ChuttuvattomIdukki

ജില്ലാ ആസ്ഥാനം വികസന പാതയില്‍; നടപ്പാക്കുന്നത് നിരവധി പദ്ധതികള്‍: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: അടിസ്ഥാനസൗകര്യ വികസനവുമായി ബന്ധപ്പെട്ട് ജില്ലാ ആസ്ഥാനത്ത് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ചെറുതോണി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച വാഴത്തോപ്പ് കുടുംബശ്രീ സി ഡി എസ് രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചെറുതോണിയും പരിസരപ്രദേശങ്ങളും വികസന പാതയിലാണ്. ജീവനക്കാര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിനായി എട്ടേമുക്കാല്‍ കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തുന്നവരുടെ കൂട്ടിരുപ്പുകാര്‍ക്ക് താമസത്തിനും വിശ്രമത്തിനുമായി മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് 4 കോടി രൂപ ചെലവില്‍ ആശ്രയഭവന്‍ നിര്‍മ്മിക്കും. ജില്ലാ ആസ്ഥാനത്ത് പുതിയ പ്രൈവറ്റ് ബസ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍, 25 ഏക്കര്‍ സ്ഥലത്ത് അതിവിശാലമായ ഇറിഗേഷന്‍ മ്യൂസിയം, 50 കോടി ചിലവില്‍ 37 ഏക്കറില്‍ ചരിത്ര മ്യൂസിയം, മള്‍ട്ടിപ്ലക്‌സ് തീയറ്റര്‍ സമുച്ഛയം, ഫുഡ് പാര്‍ക്ക് തുടങ്ങി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ജില്ലാ ആസ്ഥാനത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യമിട്ട് തുടങ്ങിയ കുടുംബശ്രീ പ്രസ്ഥാനം ഇന്ന് സംസ്ഥാനത്ത് എല്ലാ മേഖലയിലും വിജയം കൈവരിച്ചു. കുടുംബശ്രീ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീകള്‍ ആര്‍ജിച്ച ശക്തി നാടിന് മുതല്‍ക്കൂട്ടാണെന്നും മന്ത്രി പറഞ്ഞു. ബെര്‍ലിനില്‍ നടന്ന സ്‌പെഷ്യല്‍ ഒളിമ്പിക്‌സില്‍ വെള്ളി മെഡല്‍ നേടിയ ഉപ്പുതോട് സ്വദേശി ശ്രീക്കുട്ടി നാരായണനെ ചടങ്ങില്‍ മന്ത്രി അനുമോദിച്ചു. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. യോഗത്തില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍ അധ്യക്ഷത വഹിച്ചു. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി ഓണ്‍ലൈനായി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യന്‍, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഡിറ്റാജ് ജോസഫ്, ആന്‍സി തോമസ്, സിജി ചാക്കോ, ഏലിയാമ്മ ജോയി, ആലീസ് ജോസ്, പ്രഭ തങ്കച്ചന്‍, രാജു ജോസഫ്, പി.വി. അജേഷ് കുമാര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!