ChuttuvattomIdukkiThodupuzha

ഇടുക്കിയിലെ വന്യ ജീവി ശല്യം; പ്രശ്‌ന പരിഹാരത്തിന് ഇടത് സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി

തൊടുപുഴ : ഇടുക്കിയിലെ വന്യജീവി ശല്യം പരിഹരിക്കാന്‍ മുഖ്യമന്ത്രിയായി എട്ട് വര്‍ഷം കഴിഞ്ഞിട്ടും പിണറായി വിജയന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി ആരോപിച്ചു. വന്യജീവി ശല്യം തടയാനുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ മൂന്നാര്‍ ചിന്നക്കാനാല്‍ മേഖലയില്‍ പ്രേത്യേക പാക്കേജ് അനുവദിക്കുക, ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി 1964 നിയമ പ്രകാരമുള്ള പട്ടയവിതരണം പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുക, ചിന്നക്കാനാല്‍ റിസര്‍വ് ഫോറസ്റ്റ് വിഞ്ജാപനം റദ്ദ് ചെയ്ത് പുനര്‍വിഞ്ജാപനം ഇറക്കുക, മതികെട്ടാനില്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണായി അന്തിമ വിഞ്ജാപനമിറക്കിയത് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിക്കുക, 1964 റൂള്‍ പ്രകാരമുള്ള ജില്ലയിലെ പട്ടയവിതരണം തുടരുന്നതിന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുക എന്നിവയാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ച ആവശ്യം.

എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് പക്ഷ സര്‍ക്കാര്‍ ആയിരക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നത്തിന് ശാശ്വത പരിഹാരത്തിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനോ, ഇവിടുത്തെ ദുരിതം രേഖപ്പെടുത്തി നിവേദനം നല്‍കാനോ പോലും തയ്യാറായിട്ടില്ല. വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ജില്ലയില്‍ പ്രതിക്കൂട്ടിലാണെന്നും ഡീന്‍ പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് പാര്‍ട്ടി നിര്‍ദേശപ്രകാരം മൂന്നാറില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചത്. എന്നാല്‍ വിഷയത്തില്‍ താനും പാര്‍ട്ടിയും സമരങ്ങള്‍ തുടരുമെന്നും ഡീന്‍ പറഞ്ഞു. നിരാഹാര സമരം തുടങ്ങിയ ദിവസം വനംമന്ത്രി ഒരു കത്ത് നല്‍കിയിരുന്നു. ആനകളെ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിക്കും, പ്രത്യേക ആര്‍.ആര്‍.ടി സംഘത്തെ മേഖലയില്‍ നിയോഗിക്കും, കാട്ടാന ആക്രമണങ്ങള്‍ രൂക്ഷമായ മേഖലകളില്‍ വനംവകുപ്പിന്റെയും പോലീസിന്റെയും സംയുക്ത നിരീക്ഷണം എന്നീ ഉറപ്പുകളാണ് അന്ന് വനംമന്ത്രി നല്‍കിയത്. എന്നാല്‍ പ്രശ്നക്കാരായ ആനകളെ പ്രദേശത്തുനിന്ന് പിടിച്ച് മാറ്റാന്‍ നടപടി വേണമെന്ന് ഉറച്ച് നിന്നതിനാലാണ് സമരം തുടര്‍ന്നതെന്ന് ഡീന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!