ChuttuvattomThodupuzha

മാലിന്യസംസ്‌കരണം, കൃഷി വികസനം, കുടിവെള്ളം എന്നിവയ്ക്കും വരുമാന വര്‍ധനവിനും പ്രാധാന്യം നല്‍കി തൊടുപുഴ നഗരസഭ ബജറ്റ്

തൊടുപുഴ : മാലിന്യസംസ്‌കരണം, കൃഷി വികസനം, കുടിവെള്ളം എന്നിവയ്ക്കും വരുമാന വര്‍ധനവിനും പ്രാധാന്യം നല്‍കി തൊടുപുഴ നഗരസഭ ബജറ്റ്. ഷോപ്പിംഗ് കോപ്ലക്സ് നിര്‍മ്മാണം, പൂര്‍ത്തീകരണം, പാര്‍ക്കുകള്‍, ലൈബ്രറി തുടങ്ങിയവയ്ക്കും പ്രാധാന്യമേറെ. 67,39,67,900 രൂപ വരവും 65,24,98,000 രൂപ ചെലവും 2,14,69,900 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി അവതരിപ്പിച്ചു.കാലത്തിന്റെ ചുവരെഴുത്ത് തൊട്ടറിഞ്ഞ് ജനജീവിതം ആയാസരഹിതവും ആരോഗ്യപൂര്‍ണവുമാക്കാന്‍ നഗരസഭയുടെ തനത് വരുമാനവും മറ്റ് വരുമാന സ്രോതസ്സുകളും പരമാവധി സമാഹരിക്കേണ്ടതിന്റെ ആവശ്യകത ബജറ്റ് ചൂണ്ടിക്കാണിക്കുന്നു.

മാലിന്യ സംസ്‌കരണവും കുടിവെള്ളവും

നഗരസഭയിലെ സമഗ്ര മാലിന്യസംസ്‌കരണത്തിന് അഞ്ചുകോടി രൂപ വകയിരുത്തി. പാറക്കടവില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യം ശാസ്ത്രീയമായി നീക്കാന്‍ ആധുനിക രീതിയിലുള്ള ജൈവമാലിന്യ സംസ്‌കരണ സംവിധാനം ഒരുക്കും. ഒപ്പം ബയോ പാര്‍ക്കും പൂര്‍ത്തിയാകും. ഇതിനായി 2.83കോടി രൂപയുടെ പദ്ധതികള്‍ തുടങ്ങി. വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ സംവിധാനമൊരുക്കും. ഒരുകോടി രൂപയുടെ ഡയപ്പര്‍ ഇന്‍സിനേറ്റര്‍ പദ്ധതി അംഗീകരിച്ചിട്ടുണ്ട്. എല്ലാവീടുകളിലും എല്ലാവര്‍ക്കും കുടിവെള്ളമെന്ന ലക്ഷ്യത്തോടെയുള്ള അമൃത് പദ്ധതിക്കായി 9.80 കോടിരൂപ നീക്കിവച്ചിട്ടുണ്ട്. നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ബജറ്റ് വര്‍ഷം നേതൃപരമായ പങ്കുവഹിക്കാന്‍ നഗരസഭയ്ക്കാവും.

കൃഷിയും വീടും ആരോഗ്യവും

നഗരത്തെ മനോഹരമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് കൃഷിയിടങ്ങളാണ്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ തെങ്ങ്, നെല്‍-പച്ചക്കറി കൃഷി വികസനത്തിന് 14 ലക്ഷം രൂപയുടെ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഭൂരഹിതരും ഭവനരഹിതരുമില്ലാത്ത നഗരം എന്ന ലക്ഷ്യത്തിലേക്ക് പുനരധിവാസത്തിനായി സ്ഥലം വാങ്ങാന്‍ 50 ലക്ഷം രൂപ വകയിരുത്തി. പിഎച്ച്‌സിയുടെയും നഗര ആരോഗ്യകേന്ദ്രങ്ങളുടെയും നടത്തിപ്പിന് മൂന്നുകോടി രൂപയും മാറ്റിവച്ചിട്ടുണ്ട്.

പാര്‍ക്കും മൈതാനവും സ്റ്റേഡിയവും

ടി.ജെ ജോസഫ് മെമ്മോറിയല്‍ മുന്‍സിപ്പല്‍ മൈതാനം നവീകരിക്കാന്‍ 10 ലക്ഷം രൂപ വകയിരുത്തി. നഗരസഭ പാര്‍ക്കില്‍ പാതിവഴി നിര്‍മാണം നിലച്ചുപോയ ആംഫി തിയറ്റര്‍ പൂര്‍ത്തിയാക്കാനും പാര്‍ക്ക് ആകര്‍ഷകമാക്കാനും 15 ലക്ഷം രൂപ നീക്കിവച്ചു. ആധുനിക നിലവാരത്തിലുള്ള സ്റ്റേഡിയം, വിസ്തൃത പാര്‍ക്കുകള്‍, കളിക്കളങ്ങള്‍, പൊതുമാര്‍ക്കറ്റ് എന്നിവയുടെ പ്രാഥമിക ചെലവുകള്‍ക്കായി 40 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജിനദേവന്‍ സ്മാരക പാര്‍ക്ക് നിര്‍മാണത്തിന് 60ലക്ഷവുമുണ്ട്.

ലൈബ്രറിയും ഷോപ്പിംഗ് കോംപ്‌സക്‌സുകളും

എല്ലാ സൗകര്യങ്ങളോടെയും കൂടിയുള്ള ഉന്നതനിലവാരം പുലര്‍ത്തുന്ന ലൈബ്രറി നിര്‍മിക്കും. എംപി, എംഎല്‍എ ഫണ്ടും ഉള്‍പ്പെടുത്തി ഒരു കോടിരൂപ വകയിരുത്തി. നഗരസഭയുടെ തനത് വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്‌സ് ഈ വര്‍ഷം പ്രവര്‍ത്തനസജ്ജമാക്കാന്‍ 20ലക്ഷം രൂപ നീക്കിവച്ചു. പഴയ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മാണത്തിന് ഒരുകോടി രൂപയുമുണ്ട്. വെങ്ങല്ലൂരില്‍ നഗരസഭയുടെ സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തിനും ലോറി, വാന്‍ സ്റ്റാന്‍ഡ് മുനിസിപ്പല്‍ ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്‌സിനും 50ലക്ഷം വീതം വകയിരുത്തി.

തൊടുപുഴ കാര്‍ണിവല്‍

തൊടുപുഴയുടെ മണ്ണിലേക്ക് വിനോദസഞ്ചാരികളെയും എല്ലാ മേഖലയിലെയും വിപണനക്കാരെയും ആകര്‍ഷിക്കാന്‍ തൊടുപുഴ കാര്‍ണിവല്‍ സംഘടിപ്പിക്കും. ഇതിനായി അഞ്ചുലക്ഷം രൂപ വകയിരുത്തി.

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍

അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങി കെട്ടിട നിര്‍മ്മാണം : 14ലക്ഷം
തെരുവ് വിളക്കുകളുടെ പരിപാലനം : 45ലക്ഷം
ദുരന്തനിവാരണം, ഷെല്‍ട്ടര്‍ ഹോംസ്, സൈറണ്‍ : 11ലക്ഷം
അംഗീകൃത കോളനികളില്‍ ഓട നിര്‍മാണം : 10ലക്ഷം
വയോജനക്ഷേമത്തിനും പാലിയേറ്റീവ് കെയറിനും : 30ലക്ഷം
അങ്കണവാടി പോഷകാഹാരം : 70ലക്ഷം
ദിവ്യാംഗജര്‍ക്ക് സ്‌കോളര്‍ഷിപ്പ്, ബത്ത : 32ലക്ഷം

 

Related Articles

Back to top button
error: Content is protected !!