ChuttuvattompoliticsThodupuzha

കേരളത്തില്‍ 20 സീറ്റിലും ബിജെപി പരാജയപ്പെടും : എം.വി. ഗോവിന്ദന്‍

തൊടുപുഴ: കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് രാഷ്ട്രീയ മത്സരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബിജെപിക്ക് കേരളത്തിലെ ഒരു മണ്ഡലത്തിലും നിര്‍ണായകമായ സ്വാധീനമില്ലെന്നും 20 മണ്ഡലത്തിലും പരാജയപ്പെടുമെന്നും അദ്ദേഹം തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇ.പി. ജയരാജനെതിരേ കൂടുതല്‍ തെളിവ് കൊണ്ടുവരുന്നെങ്കില്‍ കൊണ്ടുവരട്ടെ. അതിന് മറുപടി പറയാന്‍ ജയരാജന് സാധിക്കും. ഒന്നിനെയും ഭയക്കേണ്ട കാര്യമില്ല. പൗരത്വവുമായി ബന്ധപ്പെട്ട് നടത്തുന്ന ഭരണഘടനാ സംരക്ഷണറാലിയില്‍ എല്ലാവരെയും പങ്കെടുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പൗരത്വ ഭേദഗതി എന്നുപറഞ്ഞ് നടപ്പാക്കുന്ന ഹിന്ദുത്വ അജണ്ടയിലേക്കുള്ള നീക്കത്തെ ഫലപ്രദമായി പ്രതിരോധിക്കും. പ്രവേശിക്കാന്‍ സാധിക്കാത്ത സ്ഥലങ്ങളിലും ഉപജാപകവൃന്ദത്തെ ഉപയോഗിച്ച് പ്രവേശിക്കാനാണ് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്തിയുടെ ശ്രമം. കലാമണ്ഡലം ഗോപിയാശാന്റെ മകന്റെ പ്രസ്താവനയിലൂടെ ഇതാണ് മനസിലാക്കേണ്ടത്.

കോണ്‍ഗ്രസിന്റെ ന്യായ് യാത്രയും ഇന്ത്യ സഖ്യവും രണ്ടും രണ്ടാണ്. ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുള്ള വലിയ ജനകീയ മുന്നേറ്റമാണ് ഉണ്ടാകണ്ടത്. അതിന്റെ മുന്നില്‍ത്തന്നെ ഇടതുപക്ഷം ഉണ്ടാകും. കേരളം ഉത്തരേന്ത്യയല്ലെന്ന സി.കെ. പദ്മനാഭന്റെ പ്രസ്താവന ബിജെപിക്കുള്ള മറുപടിയാണ്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സമദൂരം എന്ന നിലപാട് എല്‍ഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കിയില്‍ എല്‍ഡിഎഫിന് വിജയം ഉറപ്പാണ്. എസ്. രാജേന്ദ്രന്റെ അംഗത്വം പുതുക്കി അദ്ദേഹത്തെ പാര്‍ട്ടിയുടെ നേതൃനിരയില്‍ത്തന്നെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!