ChuttuvattomThodupuzha

വാട്ടര്‍ അതോറിറ്റി ഡിവിഷന്‍ ഓഫീസ് മാറ്റാന്‍ നീക്കം

തൊടുപുഴ: വാട്ടര്‍ അതോറിറ്റി ഡിവിഷന്‍ ഓഫീസ് തൊടുപുഴയില്‍ നിന്നും പൈനാവിലേക്ക് മാറ്റാന്‍ നീക്കമെന്ന് ആക്ഷേപം. 1984ല്‍ പബ്ലിക് ഹെല്‍ത്ത് എന്‍ജിനിയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് കേരളാ വാട്ടര്‍ അതോറിറ്റിയാക്കി മാറ്റുന്നതിനു വര്‍ഷങ്ങള്‍ക്ക് മുന്‍പേ നിലവിലുണ്ടായിരുന്ന തൊടുപുഴയിലെ ഓഫീസാണ് പൈനാവിലേക്കു മാറ്റുന്നതിനായി നീക്കം നടക്കുന്നത്. ജില്ലയില്‍ തൊടുപുഴയും കട്ടപ്പനയും കേന്ദ്രീകരിച്ച് രണ്ടു മെയിന്റനന്‍സ് ഡിവിഷനുകളാണ് ഉണ്ടായിരുന്നത്. കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷന്‍ ഓഫീസ് പിന്നീട് പ്രോജക്ട് ഡിവിഷനാക്കി മാറ്റി. 2024 ല്‍ ജല്‍ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുമ്പോള്‍ പ്രോജക്ട് ഡിവിഷനുകളുടെ പ്രസക്തി നഷ്ടമാകും. അതിനാല്‍ മലയോര മേഖലയ്ക്കായി കട്ടപ്പന ഡിവിഷന്‍ തിരിച്ച് മെയിന്റനന്‍സ് ഡിവിഷനാക്കി മാറ്റാം. തൊടുപുഴ ഡിവിഷന്‍ ഓഫീസിനു കീഴില്‍ തൊടുപുഴ, പീരുമേട്, പൈനാവ് സബ്ഡിവിഷനുകളിലായി 59,000 വാട്ടര്‍ കണക്ഷനുകള്‍ നിലവിലുള്ളതില്‍ 40,200 കണക്ഷനുകള്‍ തൊടുപുഴ മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലുമാണ് സ്ഥിതി ചെയ്യുന്നത്. ബാക്കിയുള്ളവയില്‍ 11,000 എണ്ണം പീരുമേട്ടിലും 7800 കണക്ഷനുകള്‍ പൈനാവിലുമാണ്.പൊതു ജനങ്ങളെ ഏറ്റവും അധികം ബാധിക്കുന്ന കുടിവെള്ള കണക്ഷനുകള്‍ 70 ശതമാനവും സ്ഥിതി ചെയ്യുന്നത് തൊടുപുഴയിലും സമീപ പ്രദേശങ്ങളിലുമായതിനാല്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ വരുമാനത്തിന്റെ സിംഹഭാഗവും ലഭിക്കുന്നത് ഇവിടെ നിന്നുമാണ്. ഉപഭോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഓഫീസ് തൊടുപുഴയില്‍ തന്നെ നിലനിര്‍ത്തമെന്നാണ് ജനങ്ങളുടെ ആവശ്യം. ഡിവിഷന്‍ ഓഫീസ് മാറ്റുന്നതിനുള്ള നടപടികള്‍ നിര്‍ത്തിവച്ച് തിരുമാനം പുനഃപരിശോധിക്കണമെന്ന് കേരളാ വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!