ChuttuvattomThodupuzha

കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തില്‍ പുനഃ പ്രതിഷ്ഠാ മഹോത്സവം ഇന്ന് സമാപിക്കും

തൊടുപുഴ: കാഞ്ഞിരമറ്റം മഹാദേവക്ഷേത്രത്തില്‍ പുനഃ പ്രതിഷ്ഠാ മഹോത്സവം ഇന്ന് സമാപിക്കും. പ്രതിഷ്ഠാമഹോത്സവത്തിന്റെ പതിനൊന്നാം ദിനമായ ഇന്ന് ദേവനെ കണികാണിച്ച് നട തുറക്കല്‍ ചടങ്ങ് നടക്കും. പുലര്‍ച്ചെ 5ന് നടതുറക്കല്‍ ചടങ്ങ് നടന്നു. പുനഃ പ്രതിഷ്ഠയെ തുടര്‍ന്ന് രണ്ടു രാത്രികളും മൂന്നു പകലും ദേവന്മാര്‍ ശ്രീകോവിലില്‍ പൂജ ചെയ്യുന്നുവെന്ന സങ്കല്‍പ്പത്തില്‍ അടച്ച ശ്രീകോവില്‍ നട തുറന്നു കൊണ്ടാണ് കണികാണിക്കല്‍ ചടങ്ങ് നടക്കുന്നത്. തുടര്‍ന്ന് തത്വഹോമം , തത്വകലശാഭിഷേകം , വലിയപാണി , പരികലശാഭിഷേകങ്ങള്‍ , ബ്രഹ്‌മകലശാഭിഷേകം , അവസ്രുതപ്രോക്ഷണം , ശ്രീഭൂതബലി തുടങ്ങിയ കര്‍മ്മങ്ങള്‍ നടക്കും.

രാവിലെ 9 മുതല്‍ തൃശൂര്‍ പൂരത്തിന്റെ പഞ്ചവാദ്യപ്രമാണിയായ ചോറ്റാനിക്കര നന്ദപ്പ മാരാര്‍ നേതൃത്വം നല്‍കുന്ന സ്‌പെഷ്യല്‍ പഞ്ചവാദ്യം ക്ഷേത്രത്തില്‍ നടക്കും. ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ഉച്ചയ്ക്ക് മഹാപ്രസാദമൂട്ടും വൈകിട്ട് അത്താഴവും ക്ഷേത്രം ഊട്ടുപുരയില്‍ തയ്യാറാക്കിയിട്ടുണ്ട്. പ്രതിഷ്ഠാ മഹോത്സവത്തിന്റെ സമാപനദിവസമായ ഇന്ന് വൈകിട്ട് 5ന് സാംസ്‌കാരിക സദസും 6ന് വയലാ മഞ്ജുകേശ് അവതരിപ്പിക്കുന്ന സോപാനസംഗീതവും വേദിയില്‍ നടക്കും. സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണന്‍ അവതരിപ്പിക്കുന്ന ഭക്തിഗാനമേളയും വൈകിട്ട് 7.30 മുതല്‍ വേദിയില്‍ അരങ്ങേറും. ഇന്നലെ രാവിലെ 5 മുതല്‍ പ്രോക്തഹോമം , പ്രായശ്ചിത്ത ഹോമം , മണ്ഡപ സംസ്‌കാരം , ശാന്തിഹോമം തുടങ്ങിയ വൈദികചടങ്ങുകളും മറ്റു പൂജകളും നടന്നു. വൈകിട്ട് 5.30 മുതല്‍ ബ്രഹ്‌മകലശപൂജയും തുടര്‍ന്ന് കുംഭേശ കര്‍ക്കരീപൂജകളും പരികലശപൂജകളും കര്‍പ്പൂരാദി ദ്രവ്യകലശവും നടന്നു. വൈകിട്ട് വേദിയില്‍ തിരുവാതിര ഉള്‍പ്പെടെയുള്ള നൃത്തപരിപാടികളും കോഴിക്കോട് പ്രശാന്ത് വര്‍മ്മ യുടെ നേതൃത്വത്തില്‍ മാനസ ജപലഹരി യെന്ന സംഗീതാര്‍ച്ചനയും അരങ്ങേറി.

 

Related Articles

Back to top button
error: Content is protected !!