Vannappuram

25 ഏക്കര്‍ കത്തിയമര്‍ന്നു ; കുലുക്കമില്ലാതെ വനം വകുപ്പ്

വണ്ണപ്പുറം : ഏക്കറുക്കണക്കിന് വനഭൂമി കത്തിയമര്‍ന്നിട്ടും തിരിഞ്ഞുനോക്കാതെ വനം വകുപ്പ്. മുള്ളരിങ്ങാട് ചുള്ളിക്കണ്ടം മേഖലയിലാണ് കഴിഞ്ഞ ദിവസം 25 ഏക്കര്‍ വനം കത്തിനശിച്ചത്.കാട് കത്തുന്ന വിവരം പഞ്ചായത്തംഗം വനംവകുപ്പിനെ അറിയിച്ചിട്ടും ഇവര്‍ ഇവിടേയ്ക്ക് എത്തി നോക്കിയില്ലെന്നാണ് ആക്ഷേപം. കഴിഞ്ഞ ഒന്നിനാണ് വെള്ളക്കയം സെറ്റില്‍മെന്റു കോളനിക്കു സമീപത്തെ വനത്തില്‍ തീ പടര്‍ന്നത്. പഞ്ചായത്തംഗം വിഷ്ണു കെ. ചന്ദ്രന്‍ ചുള്ളിക്കണ്ടം വനംവകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചു.

എന്നാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തേയ്ക്ക് എത്തി നോക്കുക പോലും ചെയ്തില്ലെന്ന് പഞ്ചായത്തംഗം പറഞ്ഞു. പിന്നീട് നാട്ടുകാരുടെ ശ്രമഫലമായാണ് തീ സമീപത്തുള്ള കൃഷിയിടങ്ങളിലേയ്ക്ക് കടക്കാതെ തടയാന്‍ കഴിഞ്ഞത്. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രദേശത്ത് തീ പടര്‍ന്നു പിടിച്ചിരുന്നു. 25ഏക്കറോളം വനഭൂമി ഇപ്പോള്‍ തന്നെ കത്തിനശിച്ചതായാണ് സൂചന. മുള്ളരിങ്ങാട് റേഞ്ച് ഓഫീസിലും കോതമംഗലം ഡിഎഫ്ഒ ഓഫീസിലും അറിയിച്ചിട്ടും തീയണയ്ക്കാന്‍ വനംവകുപ്പ് തയാറായില്ല. രണ്ടു വാച്ചര്‍മാരെ പറഞ്ഞയച്ചെങ്കിലും ഇവര്‍ക്കും തീ അണയ്ക്കാന്‍ സാധിച്ചില്ല. തുടര്‍ന്നു തിരുവനന്തപുരം വനം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചതിനെ തുടര്‍ന്നു രണ്ടു വാഹനത്തില്‍ വനംവകുപ്പ് ജീവനക്കാര്‍ എത്തിയെങ്കിലും തീകത്തുന്നതിന് രണ്ടു കിലോമീറ്റര്‍ അപ്പുറം വരെ വന്ന് ഇവര്‍ തിരിച്ചുപോയതായി നാട്ടുകാര്‍ പറയുന്നു.

സ്വന്തം പട്ടയഭൂമിയിലെയും കൈവശ ഭൂമിയിലെയും മരം മുറിക്കുന്നവര്‍ക്കെതിരെ കേസും ഭീഷണിയും മുഴക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വന്‍തോതില്‍ വനം കത്തി നശിച്ചിട്ടും തീയണക്കാന്‍ ഒരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. കാടു കത്തിയാല്‍ വന്യമൃഗങ്ങള്‍ കൂട്ടമായി നാട്ടില്‍ ഇറങ്ങാനും സാധ്യതയുണ്ട്. കൂടാതെ കാട്ടരുവികളിലെ നീര്‍ച്ചാലുകള്‍ വറ്റി വരളുന്നതിനാല്‍ കുടിവെള്ളക്ഷാമത്തിനും കാരണമാകും. എന്നാല്‍ തീ പിടിച്ച വിവരം അറിഞ്ഞ ഉടനെ കെടുത്താന്‍ നടപടി സ്വീകരിച്ചിരുന്നെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും കാടിനു തീയിട്ടവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണെന്നും മുള്ളരിങ്ങാട് റേഞ്ച് ഓഫീസര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!