Uncategorized

തൊടുപുഴ നഗരസഭയില്‍  270 തെരുവ് കച്ചവടക്കാര്‍ നിയമം പാലിച്ച് കച്ചവടം നടത്തുന്നവര്‍ക്ക് പിന്തുണയെന്ന് നഗരസഭ

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ 270 ഓളം തെരുവ് കച്ചവടക്കാരുെണന്ന് സര്‍വേ. ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായി തെരുവ് കച്ചവടക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിന് നഗരസഭയുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ ആരംഭിച്ച സര്‍വേയിലാണ് ഈ കണക്കെടുത്തത്. മൂന്ന് ദിവസങ്ങളിലാണ് നഗരത്തില്‍ സര്‍വേ പൂര്‍ത്തിയായത്. വിവിധ കേന്ദ്രങ്ങളില്‍ വഴിയോരത്ത് വിവിധ കച്ചവടങ്ങളും ലോട്ടറി ഉള്‍പ്പെടെയുള്ള വ്യാപാരവുമായി തുടരുന്ന ആളുകളെ കണ്ടെത്തുന്നതിനും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ ഷെഡ് കെട്ടിയും മറ്റും തുടരുന്നവരെയും അപകട ഭീഷണി ഉള്ള ഭാഗങ്ങളില്‍ തുടരുന്നവരെയും ഇവിടെ നിന്ന് മാറ്റുന്നതിനടക്കമാണ് സര്‍വേ നടത്തിയത്. മുന്‍പ് നഗര സഭ പ്രദേശത്ത് നേരത്തേ സര്‍വേ നടത്തി 289 കച്ചവടക്കാരെ കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് തിരിച്ചറിയില്‍ കാര്‍ഡുകളടക്കം നല്‍കിയിരുന്നെങ്കിലും ഇവരില്‍ 80 പേര്‍ മാത്രമേ ഇപ്പോള്‍ ഉള്ളൂ. ഭൂരിഭാഗം പേരും പുതുതായി കച്ചവടത്തിനായി നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും സമീപ പഞ്ചായത്തുകളില്‍ നിന്നും എത്തിയവരാണ്. ഇവരെ കൂടി സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമങ്ങള്‍ പാലിച്ച് കച്ചവടം നടത്തുന്നവരെ കണ്ടെത്തി അവര്‍ക്ക് പുതിയ കാര്‍ഡ് നല്‍കുകയും ബാക്കിയുള്ളവരുടെ പേര് നീക്കം ചെയ്യുന്ന കാര്യങ്ങളടക്കം നടപ്പാക്കും. ഇത് സംബന്ധിച്ച് വെന്‍ഡിങ് കമ്മിറ്റി ചേര്‍ന്ന് ഇവര്‍ക്കായി പ്രത്യേക സോണും തീരുമാനിക്കും. നിയമങ്ങള്‍ പാലിച്ച് കച്ചവടം നടത്തുന്നവര്‍ക്ക് നഗരസഭ എല്ലാ സഹകരണവും ചെയ്ത് നല്‍കുമെന്നും അതല്ലാത്തവരെ ഒഴിവാക്കുമെന്നും നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!