AccidentThodupuzha

ട്രക്കിങിന് പോയ യുവാവ് അപകടത്തിൽപ്പെട്ടു

ഉടുമ്പന്നൂർ: മലയിഞ്ചി കീഴാർകുത്തിൽ ട്രക്കിങിന് പോയ എട്ടംഗ സംഘത്തിൽപ്പെട്ട യുവാവ് അപകടത്തിൽപ്പെട്ടു. ഇയാൾ ഗുരുതര പരിക്കില്ലാതെ രക്ഷപെട്ടു. എറണാകുളം ഫോർട്ട്‌ കൊച്ചി സ്വദേശി ജിജു (35) വാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ ഏഴേകാലോടെയാണ് എട്ട് പേരടങ്ങിയ സംഘം മലയിഞ്ചിയിൽ നിന്ന് ട്രക്കിങിന് പുറപ്പെടുന്നത്. ഇവർ 11-ന് കൊച്ചുകുത്ത് എന്ന് പറയുന്ന ഭാഗത്തെത്തി. കീഴാർകുത്തിന് ഒന്നര കിലോമീറ്റർ താഴ് ഭാഗത്താണ് കൊച്ചുകുത്ത്. ഇവിടെ പാറക്കെട്ടിൽ നിന്നും താഴേക്ക് ഇറങ്ങാൻ ശ്രമിക്കവേ ജിജു തെന്നി താഴെ വിഴുകയായിരുന്നു. പാറക്കെട്ടുകൾക്കിടയിലൂടെ താഴേയ്ക്ക് തെന്നി നീങ്ങി തലയ്ക്കും വാരിയെല്ലിനും കൈക്കും പരിക്കേറ്റ ജിജുവിന് എഴുന്നേറ്റ് നിൽക്കാനായില്ല. ഇതിനിടെ ഇയ്യാൾ ബോധരഹിതനാകുകയും ചെയ്തു. ഉടൻ തന്നെ സുഹൃത്തുക്കൾ ജിജുവിൻ്റെ അടുക്കലേക്കെത്തി പ്രാഥമിക ശുശ്രൂഷകൾ നൽകി. കൂടുതൽ താഴേക്ക് പതിക്കാതെ പാറയിൽ കിടത്തി ഒപ്പം നിന്നു. തുടർന്ന് പോലീസിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ തിരുവനന്തപുരത്തെ കൺട്രോൾ റൂമിലാണ് വിവരം ലഭിച്ചത്. ഇവിടെ നിന്നും കരിമണ്ണൂർ സ്റ്റേഷനിൽ വിവരമറിയിച്ചു. തുടര്‍ന്ന് എസ്ഐ ബിജു ജേക്കബ്, എഎസ്‌ഐ ജോസ് ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ഖാന്റെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നിന്നും അഗ്നി രക്ഷാസേനയും എത്തി. ഇവര്‍ക്കൊപ്പം നാട്ടുകാരും മലയിഞ്ചി ചാരിറ്റബിള്‍ സൊസൈറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് അപകടം നടന്ന സ്ഥലത്തെത്തി യുവാവിനെ സ്ട്രെച്ചറില്‍ കിടത്തി മലയിഞ്ചിയിൽ എത്തിക്കുകയായിരുന്നു. അഞ്ചര കിലോമീറ്ററോളം സ്ട്രെച്ചറിൽ വനത്തിനുള്ളിൽ കൂടി ചുമന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് വാഹനം എത്തുന്ന വഴിയിൽ എത്തിച്ചത്. വീഴ്ചയില്‍ സാരമായി പരിക്കേറ്റ ജിജുവിനെ ഫയർഫോഴ്സിൻ്റെ ആംബുലൻസിൽ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് വനംവകുപ്പധികൃതരും സ്ഥലത്തെത്തിയിരുന്നു. വന്യമൃഗങ്ങള്‍ ഏറെയുള്ള പ്രദേശത്താണ് യുവാവ് അപകടത്തില്‍പ്പെട്ടത്.

Related Articles

Back to top button
error: Content is protected !!