ChuttuvattomThodupuzha

ലഹരിയുടെ ഹബ്ബായി തൊടുപുഴ നഗരം

തൊടുപുഴ : ലഹരി വില്‍പ്പനയുടെ ഹബ്ബെന്ന പേരുദോഷം മാറാതെ തൊടുപുഴ നഗരം. സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് ലഹരി മാഫിയ നഗരത്തിലും പരിസര പ്രദേശങ്ങളിലും പിടി മുറുക്കുകയാണ്.ലഹരി സംഘങ്ങളെ കുടുക്കാന്‍ എക്‌സൈസും പോലീസും ഡാന്‍സാഫ് ടീമും ഉള്‍പ്പെടെ നിതാന്ത പരിശ്രമം നടത്തുന്നതിനിടയിലും ലഹരി വ്യാപാരം നഗരത്തില്‍ തഴച്ചുവളരുകയാണ്. ദിനംപ്രതി കഞ്ചാവ്, ലഹരി കേസുകള്‍ പിടിക്കപ്പെടുന്നുണ്ടെങ്കിലും ഇതിനേക്കാള്‍ പതിന്‍മടങ്ങായാണ് വീണ്ടും കഞ്ചാവും എംഡിഎംഎയും ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകളുടെ വില്‍പ്പന.

പോലീസിനെ വെല്ലുവിളിച്ച് ലഹരിസംഘം

ബുധനാഴ്ച രാത്രി ലഹരി കൈമാറ്റം നടത്തുന്നതറിഞ്ഞെത്തിയ പോലീസ് സംഘത്തിനു നേരേ മുളകു സ്‌പ്രേ എറിഞ്ഞാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഇവര്‍ ഉപേക്ഷിച്ചു പോയ ഒന്നര കിലോ കഞ്ചാവ് പോലീസ് കണ്ടെടുത്തു. ഏതാനും ദിവസം മുമ്പ് എംഡിഎംഎയുമായി പിടിയിലായത് പെരുമ്പിള്ളിച്ചിറ കറുക ഭാഗങ്ങളില്‍ വീടും അപ്പാര്‍ട്ടുമെന്റും മറ്റും വിദ്യാര്‍ത്ഥികള്‍ക്ക് വാടകയ്ക്കു നല്‍കുന്നയാളാണ്.
കൈതക്കോട് മുണ്ടുപറമ്പില്‍ അമ്മാസ് എന്ന് വിളിക്കുന്ന ഹമ്മദ് ജബാറാണ് പോലീസ് പിടിയിലായത്. വീടുകള്‍ വാടകയ്ക്കു നല്‍കുന്നതിന്റെ മറവില്‍ ലഹരി വില്‍പ്പനയായിരുന്നു ഇയാളുടെ പ്രധാന പരിപാടി. ഇതിനു മുമ്പ് കാപ്പക്കേസിലെ പ്രതിയും തൊടുപുഴയില്‍ കഞ്ചാവുമായി പിടിയിലായി. പാലാ പ്രവിത്താനം ഒരപ്പൂഴിക്കല്‍ അനിറ്റ് സിബി(21) യെയാണ് 1.200 കിലോ കഞ്ചാവുമായി എക്‌സൈസ് പിടികൂടിയത്.

കഴിഞ്ഞ മാര്‍ച്ചില്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ച അരക്കിലോ കഞ്ചാവുമായി കാളിയാര്‍ പാറപ്പള്ളില്‍ മുഹമ്മദ് ഹിലാലിനെ (29) എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഇത്തരത്തില്‍ ചെറുതും വലുതുമായ ഒട്ടേറെ ലഹരി കേസുകള്‍ പോലീസും എക്‌സൈസും ചേര്‍ന്ന് അടുത്ത നാളില്‍ പിടി കൂടി. തൊടുപുഴയിലെ ലഹരി വില്‍പ്പനയുടെ പ്രധാന കണ്ണിയായ ബസുടമയെ ഏതാനും ദിവസം മുമ്പ് കാപ്പ ചുമത്തി നാടു കടത്തിയിരുന്നു. ഒട്ടേറെ ലഹരി കേസുകളില്‍ ഉള്‍പ്പെട്ട ഇയാള്‍ പോലീസിനെയും എക്‌സൈസിനെയും വെല്ലുവിളിച്ചാണ് ലഹരിവ്യാപാരം നടത്തിയിരുന്നത്.

സിന്തറ്റിക് ലഹരിയോട് ഭ്രമം കൂടുതല്‍

കുറഞ്ഞ അളവില്‍പ്പോലും വലിയ വില ലഭിക്കുന്നതിനാലും കടത്താന്‍ എളുപ്പമായതിനാലുമാണ് പിടിക്കപ്പെടുന്നവര്‍ വീണ്ടും ഈ രംഗത്തേക്കിറങ്ങാന്‍ കാരണം. പെണ്‍കുട്ടികള്‍ വരെ ലഹരി കടത്തിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ലഹരിക്കടിപ്പെടുന്നവര്‍ ഇതു ലഭിക്കാനായി ഏതു മാര്‍ഗവും സ്വീകരിക്കും. കഞ്ചാവ് പോലുള്ള നാച്ചുറല്‍ ലഹരികളില്‍ നിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ പോലുള്ള സിന്തറ്റിക് ലഹരികളാണ് വില്‍പ്പനയ്‌ക്കെത്തുന്നത്. ഇവയ്ക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുളോളം ലഹരി നില്‍ക്കുമെന്നതുമാണ് ലഹരി ഉപയോക്താക്കളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ന്യൂജന്‍ ലഹരികള്‍ക്കു പ്രത്യേക മണവും ഇല്ലാത്തതിനാല്‍ ഇത് ഉപയോഗിച്ചാല്‍ തിരിച്ചറിയാനും പലപ്പോഴും കഴിയാറില്ല.

ഗുരുതര ഭീഷണി

ഒരു തവണ ഉപയോഗിച്ചാല്‍ തന്നെ ഇതിന് അടിമപ്പെടുകയും ഉപയോഗിക്കുന്ന വ്യക്തിയുടെ വിശപ്പ് ഇല്ലാതാകുകയും ചെയ്യുമെന്നു വിദഗ്ധര്‍ പറയുന്നു. ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മര്‍ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുകയും ചെയ്യും. ഉപയോഗം തുടങ്ങി കുറഞ്ഞ കാലയളവില്‍ തന്നെ വ്യക്തിയുടെ ആരോഗ്യം ക്ഷയിക്കുകയോ മരണപ്പെടുകയോ ചെയ്യാം. ഒന്നോ രണ്ടോ തവണയിലെ ഉപയോഗം കൊണ്ടുതന്നെ മാരകമായ ആസക്തി ഉണ്ടാക്കുന്നതിനാല്‍ എംഡിഎംഎ ഉപയോഗിച്ച് തുടങ്ങുന്ന യുവാക്കള്‍ വളരെ വേഗം ഇതിന് അടിമയാകുകയും പിന്നീട് സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന മാനസികാവസ്ഥയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. ഇതിനായി പണം കണ്ടെത്താന്‍ പലപ്പോഴും ലഹരിക്കച്ചവടമോ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യും.

പിടികൂടിയ ലഹരി

ജനുവരി ഒന്നു മുതല്‍ മേയ് 22 വരെ ജില്ലയില്‍ പിടികൂടിയത് 24.5 കിലോ കഞ്ചാവ്, 45 കഞ്ചാവ് ചെടികള്‍, 0.125 ഗ്രാം ഹെറോയിന്‍, 14.262 ഗ്രാം ഹാഷിഷ് ഓയില്‍, 0.714 ഗ്രാം എംഡിഎംഎ, 0.037 ഗ്രാം എല്‍എസ്ഡി , 6.5 ഗ്രാം ചരസ്, 7.704 മെത്താംഫിറ്റമിന്‍ എന്നിവയാണ്.

കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

ചെറുതോണി: കാറില്‍ കടത്തിക്കൊണ്ടുവന്ന 14.5 കിലോ കഞ്ചാവുമായി രണ്ടു പേരെ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. ഇടുക്കി ഗാന്ധിനഗര്‍ കോളനി സ്വദേശി കാരക്കാട്ട് പുത്തന്‍വീട്ടില്‍ അനീഷ് (36), തങ്കമണി പുഷ്പഗിരി സ്വദേശി കലയത്തിങ്കല്‍ സാബു (53) എന്നിവരാണ് പിടിയിലായത്.

എക്‌സൈസ്എന്‍ഫോഴ്‌സ്‌മെന്റ് മേധാവി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചേലച്ചുവട്ടില്‍നിന്നു കാറില്‍ കടത്താന്‍ ശ്രമിച്ച ആറു കിലോ കഞ്ചാവുമായി കാര്‍ ഡ്രൈവര്‍ സാബു പിടിയിലായി. ഇയാളെ ചോദ്യം ചെയത്‌പ്പോള്‍ അനീഷിന്റെ ഗാന്ധിനഗറിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 8.500 കിലോ കഞ്ചാവും കണ്ടെടുത്തു.

ആന്ധ്രയില്‍നിന്ന് ഇടുക്കിയില്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടു വന്ന കഞ്ചാവാണിത്. കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ഇടുക്കി പോലീസ് അറസ്റ്റ് ചെയ്ത അനീഷിനെ കോടതി 60 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. പുറത്തിറങ്ങിയ ഇയാള്‍ വീണ്ടും കഞ്ചാവ് കച്ചവടം നടത്തിവരികയായിരുന്നു.

ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ വഹാബ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ബി.രാജ്കുമാര്‍, ഷാജി ജയിംസ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍മാരായ ടി.എ. അനീഷ്, കെ.എന്‍. സിജുമോന്‍, ലിജോ ജോസഫ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സോബിന്‍ മാത്യു,

ആല്‍ബിന്‍ ജോസ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സുരഭി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടി കൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

 

Related Articles

Back to top button
error: Content is protected !!