓര്‍മ്മപ്പെടുത്തിയിട്ടും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ല. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുമ്പോഴും കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും താത്പര്യങ്ങള്‍ക്കും വിരുദ്ധമായതൊന്നും ആരും ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതും തന്റെ ഉത്തരവാദിത്തമാണ്. ഭീഷണിപ്പെടുത്തിയും സമ്മര്‍ദ്ദം ചെലുത്തിയും കാര്യങ്ങള്‍ സാധിക്കാനാണ് ചിലരുടെ ശ്രമം. ഒരു നിയമവ്യവസ്ഥയുള്ള ജനാധിപത്യ രാജ്യത്ത് ശക്തമായ എതിരഭിപ്രായങ്ങളുണ്ടാകാം. എന്നാല്‍ നിങ്ങളെ അത് ചെയ്യാന്‍ അനുവദിക്കില്ല, ഇത് ചെയ്യാന്‍ അനുവദിക്കില്ല തുടങ്ങിയ അധികാരം ഉപയോഗിച്ചുള്ള ഭീഷണി അംഗീകരിക്കാനാകില്ല. നിങ്ങള്‍ എത്ര ഉന്നതാനായാലും നിയമം നിങ്ങള്‍ക്ക് മുകളിലാണ്. വ്യക്തികള്‍ ഉന്നത വ്യക്തിയായാലും നിയമത്തിന് മുകളിലല്ല. ജനപ്രതിനിധികള്‍ക്കും നിയമത്തെ വെല്ലുവിളിക്കാന്‍ അധികാരമില്ല. താന്‍ ഒരു പൊതുസേവകനാണ്. അഹങ്കാരവും ദുരഭിമാനവും തന്നെ ഭരിക്കാന്‍ അനുവദിക്കില്ല. എന്നാല്‍ ചില രാഷ്ട്രീയകക്ഷികളില്‍പ്പെട്ടവരുടെ താത്പര്യം സംരക്ഷിക്കുന്നതിന് നിയമവ്യവസ്ഥ ഇല്ലാതാക്കുന്നത് താന്‍ നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!