കനത്ത മഴ : ഇടുക്കി ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്


തൊടുപുഴ : സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കേരള- കർണാടക തീരത്തും ലക്ഷദ്വീപ് തീരത്തും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെയുള്ള തീരത്ത് തിരമാലകൾ നാലു മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ മീൻ പിടുത്തക്കാരും തീരദേശവാസികളും ശ്രദ്ധിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
