ChuttuvattomThodupuzha

ഹര്‍ത്താല്‍ ദിനത്തില്‍ ഹെഡ്‌പോസ്റ്റ് ഓഫീസ് ആക്രമിച്ചയാള്‍ അറസ്റ്റില്‍

തൊടുപുഴ: എല്‍ഡിഎഫ് ചൊവ്വാഴ്ച നടത്തിയ ജില്ലാ ഹര്‍ത്താലില്‍ തൊടുപുഴ ഹെഡ്പോസ്റ്റ് ഓഫീസ് ആക്രമിച്ച് ജീവനക്കാരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി അറസ്റ്റില്‍. എല്‍ഡിഎഫ് പ്രവര്‍ത്തകനായ ഉടുമ്പന്നൂര്‍ തെങ്ങുംതോട്ടത്തില്‍ ടി.എച്ച്. സാജിറിനെയാണ് (38) പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, ജീവനക്കാരെ കൈയേറ്റം ചെയ്യല്‍, ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റ്. സാജിര്‍ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. സംഭവം നടന്ന ചൊവ്വാഴ്ച രാത്രി തന്നെ പൊലീസ് സജീറിന്റെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പോലീസ് അറിയിച്ചതനുസരിച്ച് ബുധനാഴ്ച്ച ഉച്ചയോടെ തൊടുപുഴയിലെത്തിയപ്പോള്‍ സാജിറിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ സാജിറുള്‍പ്പെട്ട ഒമ്പതംഗ സംഘം തൊടുപുഴ ഹെഡ് പോസ്റ്റ് ഓഫീസില്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ഓഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അവശ്യ സര്‍വ്വീസാണെന്ന് പറഞ്ഞ് ജീവനക്കാര്‍ ജോലി തുടര്‍ന്നു. തുടര്‍ന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ കസേരയും ചെടിച്ചട്ടികളും തകര്‍ക്കുകയായിരുന്നു. പോസ്റ്റ്മാസ്റ്ററെ കൈയേറ്റം ശ്രമിച്ചതായും വനിതാ ജീവനക്കാര്‍ക്കെതിരെ അസഭ്യ വര്‍ഷം നടത്തിയതായും പരാതിയുണ്ട്. പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. ഒന്നാംപ്രതി സജീറിന് പുറമേ കണ്ടാലറിയാവുന്ന കൂടെയുണ്ടായിരുന്ന എട്ട് പേര്‍ക്കെതിരയും കേസെടുത്തിട്ടുണ്ട്. മറ്റുള്ളവരെ ഉടന്‍ പിടികൂടുമെന്നും അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ സാജിറിനെ റിമാന്‍ഡ് ചെയ്തു.

 

 

 

Related Articles

Back to top button
error: Content is protected !!