ChuttuvattomThodupuzha

ഇഞ്ചിയാനി മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

തൊടുപുഴ: ആലക്കോട് പഞ്ചായത്തിലെ ഇഞ്ചിയാനി മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. വീട്ടാവശ്യത്തിനുള്‍പ്പെടെ വിലകൊടുത്ത് വാഹനത്തില്‍ വെള്ളമെത്തിക്കേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍. വര്‍ഷങ്ങളായി കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മലയോര മേഖലയായ ഇഞ്ചിയാനിയിലേക്കും പരിസരങ്ങളിലേക്കും വാട്ടര്‍ അഥോറിറ്റി അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നും പരാതിയുണ്ട്. കേരള വാട്ടര്‍ അഥോറിറ്റിയുടേത് മുതല്‍ ജപ്പാന്‍ കുടിവെള്ള പദ്ധതികള്‍ തുടങ്ങി ഇവിടെ അനവധിയുണ്ട്. പക്ഷേ വീടുകളിലും റോഡിലുമായി സ്ഥാപിച്ചിരിക്കുന്ന പൈപ്പുകള്‍ തുറന്നാല്‍ വെള്ളം വരില്ലെന്ന് മാത്രം. മലങ്കര ജലാശയത്തിലെ കോളപ്രയില്‍ സ്ഥാപിച്ച പമ്പ് ഹൗസില്‍ നിന്നുള്ള വെള്ളം വിവിധയിടങ്ങളില്‍ നിര്‍മിച്ചിരിക്കുന്ന ടാങ്കുകളിലെത്തിച്ചാണ് ഉയര്‍ന്ന പ്രദേശമായ ഇഞ്ചിയാനിയിലും പരിസരങ്ങളിലും വിതരണം ചെയ്തിരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജലസ്രോതസായ മലങ്കരയിലെ ജലനിരപ്പ് താഴ്ത്തിയതിനാല്‍ പമ്പിങ് പൂര്‍ണമായും നിലച്ചു. ഇതേ തുര്‍ന്ന് പണം മുടക്കി വാഹനത്തിലെത്തിക്കുന്ന വെള്ളമാണ് ഇവിടെ വിതരണം ചെയ്യുന്നത്. ഇത് പലപ്പോഴും വീട്ടാവശ്യങ്ങള്‍ക്ക് തികയാറുമില്ല.
കൂനിന്‍മേല്‍ കുരുവെന്ന പോലാണ് ഇഞ്ചിയാനി മേഖലയിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നം. വേനലായാലും മഴക്കാലമായാലും വാഹനത്തിലെത്തിക്കുന്ന കുടിവെള്ളം കാശ് കൊടുത്ത് വാങ്ങേണ്ട നിരവധി കുടുംബങ്ങളാണ് ഇവിടെയുള്ളത്. പൈപ്പ് സ്ഥാപിച്ചത് മുതല്‍ കണക്ഷന്‍ കൊടുത്തതില്‍ വരെയുള്ള അശാസ്ത്രീയതയാണ് ഇതിന് കാരണം. താഴ്ന്ന പ്രദേശത്ത് അടുത്ത കാലത്തായി നൂറ് കണക്കിന് വീടുകളില്‍ പൈപ്പ് കണക്ഷനുകള്‍ നല്‍കി. അതിനാല്‍ പമ്പിങ് സമയത്ത് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് വെള്ളം ലഭിക്കില്ല. ഇതേ തുടര്‍ന്ന് ഇടവെട്ടി, ആലക്കോട് എന്നിവിടങ്ങളില്‍ നിന്നും വാഹനങ്ങളിലെത്തിക്കുന്ന വെള്ളം വാങ്ങേണ്ട അവസ്ഥയിലാണ് പ്രദേശവാസികള്‍. ഇതിനായി വലിയൊരു തുക ദിവസേന ആവശ്യമാണ്. ഇത് സാമ്പത്തിക പരാധീനതയിലുള്ള കുടുംബങ്ങളെയടക്കം വലിയ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

പരാതി അവഗണിച്ച് വാട്ടര്‍ അഥോറിറ്റി

പതിറ്റാണ്ടുകളായി ഇവിടെ താമസിക്കുന്നവര്‍ നിരവധി പ്രാവശ്യം പരാതിയുമായി മന്ത്രി ഉള്‍പ്പെടെയുള്ള അധികൃതരെ സമീപിച്ചിട്ടുണ്ട്. പരാതി ശക്തമാകുമ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന സമീപനമാണ് വാട്ടര്‍ അഥോറിറ്റി സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്‌കൂള്‍, അംഗന്‍വാടി, ദേവാലയങ്ങള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളും ഇഞ്ചിയാനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഇനിയും അകലെയാണ്. ഇക്കാര്യത്തില്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ നേരിട്ട് ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!