Idukki

പൈനാവ് 56 കോളനിയില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ടു

ഇടുക്കി : പൈനാവ് 56 കോളനിയില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ടു .കൊച്ചുമലയില്‍ അന്നക്കുട്ടി, മകന്‍ ലിന്‍സ് എന്നിവര്‍ താമസിക്കുന്ന വീടുകള്‍ക്കാണ് പുലര്‍ച്ചെ 3.30 ഓടെ തീയിട്ടത്. ഒരു വീട് അന്നക്കുട്ടിയുടെയും മകന്‍ ലിന്‍സിന്റേതുമാണ്. തൊട്ടടുത്ത് മകന്‍ ലിന്‍സ് വാടകയ്ക്ക് താമസിക്കുന്ന വീടുമാണുള്ളത്. അന്നക്കുട്ടിയുടെയും ലിന്‍സിന്റെയും വീട് പൂര്‍ണമായി കത്തി നശിച്ചു. ലിന്‍സ് താമസിക്കുന്ന വീട് ഭാഗീകമായി കത്തിനശിച്ചു. അപകടസമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. നാട്ടുകാരാണ് ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരമറിയിച്ചത്. പെട്രോളില്‍ മുക്കിയ പന്തം കത്തിച്ച് വീടിനുള്ളിലേക്ക് എറിഞ്ഞ് കത്തിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ദിവസം അന്നക്കുട്ടി (62), മകന്‍ ലിന്‍സിന്റെ മകള്‍ ലിയ (രണ്ടര) എന്നിവരെ മകളുടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയിരുന്നു. അന്നക്കുട്ടിയുടെ മകള്‍ പ്രിന്‍സിയുടെ ഭര്‍ത്താവ് കഞ്ഞിക്കുഴി നിരപ്പില്‍ സന്തോഷാണ് (45) തീ കൊളുത്തിയത്. ഇതിന് ശേഷം സന്തോഷ്, ആദ്യ വിവാഹത്തിലെ കുട്ടിയെ സഹോദരന്‍ സുഗതന്റെ വീട്ടിലാക്കി ഫോണ്‍ ഉപേക്ഷിച്ച് ഒളിവില്‍ പോവുകയായിരുന്നു. പൊള്ളലേറ്റ അന്നക്കുട്ടിയെയും ലിയയെയും ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇറ്റലിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന സന്തോഷിന്റെ ഭാര്യ പ്രിന്‍സിയെ തിരിച്ച് വിളിക്കണമെന്നും ഭാര്യയുടെ ശമ്പളം തനിക്ക് നല്‍കണമെന്നും സന്തോഷ് അന്നക്കുട്ടിയോട് ആവശ്യപ്പെട്ടു. പേരക്കുട്ടിയായ ലിയയെ കൈയില്‍ എടുത്ത് വീടിനുള്ളിലിരുന്ന അന്നക്കുട്ടി ഇതിനെ എതിര്‍ത്തു.പെട്ടെന്ന് തന്നെ സന്തോഷ് വീടിനകത്ത് കയറി അന്നക്കുട്ടിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. അന്നക്കുട്ടിയുടെ മുഖത്തും നെഞ്ചിലും 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. കുട്ടിയ്ക്ക് 20 ശതമാനവും പൊള്ളലുണ്ട്.വിവരം അറിഞ്ഞെത്തിയ അന്നക്കുട്ടിയുടെ ബന്ധുക്കള്‍ വൈകിട്ട് സന്തോഷിന്റെ സഹോദരന്‍ സുഗതനും ജോഷി ചെറുതോണിയിലും ചേര്‍ന്ന് നടത്തുന്ന അമ്പാടി ഹോട്ടല്‍ അടിച്ച് തകര്‍ത്തിരുന്നു.

Related Articles

Back to top button
error: Content is protected !!