ChuttuvattomThodupuzha

ബസ് സര്‍വീസ് നിര്‍ത്തിയിട്ട് മൂന്ന് വര്‍ഷം ; പുനരാരംഭിക്കാതെ കെഎസ്ആര്‍ടിസി

തൊടുപുഴ : മൂന്ന് വര്‍ഷം മുമ്പ് നിര്‍ത്തിയ ബസ് സര്‍വീസ് പുനരാരംഭിക്കാതെ കെഎസ്ആര്‍ടിസി. രാവിലെ 6.30ന് മുളപ്പുറം – തൊമ്മന്‍കുത്ത് വഴി വണ്ണപ്പുറം – മൂവാറ്റുപുഴ റൂട്ടില്‍ എറണാകുളം കലൂരിലേയ്ക്ക് നടത്തിയിരുന്ന സര്‍വീസാണ് മൂന്ന് വര്‍ഷം മുമ്പ് കെഎസ്ആര്‍ടിസി അപ്രതീക്ഷിതമായി നിര്‍ത്തിയത്. വിദ്യാര്‍ത്ഥികളും, പതിവ് യാത്രക്കാരും ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ ആശ്രയിച്ചിരുന്ന സര്‍വീസായിരുന്നു ഇത്. കൂടാതെ തൊമ്മന്‍കുത്ത്, മുളപ്പുറം ഭാഗത്ത് നിന്നുള്ള ജനങ്ങള്‍ക്ക് വണ്ണപ്പുറം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്ക് രാവിലെ പോകാനുള്ള ഏക യാത്രാ സൗകര്യവും ഇതായിരുന്നു. രാവിലെ യാത്രയ്ക്ക് തൊമ്മന്‍കുത്ത് നിവാസികള്‍ ഇപ്പോള്‍ ആശ്രയിക്കുന്നത് ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള ടാക്‌സി വാഹനങ്ങളെയാണ്.

കട്ടപ്പനയില്‍ നിന്ന് ചെറുതോണി – വെണ്‍മണി – വണ്ണപ്പുറം വഴി പുലര്‍ച്ചെ 5.30ന് എറണാകുളത്തേക്ക് സര്‍വീസ് നടത്തിയിരുന്ന ബസ് നിര്‍ത്തിയിട്ടും മൂന്ന് വര്‍ഷം പിന്നിടുന്നു. ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ബസ് സര്‍വീസുകള്‍ മുടങ്ങിയതുമായി ബന്ധപ്പെട്ട് പല തവണ കെഎസ്ആര്‍ടിസിക്ക് പരാതി നല്‍കിയെങ്കിലും ഇതുവരെ സര്‍വീസ് പുനരാരംഭിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. മുടങ്ങി കിടക്കുന്ന സര്‍വീസുകള്‍ വീണ്ടും പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ഒപ്പിട്ട പരാതി ഗതാഗത വകുപ്പ് മന്ത്രിക്ക് നല്‍കിയിട്ടുണ്ട്. അനുകൂല മറുപടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

 

 

Related Articles

Back to top button
error: Content is protected !!