ChuttuvattomThodupuzha

അര്‍ബന്‍ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അന്വേഷണം നടത്തണം: യുഡിഎഫ്

തൊടുപുഴ : റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരം 2022 ഫെബ്രുവരിമുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ച അര്‍ബന്‍ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നും ഇവിടെ നടന്ന അഴിമതി സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും യുഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടു. ബാങ്കിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടുള്ള സമരപരിപാടികളുടെ ഭാഗമായി 26 മുതല്‍ ജൂലൈ മൂന്നുവരെ ജനകീയ കണ്‍വന്‍ഷനുകളും രണ്ടുമുതല്‍ ഓഗസ്റ്റ് ആറുവരെ ബാങ്ക് ബ്രാഞ്ചുകള്‍ക്കു മുന്നില്‍ തുടര്‍സമരങ്ങളും നടത്തും. ഈട് വസ്തുക്കളുടെ വില പെരുപ്പിച്ചുകാണിച്ചും മതിയായ രേഖകളില്ലാതെയും വായ്പാപരിധി ലംഘിച്ചും നല്‍കിയ വായ്പകള്‍ തിരികെപിടിക്കാന്‍ കഴിയാതെ ബാങ്കിന് 100 കോടിയിലേറെ രൂപയാണ് ഭരണസമിതി നഷ്ടംവരുത്തിവച്ചത്.

ബാങ്കിന്റെ പ്രവര്‍ത്തനം തടഞ്ഞിരിക്കുന്നതിനാല്‍ നിരവധിപ്പേരുടെ നിക്ഷേപം തിരികെ ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ്. അധികൃതരുടെ സമ്മര്‍ദത്തെത്തുടര്‍ന്നു അര്‍ബന്‍ ബാങ്കില്‍ നിക്ഷേപം നടത്തിയ 11ഓളം സഹകരണ സംഘങ്ങള്‍ക്ക് ഇതു തിരിച്ചുനല്‍കാത്തതിനാല്‍ സംഘങ്ങളുടെ പ്രവര്‍ത്തനവും തകര്‍ച്ചനേരിടുകയാണ്. അഴിമതിക്ക് കൂട്ടുനിന്ന ബാങ്ക് ചെയര്‍മാന്‍, ജീവനക്കാര്‍ എന്നിവരുടെ പേരില്‍ നടപടി സ്വീകരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. വായ്പാകുടിശിക ഈടാക്കുന്നതിന് ഈട് വസ്തുക്കളുടെ ലേലവും വില്‍പ്പനയും നടത്തുന്നതിനും അഴിമതിയാണ് നടക്കുന്നത്. 23.5 കോടി ഈടാക്കേണ്ട 19 ഈട് വസ്തുക്കള്‍ ഒന്പതുകോടിക്കാണ് ലേലം ചെയ്യാന്‍ പരസ്യം നല്‍കിയിട്ടുള്ളത്. ഇത്തരം നടപടികള്‍ സ്വീകരിക്കുന്ന ഭരണസമിതിയില്‍ റിസര്‍വ് ബാങ്കിനും ബാങ്ക് അംഗങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെട്ട പശ്ചാത്തലത്തില്‍ ചെയര്‍മാനും ഭരണസമിതിയംഗങ്ങളും രാജിവയ്ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!