ChuttuvattomThodupuzha

നാടാകെ പുലിപ്പേടിയില്‍…വ്യക്തമായ നടപടിയെടുക്കാതെ അധികൃതര്‍ : തൊടുപുഴ പാറക്കടവില്‍ എത്തിയതും പുലിയെന്ന് സ്ഥിരീകരണം; പ്രദേശവാസികള്‍ ആശങ്കയില്‍

തൊടുപുഴ : തൊടുപുഴ നഗരസഭാ അതിര്‍ത്തിയിലെ പാറക്കടവ് മഞ്ഞമാവ് പ്രദേശത്തും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരങ്ങളും കൊല്ലപ്പെട്ട കുറുക്കന്റെ ജഡം പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലേക്ക് അധികൃതരെത്തിയത്. തൊടുപുഴ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന പാറക്കടവ് ഭാഗത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് ജനങ്ങള്‍ക്കിടയില്‍ വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. ഏതാനും ദിവസം മുമ്പാണ് പാറക്കടവ് ഭാഗത്ത് പുലിയെ കണ്ടത്. നാട്ടുകാരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും പാറക്കടവിന് സമീപത്തെ മഞ്ഞമാവില്‍ എത്തി പരിശോധന നടത്തിയിരുന്നു. ജനപ്രതിനിധികളില്‍ നിന്നും നാട്ടുകാരില്‍ നിന്നും വിവര ശേഖരണം നടത്തുകയും ചെയ്തു. അജ്ഞാത ജീവി ആക്രമിച്ച് കൊന്ന നിലയില്‍ കുറുക്കന്റെ ജഡം കണ്ടെത്തിയ സ്ഥലവും സന്ദര്‍ശിച്ചു.

ഒരാഴ്ച മുമ്പ് പകല്‍ സമയത്ത് മഞ്ഞ പുള്ളികളുള്ള ജീവി ഏതാനും നായ്ക്കളെ ഓടിക്കുന്നത് ഒരു കുട്ടി കണ്ടിരുന്നു. അതും പുലി തന്നെ ആവാമെന്നാണ് നാട്ടുകാര്‍ കരുതുന്നത്. വീടുകളിലെ നായകള്‍ രാത്രിയില്‍ നിര്‍ത്താതെ കുരച്ചകാര്യം പ്രദേശവാസികള്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതെല്ലാം കേട്ട ശേഷമാണ്, പുലി തന്നെ ആണെന്ന നിഗമനത്തില്‍ എത്തിയത്. മുട്ടം – കരിങ്കുന്നം പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ ഇല്ലിചാരിയിലെ ക്യാമറയില്‍ പതിഞ്ഞ പുലിയാണ് മഞ്ഞമാവിലും എത്തിയതെന്നാണ് നിഗമനം. തൊടുപുഴ നഗരസഭ മുപ്പതാം വാര്‍ഡില്‍പ്പെടുന്ന പാറക്കടവ് മഞ്ഞമാവ് പ്രദേശം കരിങ്കുന്നം പഞ്ചായത്തുമായി അതിര്‍ത്തി പങ്കിടുന്നതാണ്. ഇവിടെ നിന്നും തൊടുപുഴ നഗരത്തിലേക്കും വളരെ കുറഞ്ഞ ദൂരം മാത്രമേയുള്ളൂവെന്നതും ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. എത്രയും വേഗം പാറക്കടവ് മഞ്ഞമാവ് ഭാഗത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിരീക്ഷണ ക്യാമറയില്‍ വീണ്ടും പുലിയുടെ
ദൃശ്യങ്ങള്‍; ആട് കെണിയൊരുക്കി രണ്ടാമത്തെ കൂട്

കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരി മേഖലയില്‍ ആദ്യം പുലിയെ കണ്ട പ്രദേശങ്ങളില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. ഇവിടെ വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ ക്യാമറായിലാണ് വീണ്ടും പുലിയുടെ ചിത്രങ്ങള്‍ പതിഞ്ഞത്. വളര്‍ത്ത് മൃഗങ്ങളെ തുടര്‍ച്ചയായി കൊന്ന് തിന്നുന്ന അജ്ഞാത ജീവി ഏതെന്ന് സ്ഥിരീകരിക്കാനായി ഇല്ലിചാരിമലയുടെ മുകളിലും സമീപ പ്രദേശങ്ങളിലുമായി നാല് നിരീക്ഷണ ക്യാമറാകളാണ് ഏപ്രില്‍ മാസം ആദ്യം സ്ഥാപിച്ചിരുന്നത്. ഇതില്‍ പതിഞ്ഞ ചിത്രങ്ങളില്‍ നിന്നാണ് പുലിയെന്ന് സ്ഥിരീകരിക്കാനായത്. ഇതേ പുലിയുടെ ചിത്രങ്ങളാണ് ഇവിടെ സ്ഥാപിച്ച ക്യാമറകളില്‍ കഴിഞ്ഞ ദിവസങ്ങളിലും പതിഞ്ഞത്. ഇതോടെ മുന്‍പ് കൂട് സ്ഥാപിച്ചതിനോട് ചേര്‍ന്ന് വീണ്ടും മറ്റൊരു കൂട് അധികമായി സ്ഥാപിച്ചു.

ആദ്യം സ്ഥാപിച്ച വലിയ കൂട്ടില്‍ ചത്ത കോഴിയുടെ ജഡം കെട്ടിത്തൂക്കിയാണ് കെണിയൊരുക്കിയത്. എന്നാല്‍ പുലി കെണിയില്‍ വീഴാതിരിക്കുകയും ചത്ത കോഴിയുടെ ജഡം അഴുകി വീഴുകയും ചെയ്തു. ഇതേ തുടര്‍ന്ന് രണ്ടാമതും ചത്ത കോഴിയെ തന്നെ സ്ഥാപിച്ചു. ഇതിന് പുറമേയാണ് ജീവനുള്ള ആടിനെ വച്ച് രണ്ടാമതൊരു കെണി കൂടി സ്ഥാപിച്ചിരിക്കുന്നത്. പുലിയുടെ സാന്നിധ്യം തുടര്‍ച്ചയായി സ്ഥിരീകരിച്ചതോടെയാണ് ഇവിടെ തന്നെ രണ്ടാമത്തെയും കൂട് സ്ഥാപിച്ചതെന്നാണ് വനം വകുപ്പധികൃതര്‍ പറയുന്നത്. രണ്ട് ദിവസം കൂടി നിരീക്ഷിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും കൂട് സ്ഥാപിക്കുകയോ നിലവിലെ കൂട് മറ്റെവിടേക്കെങ്കിലും മാറ്റുകയോ ചെയ്യുന്നതിനുള്ള നീക്കത്തിലാണ് വനം വകുപ്പ്.

പട്ടയം കവലയില്‍ പുലിയിറങ്ങിയെന്ന് വീഡിയോ; പ്രചരണം അടിസ്ഥാന രഹിതമെന്ന് അധികൃതര്‍

തൊടുപുഴ : പട്ടയംകവലയില്‍ പുലിയിറങ്ങിയതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ അടിസ്ഥാന രഹിതമാണെന്ന് തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്. മറ്റേതോ സംസ്ഥാനത്ത് പുലി നായക്കൂടിന് സമീപമെത്തിയതും നായ ബഹളം ഉണ്ടാക്കുന്നതുമായ വീഡിയോയാണ് പ്രചരിപ്പിക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ ബന്ധപ്പെട്ട അധികൃതര്‍ നടപടിയെടുക്കണം. നിലവില്‍ കരിങ്കുന്നം പഞ്ചായത്ത് അഞ്ചാംവാര്‍ഡായ ഇല്ലിചാരി, തൊടുപുഴ നഗരസഭാ 30ാം വാര്‍ഡായ മഞ്ഞുമാവ്, പാറക്കടവ്, കോടമ്പാറ എന്നീ പ്രദേശങ്ങളിലെ വിജന സ്ഥലങ്ങളിലാണ് പുലിയെ കണ്ടതായി പരിസരവാസികള്‍ പറഞ്ഞിട്ടുള്ളത്. കുറുക്കന്മാര്‍ക്കും നായ്ക്കള്‍ക്കും കടിയേറ്റതായും വിവരം ലഭിച്ചിട്ടുണ്ട്.

ഇല്ലിചാരിയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പിടികൂടാന്‍ കൂടും വിവിധയിടങ്ങളില്‍ ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. പോലീസ്, വനംവകുപ്പ് അധികൃതരുടെയും ജനപ്രതിനികളുടെയും പൊതുപ്രവര്‍ത്തകരുടെയും എല്ലാം ശ്രമഫലമായി ഉടനേതന്നെ പുലിയെ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ ആശങ്കയിലാക്കുന്നവര്‍ പിന്തിരിയണം. പുലിയെ കണ്ടതായി പറയപ്പെടുന്ന പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. തൊടുപുഴ നഗരസഭയിലെ മറ്റിടങ്ങളിലും പരിസര പ്രദേശങ്ങളിലുള്ളവരും ഭയപ്പെടേണ്ടതില്ലന്നും ചെയര്‍മാന്‍ പറഞ്ഞു.

ആല്‍പ്പാറയില്‍ രണ്ട് പുലിയെ കണ്ടെന്ന് നാട്ടുകാര്‍

മുട്ടം – കരിങ്കുന്നം പഞ്ചായത്തുകളുടെ അതിര്‍ത്തിയും മലങ്കര എസ്റ്റേറ്റിന്റെ ഭാഗവുമായ ആല്‍പ്പാറ, കാട്ടോലി ഭാഗങ്ങളിലും പുലിയെ കണ്ടതായി നാട്ടുകാര്‍. ഞായറാഴ്ച രാത്രി 10 ന് ശേഷം വലുതും ചെറുതുമായ രണ്ട് പുലികള്‍ തോട്ടത്തിന് സമീപത്ത് കൂടി നടന്ന് പോകുന്നത് കണ്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. ആദ്യം കണ്ടതായി പറയുന്നവര്‍ സമീപവാസികള്‍ക്കും വിവരം കൈമാറി. ഇതോടെ നാട്ടുകാരൊന്നാകെ പ്രദേശത്ത് സംഘടിച്ചെത്തി. ഇവരുടെ നേതൃത്വത്തില്‍ പുലിയെ കണ്ടതായി പറയുന്ന ഭാഗങ്ങളിലും പരിസരങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല.

 

Related Articles

Back to top button
error: Content is protected !!