Velliyamattom

കുടിവെള്ളത്തില്‍ രാസമാലിന്യം : എംഡിഎഫ് ഫാക്ടറിക്കെതിരേ വീണ്ടും പരാതിയുമായി നാട്ടുകാര്‍

വെള്ളിയാമറ്റം : പഞ്ചായത്തിലെ ഇളംദേശം ഭാഗത്തു പ്രവര്‍ത്തിക്കുന്ന എംഡിഎഫ് ഫാക്ടറിയില്‍ നിന്നും വടക്കനാറിലേയ്ക്കു വീണ്ടും രാസവസ്തുക്കള്‍ ഒഴുക്കി വിടുന്നതായി പരാതി.പഞ്ചായത്തിലെ പ്രധാനപ്പെട്ട ജലസ്രോതസായ വടക്കനാറിലേക്കു ഫാക്ടറി മാലിന്യം ഒഴുക്കി വിടുന്നതുമൂലം പ്രദേശവാസികള്‍ ഏറെ ബുദ്ധിമുട്ടനുഭവിക്കുകയാണ്. ജനങ്ങള്‍ കുടിവെള്ളത്തിനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ജലമാണ് ഇതു മൂലം മലിനമാക്കപ്പെടുന്നത്. നാട്ടുകാര്‍ ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഇപ്പോഴും ഫാക്ടറിയില്‍നിന്നുള്ള മാലിന്യം പുഴയിലേക്ക് ഒഴുക്കി വിടുന്ന പതിവ് തുടരുകയാണ്. നാട്ടുകാരുടെ എതിര്‍പ്പ് വക വയ്ക്കാതെ കഴിഞ്ഞ ദിവസം വീണ്ടും ഫാക്ടറി മാലിന്യങ്ങള്‍ പുഴയിലേക്കൊഴുക്കി.

കഴിഞ്ഞ മാസവും ഫാക്ടറിയില്‍നിന്നുള്ള മാലിന്യങ്ങള്‍ വടക്കനാറിലേക്ക് ഒഴുക്കിയിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നു പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് കാരണം കാണിയ്ക്കല്‍ നോട്ടീസും നല്‍കി. ഫാക്ടറിയില്‍ നിന്നുള്ള മലിന ജലം വടക്കാനാറിലേയ്ക്ക് ഒഴുക്കുന്നത് ഒട്ടേറെ ശുദ്ധജല പദ്ധതികള്‍ സ്ഥിതി ചെയ്യുന്ന മലങ്കര ജലാശയത്തിനും ഭീഷണിയായി മാറിയിട്ടുണ്ട്. ഇതിനു പുറമെ വടക്കനാറിലെ വെള്ളം ഉപയോഗിക്കുന്നവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം വടക്കനാറില്‍ കുളിച്ച ആളുകള്‍ക്ക് ശരീരം ചൊറിഞ്ഞു തടിക്കുകയും ചെയ്തിരുന്നു. മാരകമായ ഫോര്‍മാലിഹൈഡ് അടക്കമുള്ള വിഷ വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇവിടെ ഉത്പന്ന നിര്‍മാണം നടത്തുന്നത്.

ഇതില്‍നിന്നുള്ള മലിന വസ്തുക്കളാണ് വടക്കനാറിലേക്ക് പുറന്തള്ളുന്നത്. ഇതു സംബന്ധിച്ച് വെള്ളിയാമറ്റം പഞ്ചായത്ത്, ആരോഗ്യവകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍, തഹസില്‍ദാര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും രാസവസ്തുക്കള്‍ കലര്‍ന്ന മലിന ജലം വടക്കനാറിലേയ്ക്ക് ഒഴുക്കിയത്. പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പഞ്ചായത്ത്, ആരോഗ്യ, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു.

 

Related Articles

Back to top button
error: Content is protected !!