ChuttuvattomThodupuzha

പുലിക്കഥകള്‍ പെരുകുന്നു , പുലിപ്പേടിയില്‍ നാട് : മഞ്ഞമാവിലും പഴയമറ്റത്തും ക്യാമറ സ്ഥാപിച്ചു

തൊടുപുഴ : നഗരസഭാ പരിധിയിലും മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിലുമായി കറങ്ങുന്ന പുലിയെ കുടുക്കുന്നതിനായി മഞ്ഞമാവിലും പഴയമറ്റത്തും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ക്യാമറ സ്ഥാപിച്ചു.മൂന്നു ദിവസത്തിനുള്ളില്‍ ക്യാമറയില്‍ പുലിയുടെ സാന്നിധ്യം കണ്ടെത്തിയാല്‍ കൂട് സ്ഥാപിച്ച് പിടികൂടാനാണ് നീക്കം. നിലവില്‍ കരിങ്കുന്നം പഞ്ചായത്തിലെ പൊട്ടംപ്ലാവില്‍ കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ പുലി എത്തിയതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായില്ല. തൊടുപുഴ നഗരസഭയിലെ മഞ്ഞമാവില്‍ രണ്ടു നായ്ക്കളെ കാണാതായ പുത്തന്‍പുരക്കല്‍ സുദര്‍ശന്റെ പുരയിടത്തിലാണ് ക്യാമറ സ്ഥാപിച്ചത്. അവിടെ അവശേഷിക്കുന്ന മൂന്നു നായ്ക്കളെ പിടിക്കാന്‍ പുലി വീണ്ടും വന്നേക്കുമെന്നാണ് വനം വകുപ്പ് അധികൃതരുടെ പ്രതീക്ഷ. പുലി കടിച്ചുകൊന്ന നിലയില്‍ കുറുക്കന്റെ ജഡം കണ്ടതും ഇതിനു സമീപമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമേ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, കൗണ്‍സിലര്‍ ആര്‍. ഹരി എന്നിവരുടെ സാന്നിധ്യത്തിലാണ് ക്യാമറ സ്ഥാപിച്ചത്. മുട്ടം പഞ്ചായത്തിലെ പഴയമറ്റം കണ്ടെത്തിപീടികയിലും കഴിഞ്ഞദിവസം പുലിയെ കണ്ട സ്ഥലത്താണ് ക്യാമറ സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ലി അഗസ്റ്റിനും പൊതു പ്രവര്‍ത്തകരും വനം ഉദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു. പുലിയുടെ ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും ഇനി കൂടുതല്‍ കൂടുകള്‍ സ്ഥാപിക്കുകയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതിനിടെ പുലിയെ കണ്ടെത്തുന്നതിനായി ആര്‍ആര്‍ടിയുടെ സേവനം ലഭിക്കുന്നതിനായി തൊടുപുഴ റേഞ്ച് ഓഫീസര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ആര്‍ആര്‍ടിയുടെ സേവനം ലഭ്യമാക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍, പി.ജെ. ജോസഫ് എംഎല്‍എയ്ക്ക് ഉറപ്പു നല്‍കിയിരുന്നു. ഇതേസമയം, പുലിക്കഥകള്‍ നാടിനെ ഭീതിയിലാഴ്ത്തുകയാണ്. പുലിയെ കണ്ട കഥകള്‍കൊണ്ട് നാട് നിറയുന്നു. വീടിനു പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് നാടിനെ കൊണ്ടെത്തിച്ചിരിക്കുകയാണ്. പുലിക്കഥകളില്‍ വിശ്വസിക്കുന്നവരായി നാട്ടുകാരും മാറിക്കഴിഞ്ഞു. ഇതു വലിയൊരു ഭീതിയിലേക്കാണ് നാടിനെ നയിക്കുന്നത്. പുലിയെ കണ്ടതായി നാട്ടുകാരും വാഹനയാത്രക്കാരും പറയുന്നതു ഭീതിയോടെയാണ് കേള്‍ക്കേണ്ടിവരുന്നത്. ഇതില്‍ വനംവകുപ്പിന്റെ നിലപാടും നടപടിയുമാണ് ആവശ്യം. ജനങ്ങളെ ഭീതിയിലേക്കു തള്ളിവിടാതെ ശ്രദ്ധിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വമുണ്ട്.

പുലിയെ പിടികൂടണം : എഎപി

കരിങ്കുന്നം : രണ്ടു മാസമായി ജനങ്ങളെ ഭീതിയിലാഴ്ത്തി വിലസുന്ന പുലിയെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും അതുവരെ മേഖലയില്‍ പോലീസും വനംവകുപ്പും പട്രോളിംഗ് നടത്തണമെന്നും എഎപി കരിങ്കുന്നം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാല്‍പ്പതോളം വളര്‍ത്തുമൃഗങ്ങളെയാണ് പുലി ആക്രമിച്ചത്. പലതവണ പുലി നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടും വനംവകുപ്പിന്റെ നടപടികള്‍ പ്രഹസനമായി മാറുകയാണെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ബിബി പൈമ്പള്ളില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബീന കുര്യന്‍, നിയോജക മണ്ഡലം സെക്രട്ടറിമാരായ ബാബു, മണ്ഡലം സെക്രട്ടറി ജിയോ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!