ObitThodupuzha

ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു

തൊടുപുഴ : ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറമേലൂര്‍ നെല്ലിക്കുന്നത് ഗോപാലകൃഷ്ണന്റെയും നിഷയുടെയും മകള്‍ നിഖിതയാണ് (20) മരിച്ചത്. സ്വകാര്യ കണ്ണട വില്‍പ്പന കമ്പനിയുടെ തൊടുപുഴ ഔട്ട്ലെറ്റിലെ ജീവനക്കാരിയായിരുന്നു. ഞായറാഴ്ച ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ചതാണ് അലര്‍ജി ഉണ്ടാവാന്‍ കാരണമെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു. അലര്‍ജി വഷളായതോടെ നിഖിതയ്ക്ക് ന്യുമോണിയ പിടിപെട്ടിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പോലീസ് പറഞ്ഞു. നിഖിതയ്ക്ക് കൊഞ്ച് കഴിച്ച് മുമ്പും ഇത്തരത്തില്‍ അലര്‍ജി ഉണ്ടായിട്ടുള്ളതായാണ് വിവരം. ഉച്ചഭക്ഷണത്തിന് ശേഷം നിഖിതയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. കഴുത്തിന് നീരുവെച്ച് ശ്വാസതടസമുണ്ടായി രക്തസമ്മര്‍ദ്ദം താഴ്ന്നു. ഇതോടെ നിഖിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെത്തിയശേഷം ഹൃദയാഘാതം ഉണ്ടായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും രാത്രി 11 ഓടെ മരണപ്പെടുകയായിരുന്നു. നിഖിതയുടെ സഹോദരന്‍ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ നിന്ന് കേസ് ഷീറ്റ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് പാലക്കാട് പാമ്പാടി ഐവര്‍മഠം ശ്മശാനത്തില്‍. സഹോദരന്‍ : ജിഷ്ണു (കോയമ്പത്തൂര്‍ ധനലക്ഷമി കോളേജ്, വിദ്യാര്‍ത്ഥി).

 

Related Articles

Back to top button
error: Content is protected !!