Kerala

ആഫ്രിക്കന്‍ പന്നിപ്പനി; രോഗം കണ്ടെത്തിയ ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും

കല്‍പ്പറ്റ : വയനാട് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗം കണ്ടെത്തിയ ഫാമുകളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളെയും കൊന്നൊടുക്കും. പത്തുകിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. മനുഷ്യരിലേക്ക് പകരില്ലെങ്കിലും രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളിലേക്ക് പുറത്തുനിന്നുള്ളവരുടെ പ്രവേശനം വിലക്കി. വയനാട് മാനന്തവാടിയിലെ രണ്ട് വാര്‍ഡുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. രോഗം കണ്ടെത്തിയ തവിഞ്ഞാലിലെ ഫാമില്‍ മൂന്നോറോളം പന്നികളുണ്ട്. ഇവയെ ഉടന്‍ കൊന്നൊടുക്കാനാണ് മൃഗ സംരക്ഷണ വകുപ്പിന്റെ തീരുമാനം. ഇതിനായി വിദഗ്ധ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യും. രണ്ട് ദിവസത്തിനുള്ളില്‍ പന്നികളെ കൊന്നൊടുക്കും. വൈറസ് രോഗമായതിനാല്‍ കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങള്‍ പ്രകാരമാണ് സംസ്‌കരിക്കുക. പന്നിഫാമുകളില്‍ ജോലി ചെയ്യുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി. കാട്ടുപന്നികളിലും രോഗം വരാനാള്ള സാധ്യതയുണ്ട്. രോഗം സ്ഥിരീകരിച്ച മേഖലകളില്‍ നിന്നും പന്നിമാംസം വിതരണം ചെയ്യുന്നതിനും വില്‍പന നടത്തുന്നതിനും നിരോധനമുണ്ട്. രോഗ വ്യാപനം തടയുന്നതിനായി ചെക്ക്‌പോസ്റ്റുകളിലെ പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.വയനാട്ടില്‍ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേരളത്തിലെ മുഴുവന്‍ പന്നി ഫാമുകള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. പന്നികള്‍ ചത്താലോ രോഗം ഉണ്ടായാലോ ഉടന്‍ സര്‍ക്കാരിനെ അറിയിക്കണമെന്നാണ് നിര്‍ദേശം. എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കര്‍ശനമാക്കും.ഫാമുകള്‍ അണുവിമുക്തമാക്കാനും നിര്‍ദേശം നല്‍കി. പുറത്ത് നിന്നുള്ളവരെ ഫാമുകളിലേക്ക് പ്രവേശിപ്പിക്കില്ല. പന്നികളെ ബാധിക്കുന്ന അതിഗുരുതരമായ ഈ രോഗത്തിന് ഫലപ്രദമായ ചികില്‍സയോ വാക്‌സീനോ നിലവിലില്ല.

Related Articles

Back to top button
error: Content is protected !!