Kerala

സായാഹ്ന വാർത്തകൾ

 

2022 | ജൂൺ 12 | ഞായർ | 1197 | ഇടവം 29 | വിശാഖം

◼️കേന്ദ്രസര്‍ക്കാരിനും പ്രതിപക്ഷത്തിനുമെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ എതിരാളികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപെടുത്താനാണ് കേന്ദ്രത്തിന്റെ ശ്രമം. സോണിയക്കും രാഹുലിനും നോട്ടീസ് നല്‍കിയത് കോണ്‍ഗ്രസുകാര്‍ അറിഞ്ഞിട്ടില്ല. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ മാറ്റാന്‍ ശ്രമം നടക്കുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണം ഉണ്ടാകുന്നു. ഹിറ്റ്ലറുടെ നയം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു. ഇറ്റലിയില്‍ പോയി ഫാസിസ്റ്റു പാര്‍ട്ടിയെ കണ്ടൂ പഠിച്ചവരാണ് ആര്‍എസ്എസ്. കേരളത്തില്‍ നടക്കുന്നത് ധ്രുവീകരണ ശ്രമങ്ങള്‍. അറക്കാന്‍ പോവുന്ന ആടിന് പ്ലാവില കാണിക്കുകയാണ്. സംസ്ഥാനത്ത് ന്യൂനപക്ഷ വര്‍ഗീയത രൂപം കൊണ്ടിരിക്കുന്നു. വര്‍ഗീയതയെ വര്‍ഗീയത കൊണ്ടല്ല നേരിടേണ്ടത്. മലപ്പുറത്ത് ഇ എംഎസ് ദേശിയ സെമിനാറില്‍ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു

◼️മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടും കര്‍ശന സുരക്ഷ. മലപ്പുറത്തെ രണ്ട് പരിപാടികള്‍ക്ക് ശേഷം ഉച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി കോഴിക്കോട് പങ്കെടുക്കുന്ന പരിപാടി. മുഖ്യമന്ത്രിക്ക് വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും കുറ്റിപ്പുറം കെടിഡിസി ഹോട്ടലിന് ചുറ്റും കനത്ത നിയന്ത്രണം ഒരുക്കിയിരുന്നു. സമീപത്തെ ഹോട്ടലുകളും അടപ്പിച്ചു. വന്‍ പൊലീസ് കാവലാണ് സ്ഥലത്ത് ഒരുക്കിയിരുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി കുറ്റിപ്പുറം- പൊന്നാനി റോഡും അടച്ചിരുന്നു. പൊതുജനങ്ങള്‍ ബദല്‍ റോഡിലൂടെ കടന്ന് പോകണമെന്നായിരുന്നു നിര്‍ദ്ദേശം. അതിനിടെ, മലപ്പുറത്തും പൊതുജനങ്ങള്‍ ധരിച്ച കറുത്ത മാസ്‌ക്കുകള്‍ അഴിപ്പിച്ചു. പകരം മറ്റ് നിറങ്ങളിലുള്ള മാസ്‌ക്കുകള്‍ പൊലീസ് നല്‍കി.

◼️മുഖ്യമന്ത്രിയേ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതേക്കുറിച്ച് കൃത്യമായ സൂചന കിട്ടിയത് കൊണ്ടാണ് സുരക്ഷ കൂട്ടിയത്. സുരക്ഷകൂട്ടി എന്ന് ആക്ഷേപിച്ച് അപകടം ഉണ്ടാക്കാനാണ് നീക്കം. വിമോചന സമര മാതൃകയില്‍ സമരത്തിന് ശ്രമമെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

◼️മുഖ്യമന്ത്രിയുടെ സുരക്ഷ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് മന്ത്രി എം വി ഗോവിന്ദന്‍. സുരക്ഷ നല്‍കേണ്ട സന്ദര്‍ഭത്തില്‍ ആവശ്യമായ സുരക്ഷ മുഖ്യമന്ത്രിക്ക് വേണം. മാസ്‌ക് പ്രതിഷേധത്തിന് ഉപകരണമാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

◼️മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കെന്ന പേരില്‍ പൊതുജനങ്ങളെ കറുത്ത മാസ്‌ക് ധരിക്കുന്നതില്‍ നിന്ന് വിലക്കിയതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കറുത്ത മാസ്‌ക് തന്നെ ധരിക്കണമെന്ന് എന്താണിത്ര നിര്‍ബന്ധം. കറുത്ത ഷര്‍ട്ട് ധരിച്ചാണോ എല്ലായിടത്തും പോകുന്നത് എന്നും ഇ പി ജയരാജന്‍ ചോദിച്ചു. എറണാകുളത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിലേക്ക് ട്രാന്‍സ്ജെന്‍ഡേഴ്സിനെ അയച്ച് ചടങ്ങ് അലങ്കോലപ്പെടുത്തുകയായിരുന്നു ആര്‍എസ്എസ് ലക്ഷ്യമെന്നും ഇ പി ജയരാജന്‍ പറഞ്ഞു .

◼️മുഖ്യമന്ത്രിയുടെ സുരക്ഷക്കെന്ന പേരില്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ക്രമീകരണങ്ങള്‍ക്കെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി രംഗത്ത്. താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല എന്നും തനിക്കെതിരെ കല്ലേറു വരെ ഉണ്ടായി എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്. എന്നാല്‍ കരിങ്കൊടി പ്രതിഷേധം പാടില്ല എന്നു പറയാനാവില്ല. കറുത്ത മാസ്‌ക് പോലും പാടില്ല എന്നു പറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഉമ്മന്‍ചാണ്ടി വ്യക്തമാക്കി .

◼️ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സൈ്വര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്ക് അഗോറഫോബിയയാണ്. പിണറായിയുടെ ഈ അമിതഭയത്തിന്റെ ഇരകള്‍ സാധാരണക്കാരായ മനുഷ്യരാണെന്ന് പറയുന്ന ചെന്നിത്തല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഭയം വളരുന്നത് എത്ര അപഹാസ്യമാണെന്നും പരിഹസിക്കുന്നു.

◼️വിജിലന്‍സ് മേധാവി ആയിരുന്ന അജിത്കുമാര്‍ ഷാജ് കിരണിനെ വിളിച്ചത് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടിയെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഹിറ്റ്ലറെ പോലും തോല്‍പ്പിക്കും വിധമാണ് പിണറായിയുടെ പെരുമാറ്റമെന്നും നൂറു കണക്കിന് പൊലീസുകാരെ ചുറ്റും നിര്‍ത്തി തന്നോട് വിരട്ടല്‍ വേണ്ട എന്ന് പറയുകയാണെന്നും മുരളീധരന്‍ വിമര്‍ശിച്ചു.

◼️മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ ഭീതിയിലാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രി പോകുമ്പോള്‍ ജനങ്ങളെ ബന്ദിയാക്കുന്നു. മുണ്ടുടുത്ത നരേന്ദ്ര മോദിയാണ് പിണറായി വിജയന്‍. നേരത്തെ പ്രധാനമന്ത്രിയുടെ പരിപാടിയിലാണ് കറുപ്പ് നിറം ഒഴിവാക്കിയത്. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. ഇങ്ങനെയാണെങ്കില്‍ മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലതെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

◼️പോത്ത് ചുവപ്പ് നിറം കണ്ടാല്‍ പേടിക്കുന്നതു പോലെ മുഖ്യമന്ത്രി പിണറായി വിജയന് കറുപ്പ് കണ്ടാല്‍ പേടിയാണെന്ന് കെ മുരളീധരന്‍ എംപി. സമനില തെറ്റിയ പോലെ മുഖ്യമന്ത്രി പെരുമാറുന്നു. പൊതു സമ്മേളനത്തില്‍ നടത്തുന്ന വീരവാദം എന്ത് കൊണ്ട് വാര്‍ത്താ സമ്മേളനം നടത്തി പറയുന്നില്ലെന്നും മുരളീധരന്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കണം. കുരിശ് കണ്ട ഡ്രാക്കുളയെ പോലെയാണ് കറുപ്പ് കണ്ടാല്‍ മുഖ്യമന്ത്രി. സ്വപ്നയുടെ മൊഴിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം, അല്ലെങ്കില്‍ മനസമാധനത്തില്‍ പുറത്തിറങ്ങി നടക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. ഹിറ്റ്ലര്‍ ഭരണമാണോ കേരളത്തില്‍ നടക്കുന്നതെന്നും മുരളീധരന്‍ ചോദിച്ചു.

◼️മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ കറുത്ത മാസ്‌ക്കിനും കറുത്ത വസ്ത്രത്തിനും വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തയില്‍ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് കമ്മ്യൂണിസത്തിന്റെ മൂത്താപ്പയായ കാറല്‍ മാര്‍ക്സ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കമ്മ്യൂണിസത്തെ മയക്കുന്ന മദമാണ് ഇപ്പോള്‍ കറുപ്പെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.

◼️മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണം അന്വേഷിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പ്രതികരിച്ചു.

◼️മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണയുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. അര്‍ഥശൂന്യമായ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം. സ്വര്‍ണ്ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമുണ്ടായതാണ്. സ്വര്‍ണ്ണക്കടത്ത് ചര്‍ച്ച ചെയ്ത, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് അനുകൂലമായ ജനവിധിയുണ്ടായി. ഇപ്പോഴത്തേത് പിണറായിയെ ലക്ഷ്യം വച്ചുള്ള നീക്കമാണെന്നും കാരാട്ട് വ്യക്തമാക്കി.

◼️മലപ്പുറത്ത് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മന്ത്രി വി അബ്ദുറഹ്‌മാന്റെ വാഹനം തടഞ്ഞ് പ്രതിഷേധക്കാര്‍. കുറ്റിപ്പുറം പാലത്തില്‍ വെച്ചാണ് യൂത്ത് കോണ്‍ഗ്രസ്- മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയുടെ വാഹനം തടഞ്ഞത്. തുടര്‍ന്ന് പൊലീസ് എത്തി പ്രതിഷേധിച്ചവരെ മാറ്റി മന്ത്രിയുടെ വാഹനം കടത്തി വിട്ടു.

◼️സ്വപ്നയ്ക്ക് എതിരായ പരാതിയില്‍ ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ചോദ്യംചെയ്യാന്‍ പൊലീസ്. ഇരുവരോടും ഉടന്‍ ഹാജരാകണമെന്ന് പൊലീസ് അറിയിച്ചു. . സ്വപ്നയുമായുള്ള സംഭാഷണത്തിന്റെ വീഡിയോ കിട്ടിയാല്‍ ഉടന്‍ കേരളത്തില്‍ എത്തുമെന്ന് ഷാജ് കിരണ്‍ പറഞ്ഞു. തന്നെ കെണിയില്‍ പെടുത്താന്‍ ഗൂഢാലോചന നടന്നെന്നും സ്വപ്നയുടെ ഫോണ്‍ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട് ഷാജ് കിരണ്‍ ഡിജിപിക്ക് ഇന്നലെ പരാതി നല്‍കിയിരുന്നു.

◼️സ്വന്തം സുരക്ഷ വര്‍ധിപ്പിച്ച് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. രണ്ട് ജീവനക്കാര്‍ മുഴുവന്‍ സമയവും സ്വപ്നയ്ക്കൊപ്പം ഉണ്ടാകും. അതേസമയം പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സ്വപ്ന പറഞ്ഞു.

◼️കെഎസ്ആര്‍ടിസിക്ക് വീണ്ടും ധനസഹായം അനുവദിച്ച് ധനവകുപ്പ്. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കിയ വകയില്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് തിരികെ നല്‍കേണ്ട തുകയായ 145.17 കോടി രൂപയാണ് അനുവദിച്ചത്. ശമ്പളം നല്‍കാന്‍ നേരത്തെ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചിരുന്നു. 35 കോടി രൂപ കൂടി വേണമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റിന്റെ ആവശ്യം. അതിനിടെ ശമ്പളം വൈകുന്നതിനെതിരായ സമരം ശക്തമാക്കാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.

◼️തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ നിന്നും തൊണ്ടിമുതലായ സ്വര്‍ണവും വെള്ളിയും പണവും മോഷ്ടിച്ചതിന് പിന്നില്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ തന്നെയാണെന്ന് കണ്ടെത്തല്‍. കോടതിയില്‍ സൂക്ഷിച്ച 110 പവന്‍ സ്വര്‍ണവും 140 ഗ്രാം വെള്ളിയും 47000 രൂപയുമാണ് മോഷണം പോയത്. 2010 മുതല്‍ 2019 വരെ കോടതിയിലേക്കെത്തിയ സ്വര്‍ണമാണ് മോഷ്ടിച്ചത്.
ഇപ്പോള്‍ വിരമിച്ച, 2020 ലെ സീനിയര്‍ സൂപ്രണ്ടായിരുന്ന ആളാണ് മോഷണത്തിന് പിന്നിലെന്ന് വകുപ്പുതല പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. . ഇയാള്‍ക്ക് പുറമേ നിന്ന് സഹായം ലഭിച്ചോയെന്നും അന്വേഷിക്കും.

◼️ഐടി പാര്‍ക്കുകളില്‍ പുതുതായി തുടങ്ങുന്ന ബാറുകളുടെ നടത്തിപ്പ് ചുമതല ബാറുടമകള്‍ക്ക് നല്‍കാന്‍ എക്സൈസ് വകുപ്പിന്റെ കരട് വിജ്ഞാപനത്തില്‍ ശുപാര്‍ശ. ലൈസന്‍സ് അനുവദിക്കുക ഐടി കമ്പനികള്‍ക്കായിരിക്കും. ഏതു സ്റ്റാര്‍ പദവിയിലുള്ള ബാര്‍ ഹോട്ടലുകാര്‍ക്കാണ് നടത്തിപ്പ് ചുമതല നല്‍കുന്നതെന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കും.

◼️ചിറയിന്‍കീഴില്‍ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചയാള്‍ മരിച്ചു. വേങ്ങോട് സ്വദേശി ചന്ദ്രന്‍ ആണ് മരിച്ചത്. മോഷണ കുറ്റം ആരോപിച്ച് കഴിഞ്ഞമാസം 28 ന് ചന്ദ്രനെ നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചിരുന്നു. ഇതിന് ദിവസങ്ങള്‍ക്ക് പിന്നാലെയാണ് ചന്ദ്രന്റെ മരണം. അള്‍സറിന് ചികിത്സ തേടി ചന്ദ്രന്‍ മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. തുടര്‍ന്ന് ശസ്ത്രക്രിയയും നടത്തിയിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ മരണകാരണം വ്യക്തമാകു.പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ മോഷണ കുറ്റത്തിന് ചന്ദ്രനെതിരെ പൊലീസ് കേസ് എടുത്തിരുന്നില്ല. ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് എതിരെ ചന്ദ്രന്‍ പരാതിയും നല്‍കിയിരുന്നില്ല.

◼️രാജ്യത്തെ കൊവിഡ് പ്രതിദിന കണക്കില്‍ വീണ്ടും വര്‍ധനവ്. 8582 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. നാല് മരണവും സ്ഥിരീകരിച്ചു. ടിപിആര്‍ നിരക്ക് 2.71 ശതമാനം .അതിനിടെ കൊവിഡ് വ്യാപനത്തില്‍ ജാഗ്രത കൈവിടരുതെന്ന് ഓര്‍മ്മിപ്പിച്ച് കേന്ദ്രം വീണ്ടും രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി.സംസ്ഥാനത്ത് ഇന്നലെ 2415 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എറണാകുളത്താണ് കൂടുതല്‍ കേസുകള്‍, 796. തിരുവനന്തപുരത്ത് 368ഉം കോട്ടയത്ത് 260ഉം കോഴിക്കോട് 213 ഉം കേസുകളാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. കോവിഡ് കേസുകള്‍ ഉയരുന്നതിനൊപ്പം സംസ്ഥാനത്ത് ചെള്ളുപനി കേസുകളും ഉയരുന്നു. തിരുവനന്തപുരത്ത് മാത്രം രണ്ട് പേരാണ് ചെളള് പനി ബാധിച്ച് മരിച്ചത്.

◼️പഞ്ചാബിലെ അമൃത്സറില്‍ എഎപി നേതാവിന്റെ മകന്റെ വെടിയേറ്റ് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്ക്. പൊലീസ് നോക്കി നില്‍ക്കെയാണ് വെടിവെപ്പുണ്ടായത്. ഭൂമിയിടപാടിലെ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. ഗുരുപ്രതാപ് സിങ് എന്നയാളാണ് കൊല്ലപ്പെട്ടത്. എഎപി കൗണ്‍സിലര്‍ ദല്‍ബീര്‍ കൗറിന്റ മകന്‍ ചരണ്‍ ദീപ് സിങ് ബാബയാണ് വെടിവച്ചതെന്ന് പൊലീസ് പറഞ്ഞു.

◼️സെലിബ്രറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ലയെ ബഞ്ചാരാ ഹില്‍സിലെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശൗചാലയത്തിലാണ് മൃതദേഹം കിടന്നിരുന്നത്.

◼️രാജ്യത്ത് പെട്രോള്‍- ഡീസല്‍ ഉപഭോഗം കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. മേയ് മാസത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 23.8 ശതമാനമാണ് വര്‍ദ്ധന രേഖപ്പെടുത്തിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്‍ പുറത്തുവിട്ട കണക്കുകളാണിത്. മേയില്‍ 18.27 ദശലക്ഷം ടണ്ണായിരുന്നു ഇന്ത്യയിലെ ഇന്ധന ഉപഭോഗം. 2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ ഉപഭോഗ വര്‍ദ്ധനയാണ് ഇത്. മേയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഡീസലിന്റെ ഉപഭോഗം 31.7 ശതമാനം ഉയര്‍ന്നു. 7.29 ദശലക്ഷം ടണ്ണാണ് ഡീസല്‍ ഉപഭോഗം. മേയിലെ പെട്രോള്‍ ഉപഭോഗം 51.5ശതമാനം ഉയര്‍ന്നു. 3.02 ദശലക്ഷം ടണ്ണായിരുന്നു മേയിലെ ആകെ പെട്രോള്‍ ഉപഭോഗം.

◼️ലോകസമ്പദ്വ്യവസ്ഥയില്‍ വിലക്കയറ്റ ഭീഷണി ഉയര്‍ത്തി യു.എസിലെ നാണയപ്പെരുപ്പ നിരക്കുകളില്‍ വീണ്ടും വര്‍ദ്ധന രേഖപ്പെടുത്തി. ഈ വര്‍ഷം മേയില്‍ വാര്‍ഷിക വിലക്കയറ്റ നിരക്ക് 40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 8.6 ശതമാനത്തിലെത്തി. ഇതോടെ വീണ്ടും ദ്രുതഗതിയിലുള്ള നിരക്കു വര്‍ദ്ധനയുമായി യു.എസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുന്നോട്ടുപോകുമെന്ന് ഉറപ്പായി. താമസം, ഭക്ഷണം, ഇന്ധനം തുടങ്ങിയവയിലുണ്ടായ വര്‍ദ്ധനയാണ് നിരക്ക് കൂടാനിടയാക്കിയതെന്ന് യു.എസ് തൊഴില്‍മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. നാണയപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ഫെഡറല്‍ റിസര്‍വിന്റെ യോഗങ്ങളില്‍ പലിശനിരക്ക് വര്‍ദ്ധനയ്ക്ക് സാദ്ധ്യതയേറി.

◼️ദിലീഷ് പോത്തന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. നവാഗതനായ ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ധ്യാന്‍ ശ്രീനിവാസനാണ്. ഒപ്പം ഒരു പ്രധാന കഥാപാത്രത്തെയും ധ്യാന്‍ അവതരിപ്പിക്കുന്നുണ്ട്. മാത്യു തോമസ്, അജു വര്‍ഗീസ് , സൈജു കുറുപ്പ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. പുതുമുഖം മാളവിക മനോജാണ് ചിത്രത്തില്‍ നായികയാകുന്നത്. ശ്രീജിത്ത് രവി, ഗോവിന്ദ് വി പൈ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവര്‍ക്കൊപ്പം നടന്‍ ശ്രീജിത്ത് രവിയുടെ മകന്‍ മാസ്റ്റര്‍ ഋതുണ്‍ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

◼️മമ്മൂട്ടിയെ നായകനാക്കി കെ മധു സംവിധാനം ചെയ്ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം സിബിഐ 5 (ഒടിടി പ്ലാറ്റ്ഫോമില്‍ സ്ട്രീമിംഗ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ കാണാനാവും. മലയാള സിനിമ ഈ വര്‍ഷം കാത്തിരുന്ന പ്രധാന റിലീസുകളില്‍ ഒന്നായിരുന്നു സിബിഐ ഫ്രാഞ്ചൈസിയിലെ അഞ്ചാം ചിത്രമായ സിബിഐ 5 ദ് ബ്രെയിന്‍. ചിത്രം ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. ആദ്യ 9 ദിനങ്ങളില്‍ നിന്ന് 17 കോടിയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് മാത്രം നേടിയത്.

◼️ബജാജ് ഓട്ടോ പൂനെയിലെ അകുര്‍ദിയില്‍ പുതുതായി നിര്‍മ്മിച്ച ഇവി നിര്‍മ്മാണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു. ബജാജ് 1970-കളില്‍ അക്രുദിയില്‍ നിന്നായിരുന്നു ആദ്യ ചേതക് പുറത്തിറക്കിയത്. ഈ സ്‌കൂട്ടര്‍ പിന്നീട് ഇന്ത്യന്‍ ഇരുചക്ര വാഹനലോകത്തെ ഐക്കണിക്ക് മോഡലായി മാറി. 2019ല്‍, കമ്പനി ഒരു ഇലക്ട്രിക് സ്‌കൂട്ടറിന്റെ രൂപത്തില്‍ ചേതക്കിനെ വീണ്ടും അവതരിപ്പിച്ചു. വാഹനത്തിന്റെ മൊത്തത്തിലുള്ള വില്‍പ്പന 14,000 യൂണിറ്റുകള്‍ കടന്നു. ഏകദേശം 16,000 ബുക്കിംഗ് നിലവില്‍ ഉണ്ട്. ഡിമാന്‍ഡിനെ അടിസ്ഥാനമാക്കി, പ്ലാന്റിന്റെ ശേഷി അതിവേഗം വികസിപ്പിച്ച് പ്രതിവര്‍ഷം 500,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് കമ്പനി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

◼️’ഖസാക്കിന്റെ ഇതിഹാസം’ പ്രസിദ്ധീകരിച്ച് ഇരുപതു വര്‍ഷം കഴിഞ്ഞപ്പോള്‍ ഇതിഹാസകാരന്‍ ആ രചനാകാലത്തേക്കൊന്നു തിരിഞ്ഞുനോക്കി — അത് മറ്റൊരു ഇതിഹാസമായി. തന്റെ രചനയെ ചുറ്റിപ്പറ്റി വളര്‍ന്ന ആശയഗതികളെപ്പറ്റി തന്റെ മനോഭാവവും നോവലിന്റെ മനോഭാവവും വെളിപ്പെടുത്തുന്ന അപൂര്‍വ്വരചന. ‘ഇതിഹാസത്തിന്റെ ഇതിഹാസം’. ഒ വി വിജയന്‍. ആറാം പതിപ്പ്. ഡിസി ബുക്സ്. വില 94 രൂപ.

◼️സംസ്ഥാനത്ത് വീണ്ടും ചെള്ള് പനി ചെറിയ രീതിയില്‍ പടരുന്നതായാണ് സൂചന. ബാക്ടീരിയ പടര്‍ത്തുന്നൊരു രോഗമാണിത്. ‘ഒറിയെന്‍ഷ്യ സുസുഗാമുഷി’ എന്ന് പേരുള്ള ബാക്ടീരിയയാണ് രോഗകാരി. സാധാരണഗതിയില്‍ എലി, അണ്ണാന്‍, മുയല്‍ പോലുള്ള ജീവികളിലാണ് ഈ ബാക്ടീരിയ അടങ്ങിയ ചെള്ളുകള്‍ കാണപ്പെടുന്നത്. ഈ മൃഗങ്ങളുമായി അടുത്തിടപഴകുന്നത് വഴി ചെള്ളിലൂടെയാണ് രോഗം മനുഷ്യരിലേക്ക് എത്തുന്നത്. ചെള്ള് മനുഷ്യരെ കടിക്കുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് രോഗകാരിയായ ബാക്ടീരിയ ശരീരത്തിലെത്തുന്നത്. പ്രധാനമായും പനിയാണ് രോഗത്തിന്റെ ലക്ഷണം. അതുകൊണ്ടാണിതിനെ ചെള്ള് പനിയെന്ന് വിളിക്കുന്നതും. ചെള്ള് കടിയേറ്റ്, രോഗകാരി ശരീരത്തിലെത്തി രണ്ടാഴ്ചയ്ക്കകം തന്നെ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ഒന്നാമതായി കടിയേറ്റ ഭാഗത്തെ ഇരുണ്ട നിറമാണ് ലക്ഷണം. സാധാരണഗതിയില്‍ ഇത്തരത്തില്‍ ചെള്ള് കടിയേല്‍ക്കുക കാല്‍വണ്ണ, കക്ഷം, സ്വകാര്യഭാഗങ്ങള്‍, കഴുത്ത് എന്നിവിടങ്ങളില്‍ എല്ലാമാണ്. കടുത്ത പനി, വിറയല്‍, തലവേദന, ശരീരവേദന, കണ്ണ് കലങ്ങി ചുവന്ന നിറം പടരുക, നീര്‍ വന്നതുപോലെ കഴല- വേദന, ചുമ, ദഹനപ്രശ്നങ്ങള്‍ എന്നിവയാണ് ചെള്ള് പനിയുടെ ലക്ഷണങ്ങളായി വരിക. അസുഖം കൂടുതല്‍ ഗുരുതരമാണെങ്കില്‍ രക്തസ്രാവത്തിനും കാരണാമാകും. അതുപോലെ ഹൃദയം, തലച്ചോര്‍, ശ്വാസകോശം എന്നീ സുപ്രധാന അവയവങ്ങളെയെല്ലാം രോഗം ഗൗരവമായി ബാധിക്കാം. ഇതുമൂലം മരണവും സംഭവിക്കാം. രോഗം തിരിച്ചറിഞ്ഞ് ആദ്യം മുതല്‍ തന്നെ ചികിത്സ എടുത്തില്ലെങ്കിലാണ് ഗുരുതരമാകാനുള്ള സാധ്യതകളേറുന്നത്. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങള്‍ മനസിലാക്കി രോഗം എളുപ്പത്തില്‍ തന്നെ തിരിച്ചറിഞ്ഞ് എത്രയും പെട്ടെന്ന് ചികിത്സ ലഭ്യമാക്കുക നിര്‍ബന്ധം.

 

Related Articles

Back to top button
error: Content is protected !!