IdukkiLocal LiveThodupuzha

അവധിയാഘോഷം : ജില്ലയില്‍ എത്തിയത് രണ്ടു ലക്ഷം സന്ദര്‍ശകര്‍

തൊടുപുഴ: ക്രിസ്മസ്, പുതുവത്സരാഘോഷത്തിനായി ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് സന്ദര്‍ശകര്‍.രണ്ടു ലക്ഷത്തില്‍പരം സഞ്ചാരികളാണ് ഡിസംബര്‍ 23 മുതല്‍ 31 വരെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയത്.
ഡിടിപിസിയുടെ കീഴിലുള്ള പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ മാത്രം 2,03,430 പേര്‍ സന്ദര്‍ശനം നടത്തി. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് വാഗമണ്‍ മൊട്ടക്കുന്നിലാണ്. 63,211 പേര്‍. 55,889 സഞ്ചാരികള്‍ വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കിലും എത്തി. പുതുവത്സര ദിനത്തില്‍ 14402 പേരും സന്ദര്‍ശനം നടത്തി.
മാട്ടുപ്പെട്ടി-4,015, രാമക്കല്‍മേട് – 17,521, അരുവിക്കുഴി- 2,373, ശ്രീനാരായണപുരം- 10,629, വാഗമണ്‍ മൊട്ടക്കുന്ന്- 63,211, വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്ക്- 55,889, പാഞ്ചാലിമേട് – 13,388, ഇടുക്കി ഹില്‍വ്യൂ പാര്‍ക്ക്- 13,826, മൂന്നാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍- 22,578 എന്നിങ്ങനെയാണ് ഡിടിപിസിയുടെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലെത്തിയവരുടെ കണക്ക്. വാഗമണ്ണില്‍ ആധുനിക ഗ്ലാസ് ബ്രിഡ്ജ് സന്ദര്‍ശകര്‍ക്കായി തുറന്നതാണ് ഇവിടെ തിരക്ക് വര്‍ധിക്കാന്‍ ഇടയാക്കിയത്. 9,801 പേരാണ് ഈ ക്രിസ്മസ്, പുതുവത്സര അവധിക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഈ കാന്‍ഡി ലിവര്‍ ചില്ലുപാലം സന്ദര്‍ശിച്ചത്.
ക്രിസ്മസ് ദിനത്തില്‍ 28,233 പേരും പുതുവല്‍സരം ആഘോഷിക്കാന്‍ 21,159 പേരും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെത്തി. ക്രിസ്മസിന് വാഗമണ്‍ അഡ്വഞ്ചര്‍ പാര്‍ക്കില്‍ 6968 പേരും പുതുവത്സരത്തിന് 6082 പേരും മൊട്ടക്കുന്നില്‍ ക്രിസ്മസിന് 8570 പേരും പുതുവത്സരത്തിന് 6082 സന്ദര്‍ശകരും 5928 പേരും എത്തി.
പുതുവത്സരദിനത്തില്‍ മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലും തിരക്കേറിയിരുന്നു. 2360 പേരാണ് ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ അന്ന് സന്ദര്‍ശിച്ചത്. ഇതിനു പുറമേ വനംവകുപ്പിന്റെ കീഴിലുള്ള ഇക്കോ ടൂറിസം കേന്ദ്രങ്ങളിലും പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഒട്ടേറെ സഞ്ചാരികളെത്തി.
കഴിഞ്ഞ ക്രിസ്മസ്, പുതുവത്സര അവധിക്കാലത്ത് എത്തിയതിനെക്കാള്‍ കൂടുതല്‍ സഞ്ചാരികള്‍ ഇത്തവണ ഇടുക്കിയിലേക്ക് എത്തിയതായി ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!