ThodupuzhaVannappuram

വയോധികയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസ് : പ്രതി കുറ്റക്കാരനെന്ന് കോടതി

തൊടുപുഴ : വണ്ണപ്പുറം കുവപ്പുറം ആറുപങ്കില്‍ സിറ്റിയില്‍ വയോധികയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി ശ്രീജേഷ് കുറ്റക്കാരനെന്ന് കോടതി. പുത്തന്‍പുരയ്ക്കല്‍ വേലായുധന്റെ ഭാര്യ പാപ്പിയമ്മയെ തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ പാപ്പിയമ്മയുടെ മകന്‍ ശ്രീധരന്റെ മകന്‍ ശ്രീജേഷ് കുറ്റക്കാരനാണെന്നാണ് തൊടുപുഴ രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കോടതി കണ്ടെത്തിയത്. കേസില്‍ ജഡ്ജി കെ.എന്‍. ഹരികുമാര്‍ നാളെ വിധി പറയും. പ്രതി ശ്രീജേഷും പിതാവ് ശ്രീധരനും പാപ്പിയമ്മയും താമസിച്ചു വന്നിരുന്ന വീട്ടില്‍ 2020 മേയ് 14ന് പ്രതി ശ്രീജേഷ് പാപ്പിയമ്മയുടെ തലയില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

കേസില്‍ 26 സാക്ഷികളെ വിസ്തരിച്ചു. സാഹചര്യത്തെളിവുകളുടെയും പാപ്പിയമ്മയുടെ മരണ മൊഴിയുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ശാസ്ത്രീയ തെളിവുകളും പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും നിര്‍ണായകമായി. കാളിയാര്‍ എസ്.ഐയായിരുന്ന വി.സി. വിഷ്ണുകുമാര്‍ രജിസ്റ്റര്‍ ചെയ്ത് പ്രാഥമികാന്വേഷണം നടത്തിയ കേസില്‍ സി.ഐ. ബി.പങ്കജാക്ഷനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഏബിള്‍ സി. കുര്യന്‍ ഹാജരായി.

Related Articles

Back to top button
error: Content is protected !!