ChuttuvattomThodupuzha

തൊടുപുഴ നഗരസഭ : ചെയര്‍മാനെതിരേ എല്‍ഡിഎഫ് അവിശ്വാസ നോട്ടീസ് നല്‍കി

തൊടുപുഴ : തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിനെതിരേ അവസാനം എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കി. 13 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട പ്രമേയം എല്‍എസ്ജിഡി ഡെപ്യൂട്ടി ഡയറക്ടര്‍ക്കു നേരിട്ടാണ് കൈമാറിയത്. കൈക്കൂലിക്കേസില്‍ പ്രതിയായതോടെ മുനിസിപ്പല്‍ ചെയര്‍മാനോട് രാജിവയ്ക്കാന്‍ എല്‍ഡിഎഫ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പാര്‍ട്ടി നിര്‍ദേശം അദ്ദേഹം തള്ളിയതോടെ ചെയര്‍മാനുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. കഴിഞ്ഞദിവസം തൊടുപുഴയില്‍ നടത്തിയ നയവിശദീകരണ യോഗത്തിലാണ് അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചത്. സാങ്കേതികമായി എല്‍ഡിഎഫ് അവിശ്വാസപ്രമേയം പാസാകില്ലാത്തതിനാല്‍ മറ്റാരു കൊണ്ടുവന്നാലും പിന്തുണയ്ക്കാമെന്നായിരുന്നു എല്‍ഡിഎഫിന്റെ ആദ്യ നിലപാട്.

എന്നാല്‍ യുഡിഎഫ് അവിശ്വാസം കൊണ്ടുവരില്ലെന്നു പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എല്‍ഡിഎഫ് അവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്. അവിശ്വാസപ്രമേയത്തിന് ഏത് മുന്നണിയുടെയും പിന്തുണ സ്വീകരിക്കുമെന്നു നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെയര്‍മാനെതിരേ അവിശ്വാസം കൊണ്ടുവന്നാല്‍ പിന്തുണയ്ക്കുമെന്നു യുഡിഎഫ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ പിന്തുണയ്ക്കുന്ന കാര്യത്തില്‍ നേതൃത്വവുമായി ആലോചിച്ചു തീരുമാനമെടുക്കുമെന്നു രണ്ടു മുന്നണികളുടെയും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ അവിശ്വാസം പാസാകാനാണ് സാധ്യത. നഗരസഭയിലെ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനു ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനു കൈക്കൂലി വാങ്ങുന്നതിനിടെ നഗരസഭ എഇയും ഇടനിലക്കാരനും വിജിലന്‍സ് പിടിയിലായ കേസിലാണ് ചെയര്‍മാന്‍ രണ്ടാം പ്രതിയായത്.

ചെയര്‍മാന്‍ നഗരസഭയിലെത്തി

നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഇന്നലെ ഓഫീസിലെത്തി. നഗരസഭ അസിസ്റ്റന്റ് എന്‍ജനിയര്‍ സി.ടി. അജി, ഇടനിലക്കാരനായ റോഷന്‍ സര്‍ഗം എന്നിവരെ വിജിലന്‍സ് പിടികൂടിയ കേസില്‍ പ്രതിയായതോടെ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രഫ. ജെസി ആന്റണിക്കു താത്കാലികമായി ചുമതല കൈമാറി ചെയര്‍മാന്‍ അവധിയില്‍ പോകുകയായിരുന്നു. 13 വരെയായിരുന്നു ചെയര്‍മാന്‍ അവധിയില്‍ പോയത്. ഈ കാലയളവു കഴിഞ്ഞതോടെയാണ് അദ്ദേഹം ഇന്നലെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തത്. ഇതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ നഗരസഭയ്ക്കു മുന്നില്‍ ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരങ്ങളും അരങ്ങേറിയിരുന്നു. ഇന്നലെ ചെയര്‍മാന്‍ നഗരസഭയില്‍ എത്തിയെങ്കിലും പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. ചെയര്‍മാനെതിരേ എല്‍ഡിഎഫ് അവിശ്വാസത്തിനു നോട്ടീസ് നല്‍കിയിരിക്കുന്നതിനാല്‍ ഇനി പ്രതിഷേധമില്ലെന്നും പുറത്താക്കുകയാണ് ലക്ഷ്യമെന്നും മുന്നണി നേതാക്കള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!