ChuttuvattomThodupuzha

മലങ്കര കനാലുകളിലൂടെ വെള്ളം കടത്തി വിടല്‍ ആരംഭിച്ചു

മുട്ടം: മലങ്കര അണക്കെട്ടില്‍ നിന്ന് കനാലുകളിലൂടെ വെള്ളം കടത്തി വിടല്‍ ആരംഭിച്ചു. ഇന്നലെ രാവിലെയാണ് കനാലുകള്‍ തുറന്നത്. കനാലിലൂടെ വെള്ളം കടത്തി വിടുന്നതിന് വേണ്ടി വെള്ളിയാഴ്ച്ച രാവിലെ മുതല്‍ മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു.
ഒന്നര മാസക്കാലമായിട്ട് അണക്കെട്ടില്‍ ജലനിരപ്പ് 36 മീറ്ററായി താഴ്ത്തിയിരുന്നു.ഇതേ തുടര്‍ന്ന് അണക്കെട്ടില്‍ നിന്നുള്ള ഇടത്, വലത് കനാലുകളിലൂടെ വെള്ളം കടത്തി വിടാന്‍ കഴിയാത്ത അവസ്ഥയായി.കനാല്‍ കടന്ന് പോകുന്ന പ്രദേശങ്ങളിലെ 26 ഓളം തദ്ദേശ സ്ഥാപനങ്ങളില്‍ അതി രൂക്ഷമായ കുടി വെള്ള ക്ഷാമമാണ് അനുഭവപ്പെട്ടത്. ജനങ്ങള്‍ കുടി വെള്ളത്തിന് വേണ്ടി പരക്കം പായുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയിരുന്നത്.കൂടാതെ പ്രദേശത്തെ കാര്‍ഷിക മേഖലയേയും പ്രശ്നം അതി രൂക്ഷമായി ബാധിച്ചിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് 39 മീറ്ററായി ഉയര്‍ത്താന്‍ എം.വി.ഐ.പി, കെ.എസ്.ഇ.ബി അധികൃതര്‍ അടിയന്തിരമായി ഇടപെട്ടത്.കനാലിലൂടെ വെള്ളം കടത്തി വിടാന്‍ അണക്കെട്ടിലെ 6 ഷട്ടറുകളും പൂര്‍ണമായും താഴ്ത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് തൊടുപുഴ ആറ്റില്‍ നീരോഴുക്ക് താഴ്ന്ന അവസ്ഥയാണ്.

 

Related Articles

Back to top button
error: Content is protected !!