ChuttuvattomIdukkiThodupuzha

ഇടുക്കി പനിക്കിടക്കയില്‍ ; വൈറലും ഡെങ്കിയും വിറപ്പിക്കുന്നു

തൊടുപുഴ : ഇടവിട്ടു പെയ്യുന്ന മഴ ഇടുക്കിജില്ലയെ പനിക്കിടക്കയിലാക്കുന്നു. ഇതോടെ ആശുപത്രികള്‍ പനിബാധിച്ചെത്തുന്നവരാല്‍ നിറയുകയാണ്. വൈറല്‍ പനിയാണ് വ്യാപകമായി പടരുന്നത്. പലയിടങ്ങളിലും ആശങ്കാജനകമായ വിധത്തില്‍ ഡെങ്കിപ്പനിയും പിടിപെടുന്നുണ്ട്. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കുന്നതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. വൈറല്‍പനി ബാധിച്ച് ഇന്നലെ 338 പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഈ ആഴ്ചയില്‍ മാത്രം 2005 പേരാണ് പനി ബാധിച്ച് ആശുപത്രികളിലെത്തിയത്. ഈ മാസം 3875 പേര്‍ക്ക് വൈറല്‍ പനി പിടിപെട്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. സ്വകാര്യ ക്ലിനിക്കുകള്‍, സ്വകാര്യ ആശുപത്രികള്‍, ഹോമിയോ, ആയുര്‍വേദം എന്നിവയില്‍ എത്തിയവരുടെ എണ്ണം കൂടി നോക്കിയാല്‍ പനിബാധിതരുടെ എണ്ണം പതിന്മടങ്ങായി ഉയരും. ഈ ആഴ്ചയില്‍ ജില്ലയില്‍ ഏഴു പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 79 പേരാണ് രോഗം സംശയിച്ച് ചികിത്സ തേടിയത്. ഈ മാസം ഇതിനോടകം 40 പേര്‍ക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഡെങ്കിപ്പനി സംശയത്തോടെ 388 പേര്‍ ഈ മാസം ആശുപത്രികളിലെത്തി. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവര്‍ ഇതിലേറെയാണ്. രണ്ടു പേര്‍ക്ക് ഈ ആഴ്ചയും ആറു പേര്‍ക്ക് ഈ മാസവും എലിപ്പനി സ്ഥിരീകരിച്ചു. ഇന്നലെ അഞ്ചു പേര്‍ക്ക് ചിക്കന്‍പോക്സ് സ്ഥിരീകരിച്ചു. ഈ ആഴ്ച 25 പേര്‍ ചിക്കന്‍പോക്സ് ബാധിച്ച് ചികിത്സ തേടി. ഇന്നലെ വയറിളക്കരോഗം ബാധിച്ച് 51 പേരാണ് ചികിത്സ തേടിയത്. ഈ ആഴ്ചയില്‍ മാത്രം 281 പേര്‍ക്കും ഈ മാസം 603 പേര്‍ക്കും വയറിളക്കം പിടിപെട്ടു.

കോളറ: ജാഗ്രത പാലിക്കണം

ജില്ലയില്‍ കോളറ പടരുന്നതു തടയാന്‍ ജാഗ്രത പുലര്‍ത്തണമെന്നു ജില്ലാ സര്‍വലയന്‍സ് ഓഫീസര്‍ അറിയിച്ചു. വിബ്രിയോ കോളറ എന്നയിനം ബാക്ടീരിയ വഴിയുണ്ടാകുന്ന ഒരിനം വയറിളക്കരോഗമാണ് കോളറ. മലിനമായ ജലം, ഭക്ഷണം എന്നിവ വഴിയാണ് കോളറ പടരുന്നത്. രോഗാണുക്കള്‍ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകള്‍ മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ രോഗം വരാം.

ലക്ഷണങ്ങള്‍

പെട്ടെന്നുള്ള കഠിനമായതും വയറുവേദനയില്ലാത്തതും കഞ്ഞിവെള്ളത്തിന്റെ രൂപത്തിലുള്ള വയറിളക്കവുമാണ് കോളറയുടെ പ്രധാന ലക്ഷണം. തുടര്‍ന്നു രോഗിക്ക് നിര്‍ജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയിലേക്ക് എത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗം പെട്ടെന്നു ഗുരുതരമാകും. വയറിളക്കം പിടിപെട്ടാല്‍ തുടക്കത്തില്‍ തന്നെ പാനീയ ചികിത്സയിലൂടെ ഗുരുതരമാകാതെ തടയാം. ഒആര്‍എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ ഉപയോഗിക്കാം.

പ്രതിരോധ മാര്‍ഗങ്ങള്‍

വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക, കുടിക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിനും ശുദ്ധജലം ഉപയോഗിക്കണം, തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ, തിളപ്പിച്ചാറിയ വെള്ളത്തില്‍ പച്ചവെള്ളം ചേര്‍ത്ത് ഉപയോഗിക്കരുത്, ആഹാരത്തിനു മുമ്പും ശേഷവും ടോയ്ലറ്റ് ഉപയോഗിച്ചതിനു ശേഷവും സോപ്പ് ഉയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം, ഭക്ഷണസാധനങ്ങള്‍ അടച്ച് സൂക്ഷിക്കണം.

Related Articles

Back to top button
error: Content is protected !!