ChuttuvattomThodupuzha

വരള്‍ച്ചാ കൃഷിനാശം : ജില്ലയില്‍ 175.54 കോടിയുടെ നഷ്ടം ; മന്ത്രി പി. പ്രസാദ് ഇന്ന് ജില്ലയില്‍

തൊടുപുഴ : വരള്‍ച്ചയെ തുടര്‍ന്ന് ജില്ലയിലുണ്ടായ കനത്ത കൃഷിനാശം വിലയിരുത്തുന്നതിനായി കൃഷി മന്ത്രി പി.പ്രസാദ് ഇന്ന് ജില്ലയില്‍ സന്ദര്‍ശനം നടത്തും.മന്ത്രി റോഷി അഗസ്റ്റിനും സന്ദര്‍ശനത്തില്‍ പങ്കെടുക്കും. രാവിലെ 9ന് കുമളി പഞ്ചായത്തിലെ വെള്ളാരംകുന്നിലാണ് ആദ്യ സന്ദര്‍ശനം. തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തിയ ശേഷം ഉച്ചയോടെ കട്ടപ്പന ഹില്‍ ടൗണ്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ യോഗം ചേരും. ജനപ്രതിനിധികള്‍ , കര്‍ഷകര്‍, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രൂക്ഷമായ വരള്‍ച്ച ജില്ലയുടെ കാര്‍ഷികമേഖലയെ സാരമായി ബാധിച്ചതാണ് കൃഷി വകുപ്പിന്റെ റിപ്പോര്‍ട്ട്. 17481.52 ഹെക്ടര്‍ സ്ഥലത്താണ് കൃഷിനാശം ഉണ്ടായത്. 30183 കര്‍ഷകരെ ഇത് ബാധിച്ചു. 175.54 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്ക്.

ഏലം കര്‍ഷകരെയാണ് വരള്‍ച്ച ഏറെ ബാധിച്ചത്. 22,311 കര്‍ഷകരുടെ 16220.6 ഹെക്ടറിലെ ഏലം ഉണങ്ങി നശിച്ചു. 113.54 കോടിയുടെ നഷ്ടമുണ്ടായതായാണ് കൃഷി വകുപ്പിന്റെ കണക്ക്. 39.46 കോടിയുടെ കുരുമുളക് കൃഷിയും 12.56 കോടിയുടെ വാഴ കൃഷിയും നശിച്ചു. മറ്റു നാണ്യ വിളകളെയും പച്ചക്കറി കൃഷിയെയും വരള്‍ച്ച സാരമായി ബാധിച്ചു. വ്യാപക കൃഷി നാശം കണക്കിലെടുത്ത് ജില്ലയ്ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് കൃഷി മന്ത്രി ജില്ലയിലെ കാര്‍ഷിക മേഖലകള്‍ സന്ദര്‍ശിക്കുന്നത്.

തോട്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണം : പിഎല്‍സി

ഇടുക്കി : അതി കഠിനമായ വേനല്‍ച്ചൂടിലും വരള്‍ച്ചയിലും വ്യാപകമായ കൃഷി നാശം സംഭവിച്ച തോട്ടം മേഖലയ്ക്കായി സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഉഷ്ണതരംഗ സമാനമായ വേനല്‍ച്ചൂട് തോട്ടം മേഖലയിലെ ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്നും പകുതിയിലധികം തോട്ടവിളകളും പൂര്‍ണമായി നശിച്ച നിലയിലാണെന്നും അഡീ. ലേബര്‍ കമ്മീഷണര്‍ കെ.ശ്രീലാലിന്റെ അധ്യക്ഷതയില്‍ തൊഴില്‍ഭവനില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

പ്രതിസന്ധിയിലായ തോട്ടം മേഖലയിലെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തിയില്ലെങ്കില്‍ മേഖലയെ ആശ്രയിച്ച് കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെയും കര്‍ഷകരുടെയും ജീവിതം ദുരിതത്തിലാകും. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള റബര്‍, ടീ, കോഫി, സ്‌പൈസസ് ബോര്‍ഡുകള്‍ അടിയന്തരമായി നഷ്ടപരിഹാര പാക്കേജ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ചീഫ് ഇന്‍സ്‌പെക്ടര്‍ ഓഫ് പ്ലാന്റേഷന്‍സ് എം.ജി. സുരേഷ്‌കുമാര്‍,തൊഴിലാളി സംഘടന പ്രതിനിധികളായ വാഴൂര്‍ സോമന്‍ എംഎല്‍എ, പി.എസ്. രാജന്‍, സി.കെ. ഉണ്ണികൃഷ്ണന്‍, എസ്. ജയമോഹന്‍, പി.വി. സഹദേവന്‍, പി.എസ്. ചെറിയാന്‍ കെ. രാജേഷ്, പി.കെ.മൂര്‍ത്തി, ഇളമണ്ണൂര്‍ രവി, എ.കെ. മണി,പി.ജെ. ജോയ് , പി.പി. അലി, എന്‍.ബി. ശശിധരന്‍, ടി. ഹംസ എന്നിവരും തൊഴിലുടമാ പ്രതിനിധികളും പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!