ChuttuvattomThodupuzha

തൊടുപുഴയില്‍ ടിപ്പര്‍ ലോറികള്‍ അപകടത്തില്‍പ്പെട്ടു

തൊടുപുഴ: ആനക്കയം – തൊടുപുഴ റൂട്ടില്‍ രണ്ടിടത്ത് ടിപ്പര്‍ ലോറികള്‍ അപകടത്തില്‍പ്പെട്ടു.  തിങ്കളാഴ്ച്ച അഞ്ചിരിക്ക് സമീപവും ഇഞ്ചിയാനി റോഡില്‍ വട്ടമറ്റത്തുമാണ് അപകടം ഉണ്ടായത്. ഇരു സംഭവങ്ങളിലും ഡ്രൈവര്‍മാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഏഴരയോടെയായിരുന്നു ആദ്യ അപകടം. അഞ്ചിരി റോഡില്‍ അങ്കണവാടിക്ക് സമീപത്തെ വീടിന്റെ മതിലിനുള്ളില്‍ നിന്നിരുന്ന പ്ലാവിലേക്ക് കല്ലു കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വലിയ പ്ലാവ് ചുവടെ ലോറിയുടെ മുകളിലേക്ക് മറിഞ്ഞു. ഇതിനിടെ മതിലിന്റെ ഒരി ഭാഗവും തകര്‍ന്നു. മറ്റൊരു ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെയാണ് ലോറി പ്ലാവില്‍ ഇടിച്ചത്. ഇതെ തുടര്‍ന്ന് ഇതു വഴിയുള്ള ഗതാഗതം ഏറെ നേരം തടസപ്പെട്ടു. അഞ്ചിരിയിലെ ക്രഷറില്‍ നിന്ന് കല്ലു കയറ്റി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വീട്ടുകാര്‍ പരാതി ഉന്നയിച്ചതോടെ മതില്‍ പുനര്‍ നിര്‍മിക്കാനുള്ള പണം കൊടുക്കാമെന്ന ഉറപ്പ് നല്‍കിയാണ് പ്രശ്‌നം പരിഹരിച്ചത്. തുടര്‍ന്ന് ഏറെ നേരം പണിപ്പെട്ടാണ് ലോറിക്ക് മുകളില്‍ കുടുങ്ങിയ വലിയ പ്ലാവ് മുറിച്ചു നീക്കിയത്. തിങ്കളാഴ്ച്ച പതിനൊന്നോടെയായിരുന്നു രണ്ടാമത്തെ അപകടം. വട്ടമറ്റം ഭാഗത്ത് സ്വകാര്യ ബസിനു സൈഡ് കൊടുക്കുന്നതിനിടെ ടിപ്പര്‍ ലോറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നാണ് അപകടം. ഡ്രൈവര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. പിന്നീട് ക്രെയിന്‍ കൊണ്ടു വന്നാണ് ലോറി കരയിലെത്തിച്ചത്. അഞ്ചിരി, ഇഞ്ചിയാനി റൂട്ടുകളില്‍ ഉള്ള ക്രഷറിലേക്കും പാറമടകളിലേക്കും നൂറു കണക്കിനു ടോറസുകളും ടിപ്പര്‍ ലോറികളുമാണ് ദിവസവും ഇതുവഴി ഓടുന്നത്. രണ്ട് റോഡിനും ശരിയായ സംരക്ഷണ ഭിത്തികളില്ലാത്ത സ്ഥിതിയാണ്. വീതി കുറഞ്ഞ റോഡുകളില്‍ ലോഡ് കയറ്റി വരുന്ന ലോറികള്‍ മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ അപകടത്തില്‍പ്പെടുക പതിവാണ്.

Related Articles

Back to top button
error: Content is protected !!