ChuttuvattomThodupuzha

പുലി ഭീതി ; ഇല്ലിചാരിയില്‍ പട്രോളിംഗ് ശക്തമാക്കും : കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി

കരിങ്കുന്നം : പഞ്ചായത്തിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേര്‍ന്നു.പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ് അധ്യക്ഷത വഹിച്ചു. അടുത്ത ദിവസം തന്നെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ആര്‍ആര്‍ടി ടീം തെരച്ചില്‍ നടത്തുന്നതിനും സ്‌കൂള്‍ തുറക്കുന്ന ജൂണ്‍ മൂന്നു മുതല്‍ പട്രോളിംഗ് ശക്തമായി നടത്തുന്നതിനും തീരുമാനിച്ചു. പുലി ഭീതി ഒഴിവാക്കുന്നതിനായി പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ് നടത്തുന്നതിനും നിലവില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറകള്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലാത്ത സ്ഥലങ്ങളില്‍നിന്നു മാറ്റി സ്ഥാപിക്കുന്നതിനും തീരുമാനിച്ചു.

പുലിയുടെ സാന്നിധ്യം ഉറപ്പുവരുത്തിയ സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന കൂട് മനുഷ്യസാമീപ്യം ഇല്ലാത്ത രീതിയില്‍ കുറച്ചു ദിവസം കൂടി ഇവിടെത്തന്നെ തുടരുന്നതിനും തീരുമാനിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ക്ക് പുറമെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.ജി. ദിനകര്‍, ജോഷി കെ. മാത്യു, തമ്പി മാനുങ്കല്‍, കെ.എം.ജോസഫ്, ജോയി കട്ടക്കയം, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ എ.ജി.സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഇതിനിടെ മുട്ടം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ തുടങ്ങനാട് -കരിമ്പാനി -മരപ്പാറ റൂട്ടില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ പുലിയുടേതെന്നു സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തി. തുടര്‍ന്ന് വനംവകുപ്പുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാല്‍പാടുകള്‍ പുലിയുടേതല്ലെന്ന് സ്ഥിരീകരിച്ചതായി വനംവകുപ്പുദ്യോഗസ്ഥര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!